ഡെലിവറി ബോയിമാരുടെ ഒാട്ടപ്പാച്ചിൽ; ഇനി 'കെ.കുട്ടിയമ്മ ഇഫക്ട്'

delivery-boy1
SHARE

ഒാണമോ, പെരുന്നാളോ, വിഷുവോ, ക്രിസ്മസോ ഒന്നുമില്ലാത്ത ഒരു കൂട്ടർ പ്രവാസ ലോകത്തുണ്ട്– നമ്മളെല്ലാം നിത്യവും കാണുന്നവർ തന്നെ. ഡെലിവറി ബോയ്സ്.ചുവപ്പും ഒാറഞ്ചും പച്ചയും മഞ്ഞയും നീലയും നിറങ്ങളിലുള്ള യൂണിഫോം ധരിച്ച്, അതേ നിറത്തിലുള്ള ഹെൽമറ്റും  കൈയുറയും ധരിച്ചു കത്തിയാളുന്ന സൂര്യനെ വെല്ലുവിളിച്ച് ഇരുചക്ര വാഹനങ്ങളിൽ ചീറിപ്പായുന്നവർ. അവർക്ക് വിശേഷദിവസങ്ങളിലെ സന്തോഷമില്ല എന്നു മാത്രമല്ല, കൃത്യമായി ഭക്ഷണം കഴിക്കാൻ പോലും സമയം ലഭിക്കുന്നില്ല.

എന്തിനാണ് ഇവർ ഇങ്ങനെ ജീവൻ പണയം വച്ചു ചീറിപ്പായുന്നത് എന്നു ചിന്തിക്കാത്തവർ ഉണ്ടായിരിക്കില്ല. സാഹചര്യങ്ങളുടെ സമ്മർദമാണ് അവരെ ഇങ്ങനെ പായിക്കുന്നതെന്ന് തിരിച്ചറിയുന്നവർ കുറവ് തന്നെ. 

അടുത്തിടെ രണ്ട് മാസത്തിനുള്ളിൽ ഡെലിവറി ബോയിമാരുടെ മൂന്ന് അപകടങ്ങൾ ഞാൻ നേരിട്ട് കണ്ടു. കഴിഞ്ഞ റമസാനിലായിരുന്നു ആദ്യത്തേത്. ഒരു സായാഹ്നത്തിൽ ദുബായ് അൽ തവാറിലെ പള്ളിക്കടുത്ത് വണ്ടി പാർക്ക് ചെയ്ത് ചെറുതായൊന്ന് മയങ്ങിപ്പോയി. പെട്ടെന്ന് എന്തോ പടപട ഒച്ച കേട്ടാണു പുറത്തിറങ്ങി നോക്കിയത്. പലരും റോഡരികിലേയ്ക്ക് ഒാടുന്നു. അവിടെ ഒരു ഡെലിവറി ബൈക്ക് റോഡിൽ മറിഞ്ഞുകിടക്കുന്നു. ഡെലിവറിക്കാരനായ ചെറുപ്പക്കാരൻ തലകുമ്പിട്ട് അരികിൽ ഇരിക്കുന്നു. ഒാട്ടത്തിനിടെ ചെറുതായി മയങ്ങിപ്പോയ അയാൾ റോഡരികിലെ ഡിവൈഡറിൽ തട്ടി വീണതാണത്രെ! ഇത്തിരി മാറിയാണ് അത് സംഭവിച്ചിരുന്നെങ്കിൽ, നോമ്പ് തുറക്കാനുള്ള ഒാട്ടപ്പാച്ചിൽ നടത്തുന്ന വാഹനങ്ങൾക്ക് മുൻപിലായിരുന്നേനെ അയാൾ വീഴേണ്ടിയിരുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ.... അതോർത്തപ്പോൾ കൂടിയിരുന്നവരുടെയെല്ലാം നെഞ്ചിലൂടെ ഒരു ഞെട്ടൽ ചീറിപ്പാഞ്ഞു.

ഇത്തിരി നേരം വിശ്രമിച്ചിട്ട് പോയാൽ മതിയെന്ന ഞങ്ങളുടെ നിർബന്ധം കാരണം അയാൾ പള്ളിയങ്കണത്തിലെ മരത്തിനരികിൽ ഇരുന്നു. ആളുകൾ പതുക്കെ യാത്ര പറഞ്ഞുപോയി. ഞാനും അയാളും മാത്രമായി.

ബംഗ്ലാദേശ് സ്വദേശിയായിരുന്നു അയാൾ. പ്രമുഖ ഡെലിവറി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിട്ട് മൂന്ന് മാസമേ ആയുള്ളൂ. ഒരു ഡെലിവറിക്ക് ഏഴര ദിർഹം കമ്മിഷന്‍ പ്രകാരമാണ് ജോലി. കൂടുതൽ ഡെലിവറി നടത്തിയാലേ കൂടുതൽ സമ്പാദിക്കാനാകൂ. എത്ര തുക കിട്ടുന്നുവോ, അതനനുസരിച്ചാണ് നാട്ടിലെ കുടുംബത്തിന്റെ സന്തോഷമാപിനി ഉയരുന്നത്.  ഉൗണുമുറക്കവുമുപേക്ഷിച്ച് ജോലി ചെയ്യുന്നു എന്ന് നമ്മൾ പറയുന്നത് അക്ഷരാർഥത്തിൽ യാഥാർഥ്യമാവുകയാണിവിടെ. ഖിസൈസിൽ ഒരു പരിപാടിയിൽ സംബന്ധിച്ച് തിരിച്ചുവരുമ്പോഴായിരുന്നു ഇതുപോലെ മറ്റൊരു അപകടം കണ്ടത്. ഇൗ യുവാവിനെയും അൽ തവാറിൽ തന്നെ നടന്ന മൂന്നാമത്തെ അപകടത്തിലെ യുവാവിനെയും വാഹനമിടിച്ചതാണ്. ഭാഗ്യത്തിന് വലിയ പരുക്കുകളില്ലാതെ രണ്ടുപേരും രക്ഷപ്പെട്ടു.

delivery-boy

യുഎഇയിലെ വിവിധ ഡെലിവറി കമ്പനികളിൽ ആയിരക്കണക്കിന് പേർ ജോലി ചെയ്യുന്നു. ഇവരിൽ പകുതി പേർ മാത്രമേ വീസാ പുതുക്കലിനെത്താറുള്ളൂ എന്ന് നേരത്തെ റിപോർട് വായിച്ചതോർക്കുന്നു. 2019ൽ 448 മരണം സംഭവിച്ചു.  2020ലെ കണക്ക് പുറത്തുവിട്ടിട്ടില്ലെങ്കിലും, 70 പേര്‍ അപകടത്തെത്തുടർന്ന് ആശുപത്രിയിലായെന്നും ഇതിൽ 24 പേർ മരിച്ചെന്നും അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം12 പേര്‍ മരിച്ചതായും കണക്കുകൾ പറയുന്നു.  ഡെലിവറി ബോയിമാരുടെ വളരെ അരക്ഷിതമായ ഒാട്ടവും അതുണ്ടാക്കുന്ന പ്രശ്നങ്ങളും അധികൃതർക്ക് അറിയാഞ്ഞിട്ടല്ല. ഡെലിവറി സമയത്ത് കാണിക്കേണ്ട സൂക്ഷ്മതയെക്കുറിച്ച് ഇടയ്ക്കിടെ അവർക്ക് ബോധവത്കരണ ക്ലാസുകളും നൽകാറുണ്ട്. പക്ഷേ, രണ്ടറ്റം ജീവിതം കൂട്ടിമുട്ടിക്കാനുള്ള മരണപ്പാച്ചിലിന് മുന്നിൽ എല്ലാ പാഠങ്ങളും അവർ മറന്നുപോകുന്നു.

ദുഃഖത്തിന്റെ ലഗ്ഗേജുകൾ ഇറക്കിവച്ചു; ഇനി കെ.കുട്ടിയമ്മ ഇഫക്‌ട്

കഴിഞ്ഞദിവസം ഒരു പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുത്തു. ലോകത്തെ ഏറ്റവും മനോഹരമായ ചടങ്ങ് പുസ്തകപ്രകാശനമാണെന്ന് പറയാറുണ്ടെങ്കിലും, ജീവിതത്തിൽ ഇത്രയും അർഥവത്തായ ഒരു പുസ്തകപ്രകാശനത്തിൽ സംബന്ധിച്ചിട്ടില്ല. വൃദ്ധസദനത്തിലെ അന്തേവാസിയായ ഒരു വയോധികയുടെ കവിതാ സമാഹാരമായിരുന്നു ദുബായിലെ ചന്ദ്രഗിരി ക്ലബ് സംഘടിപ്പിച്ച ചടങ്ങിൽ പ്രകാശനം ചെയ്തത്. കെ.കുട്ടിയമ്മ എന്ന കവയിത്രിയുടെ കവിതകൾ. പുസ്തകത്തിന്റെ പേര് 'ദുഃഖത്തിന്റെ ലഗേജ്'. തന്റെ അനാഥത്വത്തിന്റെ ദുഃഖങ്ങളെല്ലാം ഒരു പക്ഷേ, ആ അമ്മ ഇറക്കിവയ്ക്കുന്നത് കവിതകളിലൂടെയായിരിക്കാം.

sadiq-kavil

ജർമൻ സാഹിത്യകാരൻ ഗൊയ്ഥെയും ഒരു നോവലുണ്ട്– ദ് സോറോസ് ഒാഫ് യങ് വെർതർ(ഇവിടെ വായിക്കാം–https://www.gutenberg.org/files/2527/2527-h/2527-h.htm). ഇതു വായിച്ചു ലോകത്ത് പലയിടത്തും അക്കാലത്ത് ആളുകൾ പ്രണയനൈരാശ്യത്താൽ ആത്മഹത്യ ചെയ്തുവത്രെ. അതാണ് 'വെർതർ ഇഫക്ട്(Werther Effect)' എന്ന തിയറി. ഇതിന് നേരെ വിപരീതമായി, ജർമൻ സംഗീതജ്ഞൻ മൊസാർട്ടിന്റെ പ്രണയനൈരാശ്യത്തിൽ നിന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്ന കഥ പറയുന്ന നാടകം : ദ് മാജിക്  ഫ്ലൂട്ട്'  ആദ്യം ഒാപറയായി ആസ്വാദകരെ ഭ്രമിപ്പിച്ചു. പിന്നീട് ലോകപ്രശസ്ത സംവിധായകൻ ബർഗ് മാൻ ഇതേ പേരിൽ ചലച്ചിത്രവുമൊരുക്കി.  'പാപ്പാ ജീനോ ഇഫക്ട്(Papageno Effect)' എന്നുമറിയപ്പെട്ടു. ഇവിടെയിപ്പോഴിതാ, കോട്ടയം സ്വദേശിനിയായ കെ.കുട്ടിയമ്മ കവിതകളിലൂടെ തന്റെ ജീവിതം തിരിച്ചുപിടിച്ചിരിക്കുന്നു. ഇൗ കവിതകൾ പലരെയും ജീവിതത്തിന്റെ പ്രകാശം പരത്തുമെന്നതിൽ സംശയിക്കാനില്ല. അങ്ങനെ സംഭവിച്ചെങ്കിൽ അതിനെ ഭാവി തലമുറ 'കുട്ടിയമ്മ ഇഫക്ട്'(Kuttiyamma Effect) എന്ന് വിളിച്ചേക്കും.

വൃദ്ധസദനങ്ങളെക്കുറിച്ച് മലയാളികൾ ഭൂരിഭാഗവും ആദ്യമായി കേൾക്കുന്നത്,  ഇൗ പ്രവാസ ലോകത്ത് ജീവിച്ചിരുന്ന പ്രശസ്ത സാഹിത്യകാരൻ പരേതനായ ടി.വി.കൊച്ചുബാവ അതേ പേരിൽ നോവലെഴുതിയപ്പോഴാണ്. ഇങ്ങനെയും ഒരു താമസ കേന്ദ്രമോ എന്ന് അന്ന് പലരും അത്ഭുതംകൂറി. പിന്നീട്, വൃദ്ധസദനം വയോധികർക്ക് വീടിനേക്കാളും സുരക്ഷിത ഇടമായെന്നത് കാലത്തിന്റെ വികൃതി. കേരളത്തിലെന്നല്ല, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വൃദ്ധസദനങ്ങൾ കൂടിക്കൂടി വരികയാണ്. വയോധികരായ മാതാപിതാക്കളെ വലിച്ചെറിയാനുള്ള ഒരു കേന്ദ്രമായാണ് പല മക്കളും ഇതിനെ കാണുന്നത്. അതേസമയം, ഇൗ കേന്ദ്രത്തിലേയ്ക്ക് രക്ഷപ്പെട്ടോടി അഭയം പ്രാപിക്കുന്നവരുമുണ്ട്. ഗൾഫിലെ പ്രവാസികളിൽ പലരും റിട്ടയേർഡ് ലൈഫ് ജീവിച്ചുതീർക്കാൻ വൃദ്ധസദനം ബുക്ക് ചെയ്തുവയ്ക്കുന്ന സംഭവങ്ങളും പെരുകിവരുന്നു. 

ഇൗയൊരവസ്ഥയിലാണ് കുട്ടിയമ്മയുടെ ജീവിതം പ്രസക്തമാകുന്നത്. ഉറ്റവരാൽ തിരസ്കരിക്കപ്പെട്ട് ജീവിതം ഒടുക്കാനായി കോട്ടയത്ത് നിന്ന് തീവണ്ടി കയറി അന്നത്തെ മംഗലാപുരത്ത് എത്തിയ കുട്ടിയമ്മയെ കാസർകോട്ടുകാരിയായ ഒരു പെൺകുട്ടി കണ്ടുമുട്ടുകയും തന്റെ നാട്ടിലെ വൃദ്ധസദനത്തിലെത്തിക്കുകയുമായിരുന്നു. ഇവിടെ കുട്ടിയമ്മയോളം പ്രസക്തി ആ പെൺകുട്ടിക്കുമുണ്ട്. കുട്ടിയമ്മയ്ക്ക് വേണമെങ്കിൽ ആ പെൺകുട്ടിയെ ചെവികൊള്ളാതെ തന്റെ ലക്ഷ്യത്തിലേയ്ക്ക്, മരണമെന്ന അഗാധ ഗർത്തത്തിലേയ്ക്ക് ചെന്നുചാടാമായിരുന്നു. എന്നാൽ അവരത് ചെയ്തില്ല. ജീവിതമെന്ന വെളിച്ചം ആ പെൺകുട്ടിയിലൂടെ ഒരിക്കൽക്കൂടി തിരിച്ചറിഞ്ഞ അവർ വൃദ്ധസദനത്തിലെത്തുകയും വർഷങ്ങളായി അവിടെ അന്തേവാസിയായി തുടരുകയും ചെയ്യുന്നു. 

അക്ഷരങ്ങൾ സാന്ത്വനമാണ്. ജീവിതത്തെ ജീവിച്ചുതീർക്കാൻ അതെപ്പോഴും പ്രേരിപ്പിച്ചുകൊണ്ടിരിക്കും. കുട്ടിയമ്മ ആ അക്ഷരങ്ങളിൽ തന്റെ ബാക്കി ജീവിതം കണ്ടെടുത്തിരിക്കുന്നു. അക്ഷരലഹരിയിലാണ് അവരിന്ന് ജീവിക്കുന്നത്. അവർ കവിതയ്ക്ക് ജീവിതമെന്നും പ്രതീക്ഷയെന്നും സാന്ത്വനമെന്നുമൊക്കെ അർഥങ്ങളുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുന്നു. ദുഃഖത്തിന്റെ എല്ലാ ലഗേജുകളും അവർ ഇറക്കിവച്ച്, സന്തോഷത്തിന്റെ ഒരു ലൈറ്റ് ഹൗസായിത്തീർന്നിരിക്കുന്നു.  ആ നല്ല മനസിനോട് ചേർന്നുനിന്ന്, ആ അമ്മയുടെ സ്വപ്നം യാഥാർഥ്യമാക്കിയ ചന്ദ്രഗിരി ക്ലബിന്റെ മഹാമനസ്കതയെ അഭിനന്ദിക്കാതിരിക്കാനാവില്ല.

Ēthe-terminalpic

ഇൗ വിമാനത്താവളത്തിൽ നമ്മളും കുടുങ്ങിപ്പോകും

കുറച്ച് പഴയ ഹോളിവു‍ഡ് സിനിമയാണ്; 2004ൽ റിലീസായത്–ദ് ടെർമിനൽ. ശരിക്കും പറഞ്ഞാൽ നമ്മളും ഇൗ വിമാനത്താവളത്തിൽ  128 മിനിറ്റ്  കുടുങ്ങിപ്പോകും. പക്ഷേ, സമയം പോകുന്നതേയറിയില്ല. സോവിയറ്റ് രാജ്യത്തെ അനുസ്മരിപ്പിക്കുന്ന ക്രക്കോസിയ എന്ന സാങ്കല്പിക രാജ്യത്ത് നിന്ന് ന്യൂയോർക്ക് കാണാനെത്തിയ നോവോസ്കി എന്ന യുവാവിനോടൊപ്പം പ്രേക്ഷകനും ജോൺ എഫ്.കെന്നഡി( ജെഎഫ് കെ) രാജ്യാന്തര വിമാനത്താവളത്തിൽ രാപ്പകൽ കഴിച്ചുകൂട്ടുമ്പോൾ, അനുഭവിക്കുന്ന സുഖോഷ്മളമായ ഒരനുഭൂതി വിവരണാതീതം.

സ്റ്റീവൻ സ്പിൽബർഗിനെ സിനിമാ പ്രേമികളായ മലയാളികൾക്കൊക്കെ അറിയാം. അതെ, ജുറാസിക് പാർക് എന്ന വിസ്മയ ചിത്ര പരമ്പര സമ്മാനിച്ച സംവിധായകൻ തന്നെ. അദ്ദേഹമാണ് ദ് ടെർമിനലും ലോകത്തിന് സമ്മാനിച്ചത്. അമേരിക്കയിലെ ഏറ്റവും പ്രശസ്തരായ സംവിധായകരിലൊരാളായ സ്റ്റീവൻ സ്പിൽബർക്–ടോം ഹാങ്ക്സ് കൂട്ടുകെട്ടിൽ നിന്ന് മികച്ചൊരു ആക്ഷേപഹാസ്യ ചിത്രമാണ് ദ് ടെർമിനലിലൂടെ നമുക്ക് ലഭിച്ചത്.

കിഴക്കൻ യൂറോപ്പിൽ നിന്നെത്തിയ നോവോസ്കി(ടോം ഹാങ്ക്സ്) എന്ന യുവാവാണ് ദ് ടെർമിനലിലെ കേന്ദ്ര കഥാപാത്രം. ജെകെഎഫി എയർപോർട്ടിലെത്തിയ അയാൾക്ക് ന്യൂയോർക്കിലേയ്ക്കുള്ള പ്രവേശനം അധികൃതർ തടയുന്നു. എന്നാൽ, സൈനിക അട്ടിമറി കാരണം സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങിപ്പോകാനും സാധിക്കുന്നില്ല. അതോടെ ജെകെഎഫ് വിമാനത്താവളത്തിൽ താമസിക്കുകയാണ് നിഷ്കളങ്കനായ നോവോസ്കി. അയാളുടെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പാരിസ് ചാള്‍സ് ഡി ഗുവാല്ലെ എയർപോർട് ടെർമിനൽ ഒന്നിൽ 1988 മുതൽ 2006 വരെ ഇതുപോലെ കുടുങ്ങിയ മെഹ്റാൻ കരിമി നാസരി എന്ന പതിനെട്ടുകാരന്റെ യഥാർഥ ജീവിതാനുഭവത്തിൽ നിന്നാണ് സ്റ്റീവൻ സ്പിൽബെർഗ് ഇൗ ചിത്രം ഒരുക്കിയത്. 1988-ൽ മെഹ്‌റാൻ കരിമി നാസരി ബ്രസൽസിൽ നിന്ന് പാരീസ് വഴി ലണ്ടനിലേയ്ക്ക് പറക്കുകയായിരുന്നു. പക്ഷേ,  അഭയാർത്ഥി പാസ്‌പോർട്ട് നഷ്ടപ്പെട്ടതിനാൽ അദ്ദേഹത്തെ പാരീസിലേയ്ക്ക് തിരിച്ചയച്ചു. ഫ്രാൻസ് അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് 2006 വരെ പാരീസ് ചാൾസ് ഡി ഗല്ലിലെ ടെർമിനൽ ഒന്നിന്റെ ട്രാൻസിറ്റ് ഏരിയയിലാണ് മെഹ്‌റാൻ കരിമി നാസരി താമസിച്ചിരുന്നത്. 

അനുയോജ്യമായ വിമാനത്താവളങ്ങളുടെ അഭാവം മൂലം, ലോസ് എഞ്ചൽസ്/പാംഡേൽ റീജിയണൽ എയർപോർട്ടിലെ വലിയൊരു ഹാംഗറിനുള്ളിൽ സെറ്റിട്ടാണ് ദ് ടെർമിനൽ ചിത്രീകരിച്ചത്. ഭൂരിഭാഗം പുറം ചിത്രീകരണവും നടത്തിയത് പക്ഷേ മോൺട്രിയൽ മിറബെൽ രാജ്യാന്തര വിമാനത്താവളത്തിലും. ടോം ഹാങ്ക്സ് എന്ന നടന്റെ വിസ്മയിപ്പിക്കുന്ന നടനമാണ് ദ് ടെർമിനലിന്റെ വിജയകാരണങ്ങളിലൊന്ന്. നോവോസ്കി എന്ന ഇംഗ്ലീഷറിയാത്ത യുവാവിന്റെ ഭാവപ്രകടനങ്ങൾ, നര്‍മരംഗങ്ങൾക്കിടയിലും ഇത്തിരി സഹതാപത്തോടെയല്ലാതെ നമുക്ക് കണ്ടിരിക്കാനാവില്ല. കാണാത്തവരുണ്ടെങ്കിൽ, തീർച്ചയായും നെറ്റ് ഫ്ലിക്സിലുള്ള ഇൗ ഹിറ്റ് ചിത്രം കാണണം

 

വാൽശല്യം

മുഹൈസിന 4ലെ എന്റെ താമസ സ്ഥലത്തിനടുത്ത് അറബിക് മന്തി കുറഞ്ഞ പൈസക്ക് ലഭിക്കുന്ന ഒരു റസ്റ്ററൻ്റുണ്ടായിരുന്നു. ഭക്ഷണം അറബിക്കാണേലും ഉടമയും ഭൂരിപക്ഷം ഉപഭോക്താക്കളും മലയാളികളും ഫിലിപ്പീനികളും. 10 ദിർഹത്തിന് ഒരാൾക്ക് കഴിക്കാവുന്ന ചിക്കൻ മന്തി ലഭിക്കും എന്നത് തന്നെയായിരുന്നു കാരണം.

വൈകാതെ ആ കടയ്ക്ക് പൂട്ടുവീണു. പകരം അവിടെ തുറന്നത് ഒരു വൻകിട ഫാർമസി. (റസ്റ്ററൻ്റുകൾ പോലെ ചുറ്റുവട്ടത്ത് മൂന്ന് ഫാർമസികളുണ്ട്.). ഭക്ഷണം പോലെ മനുഷ്യർ മരുന്ന് കഴിക്കുന്ന കാലമാണല്ലോ ഇത്!.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA