റൊണാൾഡ് ഈറ്റൺ ആഷർ- ദ്രാവിഡ ഭാഷകളിൽ പ്രാവീണ്യം

ronald-e-asher
SHARE

'അദ്ദേഹം മലയാളത്തിന്റെ സ്ഥാനപതിയായിരുന്നു; ആരും നിയമിച്ചതല്ല,സ്വയം ഏറ്റെടുത്ത സ്ഥാനം! മലയാളം സ്വയം പഠിച്ച് മലയാള സാഹിത്യത്തിന്റെ പ്രശസ്‌തി വിവർത്തനങ്ങളിലൂടെ ലോകമെങ്ങും എത്തിച്ച ബഹുഭാഷാ പണ്ഡിതനായ ആഷർ. ഇന്ത്യയിലെ ദ്രാവിഡ ഭാഷയിലെ സാഹിത്യ കൃതികൾ പാശ്ചാത്യലോകത്തിന് അദ്ദേഹം പരിചയപ്പെടുത്തി.എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക മുതലായ എത്രയോ ആധികാരികഗ്രന്ഥങ്ങളിൽ മലയാളം, കേരളം മുതലായവയെപ്പറ്റിയെല്ലാം അദ്ദേഹം എഴുതി. പല അന്തര്‍ദേശീയ സമ്മേളനങ്ങളിലും നമ്മുടെ വ്യാകരണത്തെപ്പറ്റിയും നോവലുകളെപ്പറ്റിയും വ്യക്തമായി അദ്ദേഹം സംസാരിച്ചു. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഫെലോ, റോയൽ സൊസൈറ്റി ഓഫ് എഡിൻബറ ഫെലോ, കേരള സാഹിത്യ അക്കാദമി ഹോണററി അംഗം തുടങ്ങിയ ബഹുമതികൾ ആഷർ നേടിയിട്ടുണ്ട്. എഴുത്തുകാരനായ പി.ശ്രീകുമാറിനെ ആഷറുടെ മകനാണ് ഇ–മെയിലിലൂടെ വിയോഗം അറിയിച്ചത്.

1955 ൽ ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടിയ ആഷർ, തമിഴ് ഭാഷാഗവേഷണത്തിനു നാലുവര്‍ഷം ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.1965 മുതൽ 1993 വരെ എഡിന്‍ബറോ യൂണിവേഴ്‌സിറ്റി പ്രഫസർ ആയി പ്രവർത്തിച്ചു.1968 ൽ മിഷിഗൻ യൂണിവേഴ്‌സിറ്റി, 1995 ൽ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ മലയാളം വിസിറ്റിങ്ങ് പ്രഫസറായും സേവനമനുഷ്ടിച്ച റൊനാള്‍ഡ് ഇ. ആഷർ ജനിച്ചത് ഇംഗ്‌ളണ്ടിലെ നോട്ടിംഹാം ഷയറിലുള്ള ഗ്രിംഗ്ലി ഓണ്‍ ദി ഹിൽ എന്ന ഗ്രാമത്തിൽ 23 ജൂലൈ 1926 നാണ്.ഏണസ്റ്റ്, ഡോറിസ് എന്നിവരാണു മാതാപിതാക്കൾ.1950 ൽ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎ ബിരുദം നേടി.അതേ യൂണിവേഴ്സിറ്റിയിൽ നിന്ന് 16–ാം നൂറ്റാണ്ടിലെ ഫ്രഞ്ച് സാഹിത്യത്തെപ്പറ്റിയുള്ള പ്രബന്ധത്തിനു ഡോക്ടറേറ്റ് (1953). 

ഉടനെ ലണ്ടനിലെ സ്‌കൂൾ ഓഫ് ഓറിയന്റൽ ആന്‍ഡ് ആഫ്രിക്കൻ സ്റ്റഡീസിൽ ഭാഷാ ശാസ്ത്രവകുപ്പിൽ അധ്യാപകനായി ചേര്‍ന്നു.അവിടെവച്ചാണ് തമിഴ് പഠിക്കുന്നതും ദ്രാവിഡ ഭാഷാശാസ്ത്രത്തിൽ ഗവേഷണത്തിനുള്ള കൗതുകം ആരംഭിക്കുന്നതും.കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ബഷീർ ചെയർ ആരംഭിച്ചപ്പോൾ (1996) ആദ്യത്തെ പ്രഫസർ അദ്ദേഹമായിരുന്നു.ആ വകയിൽ കുറെമാസം അദ്ദേഹം കോട്ടയത്തുണ്ടായിരുന്നു. കേരളത്തിൽ ഏറെക്കാലം താമസിച്ചു മലയാള ഭാഷയെക്കുറിച്ചു ഗവേഷണപഠനങ്ങൾ നടത്തി.

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’, ‘ന്റുപ്പുപ്പാക്കൊരാനോണ്ടാർന്നു’, ‘പാത്തുമ്മയുടെ ആട്’ എന്നീ കൃതികളും,തകഴി ശിവശങ്കരപ്പിള്ളയുടെ ‘തോട്ടിയുടെ മകൻ’, മുട്ടത്തുവർക്കിയുടെ ‘ഇവിൾ സ്പിരിറ്റ്’, കെ.പി. രാമനുണ്ണിയുടെ ‘സൂഫി പറഞ്ഞ കഥ’ തുടങ്ങിയവ ആഷറാണ് ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്തത്.പെൻഗ്വിൻ സാഹിത്യസഹായി എന്ന റഫറൻസ് ഗ്രന്ഥത്തിൽ മലയാള സാഹിത്യകാരന്മാരെക്കുറിച്ച് ആഷർ ലേഖനങ്ങൾ എഴുതി.

തെക്കേ ഇന്ത്യയിൽ എത്തുമ്പോഴെല്ലാം തകഴിയുടെയും ബഷീറിന്റെയും വീട്ടിൽ ആഷർ സന്ദർശനം നടത്തിയിരുന്നു. ബഷീറിന്റെ മരണശേഷവും ബഷീറിന്റെ ഭാര്യയെയും കുട്ടികളെയും പേരക്കുട്ടികളെയും കാണാനെത്താറുണ്ടായിരുന്നു.കേരളത്തിലേക്ക് വരുമ്പോഴെല്ലാം എംടി യെയും ഡോ. എം.എന്‍.കാരശ്ശേരി എന്നിവരെയും മറക്കാതെ സന്ദർശിക്കാറുണ്ടായിരുന്നു. വിവർത്തകൻ നാരായണൻ ഗോപാലകൃഷ്ണനൊടൊപ്പം ആയിരുന്നു കേരളത്തിലെ യാത്രകൾ.

1983 മുതൽ 1990 വരെ ഇന്റർനാഷനൽ അസോസിയേഷൻ ഓഫ് തമിഴ് റിസർച്ച് പ്രസിഡന്റായും ആഷർ പ്രവർത്തിച്ചു. ഭാഷാശാസ്ത്ര വിദ്യാർഥിയെന്ന നിലയിൽ ഇന്ത്യയിലെത്തിയ ആഷർ ദക്ഷിണേന്ത്യയിലെ ദ്രാവിഡ ഭാഷകളിലാണ് ഏറെ ആകൃഷ്ടനായത്. ദ്രാവിഡ ഭാഷകളിൽ ഏറെ പഴക്കമുള്ള തമിഴാണ് ആദ്യം അദ്ദേഹം പഠിച്ചത്. തമിഴിന്റെ അതിർവരമ്പുകളിലൂടെ മലയാളത്തിലും എത്തി. മലയാളപഠനത്തിന്റെ ഭാഗമായാണ് ബഷീറിന്റെ നോവൽ ആദ്യമായി വിവർത്തനം ചെയ്തത്

വിവർത്തനമെന്ന പ്രക്രിയയെ എത്രമാത്രം ഗൗരവബുദ്ധിയോടെയാണ് ആഷർ സമീപിച്ചതെന്ന് ‘ന്റുപ്പാപ്പാക്കൊരാനോണ്ടാർന്നു’ എന്ന ബഷീർ കൃതിയുടെ വിവർത്തനത്തിൽ വ്യക്തമാണ്. തനിനാടൻ ഭാഷാപ്രയോഗത്തിലെ ചില ബഷീർ പ്രത്യേകതകൾ മറികടന്നത് ഇംഗ്ലിഷിൽ പുതിയ വാക്കുകളുടെ രൂപീകരണങ്ങൾ താൻ  പരീക്ഷിച്ചിരുന്നു എന്ന് ആഷർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.‘കുഴിയാന’ എന്ന വാക്കിനു തുല്യമായി ‘ആന്റ് ലയൺ’ എന്നതാണെങ്കിലും സന്ദർഭോചിതമായി എലിഫന്റ് ആന്റ് എന്ന ഒരു പുതിയ വാക്ക് അദ്ദേഹം പരീക്ഷിച്ചതും ഇതിന് ഉദാഹരണമാണ്. പരീക്ഷണങ്ങളുടെ ‘സ്വാദ്’  വിവർത്തനത്തിലൂടെ ഇംഗ്ലിഷ് വായനക്കാർക്കും പകരുന്നതിനാണ് അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നത്.‘തർജമ സ്ത്രീയെപ്പോലെയാണ്. അവൾ സുന്ദരിയെങ്കിൽ വിശ്വസ്തയല്ല; വിശ്വസ്തയെങ്കിൽ സുന്ദരിയുമല്ല’ എന്ന ചൊല്ലിന് ചുവടുപിടിച്ച് പ്രഫ.ആഷറുടെ തർജമയിലൂടെ മലയാ‍ളഭാഷ സുന്ദരിയും വിശ്വസ്തമായിത്തീർന്നിരുന്നു എന്ന് ഭാഷാ പണ്ഡിതനായ എൻ.വി.കൃഷ്ണവാരിയർ ഒരിക്കൽ വിശദീകരിച്ചു.

കേരളത്തിന്റെ ഭൂപ്രകൃതിയോടും ഭക്ഷണസമ്പ്രദായങ്ങളോടും കമ്പം പുലര്‍ത്തിയിരുന്ന ആ ഭാഷാശാസ്ത്രജ്ഞന് മലയാളികളായ ധാരാളം സുഹൃത്തുക്കളുണ്ട്. അവരോടൊക്കെ ഊഷ്മളമായ ബന്ധം നിലനിര്‍ത്തിയിരുന്ന ആഷർ കേരളീയ സമൂഹത്തിന്റെ പ്രത്യേകതകളെക്കുറിച്ച് ദീര്‍ഘമായി സംസാരിക്കുന്നതിന്റെ ഭാഗമായി ഒരിക്കൽ ഇങ്ങനെ ഒരു ചോദ്യം അഭിമുഖീകരിക്കയുണ്ടായി. ''മലയാളികളുടെ ഒരേയൊരു പ്രത്യേകത ചോദിച്ചാൽ താങ്കൾ  എന്ത് പറയും?'' 'തര്‍ക്കം'',അതിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു,''മലയാളികൾ അത്യാവശ്യത്തിനും ആവശ്യത്തിനും അനാവശ്യത്തിനും തര്‍ക്കിക്കും.ആണും പെണ്ണും,പ്രായമുള്ളവരും ചെറുപ്പക്കാരും എല്ലാവരുംതന്നെ!

ബഹുഭാഷാ പണ്ഡിതനുമായിരുന്ന ആഷറിന്റെ സംഭാവനകൾ ജില്ലക്കും എം ജി യൂണിവേഴ്സിറ്റിക്കും വിലപ്പെട്ടതാണ്.സ്കൂൾ ഓഫ് ലെറ്റേഴ്സിലെ ടൈപ്പ് റൈറ്ററിലൂടെയാണ് ആഷർ വൈസ് ചാൻസിലർ ചെയറിന്റെ  രൂപരേഖ തയ്യാറാക്കിയത്. കോട്ടയത്ത് ഡോക്ടേഴ്സ് ഗാർഡനിലെ വീട്ടിലായിരുന്നു താമസം.  അധ്യാപകരുമായി മികച്ച ബന്ധം സ്ഥാപിച്ചാണ് അദ്ദേഹം മടങ്ങിയത്. എന്നാൽ  എല്ലാവരുമായി കത്തുകളിലൂടെയും ഇമെയിലിലൂടെയും ആ ബന്ധങ്ങൾ അദ്ദേഹം എന്നും നിലനിർത്തിയിരുന്നു. മലയാളത്തിനും ദ്രാവിഡഭാഷകൾക്കും  റൊണാൾഡ് ഇ ആഷർ നൽകിയ സംഭാവനകൾക്ക് നന്ദിയും ആ‍ദരാഞ്ജലിയും അർപ്പിച്ചുകൊണ്ട്........

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS
FROM ONMANORAMA