മനസ്സർപ്പിച്ച് വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ആറ്റുകാലമ്മ തന്റെ ഭക്തരെ സഹായിക്കുന്നു എന്നത് അനേകായിരങ്ങളുടെ അനുഭവമാണ്.തിരുവനന്തപുരം നഗരത്തിലെ അതിപ്രശസ്തമായ ഒരു ക്ഷേത്രമാണ് ആറ്റുകാൽ ശ്രീഭഗവതി ക്ഷേത്രം.
നഗരത്തിൽ കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമസ്ഥലത്ത് നിലകൊള്ളുന്നു. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ആറ്റുകാലമ്മ "അന്നപൂർണേശ്വരി" ഭാവങ്ങളിലും ഈ ശക്തിയെ സങ്കൽപിക്കാറുണ്ട്.ചിരപുരാതനമായ ഈ ക്ഷേത്രം "സ്ത്രീകളുടെ ശബരിമല" എന്നാണ് അറിയപ്പെടുന്നത്.കോവിഡ് കാലങ്ങൾക്ക് ശേഷം ധാരാളം സ്ത്രീകളുടെ ഉന്മേഷവും അത്യുത്സാഹവും ഇത്തവണ നേരിട്ടു കാണാനുള്ള അവസരം ആറ്റുകാലമ്മ തന്നു.
രാവിലെ അടുപ്പുവെട്ട് ചടങ്ങ് നടത്തി, ഇതിനു മുന്നോടിയായി പുണ്യാഹം തളിക്കും.ക്ഷേത്രതന്ത്രി ശ്രീകോവിലിൽ നിന്നു ദീപം പകർന്ന് മേൽശാന്തി അവിടെനിന്ന് സഹശാന്തിമാർക്ക് കൈമാറുന്നു.ചെറിയതിടപ്പള്ളിയിൽ സജ്ജമാക്കിയിട്ടുള്ള അടുപ്പ് ജ്വലിപ്പിക്കുന്നത് സഹമേൽശാന്തി തന്നെയാണ്,ഇവിടെനിന്നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. പ്രാർഥനപൂർവ്വം കാത്തിരിക്കുന്ന ഭക്തജനസഞ്ചയനത്തിന്റെ വായ്ക്കുരവകളുടെ അകമ്പടിയോടെ ഭക്തർ തങ്ങളുടെ അടുപ്പുകളിലേക്ക് തീ പകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകുന്നു.ഉച്ചക്ക് രണ്ടരക്കുള്ള ഉച്ചപൂജക്കു ശേഷമാണ് പൊങ്കാല നിവേദ്യം നടക്കാറുള്ളത്. കേരളത്തിലെ ആദ്യത്തെ ഉത്സവം ആയിട്ടാണ് ആറ്റുകാൽ പൊങ്കാല കണക്കാക്കപ്പെടുന്നത്.കുംഭമാസത്തിൽ കാർത്തിക നാളിൽ ആരംഭിച്ച് പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളിൽ പ്രധാനം പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്.അന്നേ ദിവസം ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും.അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി.പൊങ്കാല ഇട്ടാൽ ആപത്തുകൾ ഒഴിഞ്ഞു ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും ഒടുവിൽ മോക്ഷം ലഭിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.
ആറ്റുകാൽ പ്രദേശത്തെ മുഖ്യ തറവാടായിരുന്നു മുല്ലവീട്ടിൽ തറവാട്. അവിടെത്തെ പരമസാത്വികനായിരുന്ന കാരണവർ ഒരു ദിവസം കിള്ളിയാറ്റിൽ കുളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ബാലിക വന്ന് ആറിനക്കരെ ഒന്ന് എത്തിക്കാമോയെന്നു ചോദിച്ചു.നല്ല ഒഴുക്കുണ്ടെങ്കിലും തന്റെ മുതുകിൽ കയറ്റി ബാലികയെ മറുകരയിൽ കൊണ്ടെത്തിച്ചു. തന്റെ വീട്ടിൽ കൊണ്ടുപോയി ഭക്ഷണം കൊടുത്ത് ബാലികയെ വീട്ടിൽ താമസിപ്പിക്കാമെന്ന് വിചാരിച്ചെങ്കിലും ബാലിക അപ്രത്യക്ഷയായി. അന്ന് രാത്രിയിൽ കാരണവർ കണ്ട സ്വപ്‌നത്തിൽ ആദിപരാശക്തിയായ പ്രപഞ്ചനാഥ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ അരുളി: "നിന്റെ മുന്നിൽ ബാലികാ രൂപത്തിൽ ഞാൻ വന്നപ്പോൾ നീ അറിഞ്ഞില്ല.ഞാൻ അടയാളപ്പെടുത്തുന്ന സ്‌ഥലത്ത് ക്ഷേത്രം പണിത് എന്നെ കുടിയിരുത്തണം. അങ്ങനെയെങ്കിൽ ഈ സ്‌ഥലത്തിന് മേൽക്കുമേൽ അഭിവൃദ്ധിയുണ്ടാകും." പിറ്റേദിവസം രാവിലെ കാവിലെത്തിയ കാരണവർ ശൂലത്താൽ അടയാളപ്പെടുത്തിയ മൂന്നു രേഖകൾ കണ്ടു. പിറ്റേന്ന് അവിടെ കോവിലുണ്ടാക്കി ദേവിയെ കുടിയിരുത്തി. കൊടുങ്ങല്ലൂരിൽവാഴുന്ന സർവേശ്വരിയായ ശ്രീഭദ്രകാളി ആയിരുന്നു ആ ബാലികയെന്നാണ് വിശ്വാസം.സൂര്യന് അഭിമുഖമായി നിന്ന് സൂര്യതാപം ഏറ്റുകൊണ്ട് വായു മാത്രം ഭക്ഷിച്ച് ഒറ്റക്കാലിൽ പഞ്ചാഗ്നി മധ്യത്തിൽ തപസ് അനുഷ്‌ഠിച്ച ശ്രീപാർവതി തന്റെ അഭീഷ്‌ടസിദ്ധി കൈവരിക്കുന്നതു വരെ ആ നിലയിൽ തുടർന്നുവെന്നാണ് പുരാണങ്ങൾ പറയുന്നത്.
കണ്ണകിയുടെ വിജയം ആഘോഷിക്കുന്നതിന് സ്‌ത്രീകൾ നിവേദ്യം അർപ്പിക്കുന്നുവെന്നതും ഒരു സങ്കല്‌പമാണ്. അന്നപൂർണേശ്വരിയായ ആറ്റുകാലമ്മയുടെ തിരുമുമ്പിൽ വ്രതശുദ്ധിയോടെ തപസ്സനുഷ്‌ഠിച്ച് ആഗ്രഹസാഫല്യം കൈവരിക്കാൻ വേണ്ടിയാണ് സ്‌ത്രീകൾ പൊങ്കാലയിടുന്നതെന്നാണ് മറ്റൊരു സങ്കല്‌പം. പൊങ്കാല ദിവസം തന്നെ നടത്തപ്പെടുന്ന മറ്റ് വഴിപാടുകളിൽ ഒന്നാണ് താലപ്പൊലി. ഇത് കന്യകമാരാണ് നടത്തുന്നത്. വ്രതശുദ്ധിയോടുകൂടി കുളിച്ച് പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് മാതാപിതാക്കളോടും മറ്റ് ബന്ധുക്കളോടും കൂടി ദേവിയുടെ എഴുന്നള്ളത്തിന്റ കൂടെ ക്ഷേത്രത്തിൽ നിന്നും 1.5 കി.മീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്ന മണക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. സർവൈശ്വര്യത്തിനായും രോഗബാധ അകറ്റാനും, സമ്പത്തും സൗന്ദര്യവും വർദ്ധിക്കാനും, ഭാവിയിൽ നല്ലൊരു വിവാഹജീവിതത്തിനായുമാണ് പെൺകുട്ടികൾ പ്രധാനമായും താലപ്പൊലി എടുക്കുന്നത്. ഒരു താലത്തിൽ ദീപം കത്തിച്ച്, ചുറ്റും കമുകിൻപൂക്കുല, പൂക്കൾ, അരി എന്നിവ നിറച്ച് തലയിൽ പൂക്കൾ കൊണ്ട് കിരീടവും അണിഞ്ഞാണ് താലപ്പൊലി എടുക്കുന്നത്.
വിറകുകെട്ടുകളും,ഇഷ്ടികയും മറ്റും ദിവസങ്ങൾക്കുമുന്നെ, തങ്ങൾക്ക് അനുവദിച്ച സ്ഥാനത്ത് എത്തിച്ച് സ്ത്രീകൾ തയ്യാറെടുപ്പുകൾ നടത്തുന്നു.നിരത്തിൽ ആഴ്ചക്ക് മുന്നെ മൺകലങ്ങളും വിറകുകെട്ടുകളും, ഇഷ്ടികയും പൊങ്കാലക്കുള്ള സാധനങ്ങൾ വരെ വിൽപ്പനക്കായി നിരത്തിൽ എത്തിയിരുന്നു. പൊങ്കാലക്ക് ഉപയോഗിക്കുന്ന ഇഷ്ടികകൾ അന്നു രാത്രിതന്നെ ആർക്കിടെക്റ്റ് ഗ്രൂപ്പുകൾ വന്ന് ശേഖരിച്ച് പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ചു കൊടുക്കുന്നതിനായി ശേഖരിക്കാറുണ്ട്. നിരത്തുകൾ അന്ന് രാത്രിതന്നെ ഇലകളും അടുപ്പുകളും, ചാരവും വാരി വൃത്തിയാക്കുകയും ചെയ്യാറുണ്ട്. ജാതിമത ഭേദമന്യേ പള്ളികളുടെയും മോസ്കുകളുടെയും മുന്നിലും മതിലുകൾക്കകത്തും പൊങ്കാലക്കുള്ള അടുപ്പുകളും മറ്റും തയ്യാറാക്കാൻ അനുവാദം നൽകുന്നു. പൊങ്കാല ഇടുന്ന സ്ത്രീകൾക്കും ആഹാരവും വെള്ളവും എത്തിക്കാനുള്ള സംവിധാനങ്ങളും ഉണ്ട്.
ഇഷ്ടവരപ്രദായനിയുടെ അനുഗ്രഹതീർത്ഥം ഏറ്റുവാങ്ങാനായി ദിവസങ്ങൾക്കു മുൻപേ എത്തി അടുപ്പുകൂട്ടി കാത്തിരുന്നവർക്കിടയിലേക്ക് ദൂരദേശത്തുനിന്നും ജാതിഭേദമന്യേ ആറ്റുകാൽദേവി പൂജക്കായി എത്തുന്നവർ ധാരാളമാണ്.സങ്കടങ്ങൾ ഒഴിഞ്ഞ മനസ്സുമായി, അടുത്തവർഷം വീണ്ടും ആറ്റുകാൽ സന്നിധിയിൽ എത്താൻ ആയുരാരോഗ്യം നൽകണെ എന്ന പ്രാർഥനയോടെ എല്ലാവരും മടങ്ങാറ്.
അടിക്കുറിപ്പ് - ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല എന്ന് വാക്കിനർത്ഥം തിളച്ചു മറിയുക എന്നാണ്. കാപ്പുകെട്ട്,കുടിയിരുത്ത് ചടങ്ങോടെയാണ് ഉത്സവം ആരംഭിക്കുന്നത്.സ്ത്രീകളുടെ ഏറ്റവും വലിയ പങ്കാളിത്തം കാരണം, ഉത്സവം ഗിന്നസ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധമായ ഈ ക്ഷേത്രോത്സവത്തിലെ പ്രധാന ചടങ്ങാണ് പൊങ്കാല വഴിപാട്. അരി,ശർക്കര,തേങ്ങ,പടവലം,പരിപ്പ്, ഉണക്കമുന്തിരി എന്നിവ ഉപയോഗിച്ച് മൺകലത്തിൽ പാകം ചെയ്യുന്ന ഒരു പുട്ടാണ് പൊങ്കാല നിവേദ്യം. പത്താം ദിവസം മകം രാത്രി കുരുതി തർപ്പണത്തോടെ ആറ്റുകാൽ പൊങ്കാല മഹോത്സവം സമാപിക്കും.കണ്ണകിയുടെ അവതാരമാണ് ആറ്റുകാൽ അമ്മ എന്നാണ് വിശ്വാസം.ആറ്റുകാൽ ദേവി തങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റി ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് ഭക്തരുടെ വിശ്വാസം. തമിഴ്നാട്ടിൽ ഇത് ’’തൈപ്പൊങ്കൽ’’ ആയി ആഘോഷിക്കുന്നു.