പെൺകെണിയുടെ സ്വർണപ്രഭ; കേരളത്തിൽ കോവിഡ് ശങ്ക പിന്നാമ്പുറത്തേക്ക്

swapna-team-03
SHARE

കോവിഡ് വ്യാപന ഭീതിയിൽ നടുങ്ങിനിൽക്കുകയാണ് കേരളത്തിന്റെ തലസ്ഥാന നഗരം. ട്രിപ്പിൾ ലോക്ഡൗൺ കർശനമായി നടപ്പാക്കാൻ പൂന്തുറയിൽ പൊലീസ് കമാൻഡോകളെ വിന്യസിച്ചിരിക്കുന്നു. ഇതിനിടയിലും അടുത്തവർഷം നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ യുദ്ധത്തിലാണ് സംസ്ഥാനത്തെ ഭരണ, പ്രതിപക്ഷ പാർട്ടികൾ. 

ചരിത്രം ആവർത്തിക്കുകയാണിവിടെ. നാലു വർഷം മുൻപ് സമാന സാഹചര്യത്തിൽ ഏറെക്കുറെ ഇതേ രംഗങ്ങൾക്കു കേരളം സാക്ഷ്യം വഹിച്ചു. അന്നും രാഷ്ട്രീയ– ഉദ്യോഗസ്ഥ രംഗത്തെ പ്രമുഖരെ വലയിലാക്കിയ വിലാസവതിയായ വനിതയായിരുന്നു എല്ലാത്തിന്റെയും കേന്ദ്രബിന്ദു. സൗരോർജമായായിരുന്നു അന്നത്തെ വിവാദ വിഷയമെങ്കിൽ, ഇത്തവണ സ്വർണക്കടത്താണ്. 15 കോടി രൂപ വിലവരുന്ന 30 കിലോ ഗ്രാം കണ്ണ‍ഞ്ചിക്കുന്ന സ്വർണം! 

ഇരുസംഭവങ്ങളിലും സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫിസ് പ്രധാന അരങ്ങായി മാറി. അവരുമായി അടുത്ത ബന്ധമുള്ളവർ മുഖ്യകഥാപാത്രങ്ങളും. കള്ളക്കടത്തു സ്വർണവും സെക്സും വിദേശ ബന്ധവും ചേർന്ന അതീവ സ്ഫോടനശേഷിയുള്ള മിശ്രിതം മണിക്കൂറുകൾക്കകം, കോവിഡ് 19 സൃഷ്ടിച്ച ആശങ്കയെയും അരക്ഷിതബോധത്തെയും കേരളീയ സമൂഹത്തിന്റെ ഉപബോധമനസ്സിലേക്കു തള്ളി. 

Covid-19-Corona-Virus-Lockdown
അടച്ചുറപ്പിന്... തിരുവനന്തപുരത്ത് കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം വർധിച്ചതോടെ തിരുവല്ലം പാലത്തിനു സമീപം ഇടയാറിലേക്കു പോകുന്ന റോഡ് പഴയ വീട്ടുസാധനങ്ങളും ജനലും കതകും ഉപയോഗിച്ച് പൊലീസ് തടസ്സപ്പെടുത്തിയപ്പോൾ. തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് തിരുവനന്തപുരം കോർപറേഷനിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

സംസ്ഥാനത്തെ പ്രമുഖ ടിവി ചാനൽ ഭരണമുന്നണി അധികാരം നിലനിൽത്തുമെന്നു സർവേ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്കകം, ജൂലൈ അഞ്ചിനാണ് സംഭവങ്ങളുടെ തുടക്കം. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് ജനറലിന്റെ അറ്റാഷെയുടെ പേരിൽ വന്ന ബാഗേജിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ മേൽവിലാസക്കാരനോട് അത് ഏറ്റുവാങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ, കോൺസുലേറ്റിലെ ഒരു മുൻ ജീവനക്കാരനാണ് കസ്റ്റംസിനു മുന്നിലെത്തിയത്. ഇയാൾ ഹാജരാക്കിയ തിരിച്ചറിയൽ രേഖ വ്യാജമായിരുന്നു. 

മുൻപ് പലതവണ ഇത്തരം പാഴ്സലുകൾ ഏറ്റുവാങ്ങിയിട്ടുള്ള ഇയാൾ ‘നയതന്ത്ര ബാഗേജ്’ പരിശോധന കൂടാതെ വിട്ടുനൽകണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. മേൽവിലാസക്കാരന്റെ സാന്നിധ്യത്തിൽ തുറന്നു പരിശോധിക്കാതെ ബാഗേജ് വിട്ടുനൽകാനാവില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് അറ്റാഷെ പാഞ്ഞെത്തി. ഇദ്ദേഹത്തിന്റെ മുന്നിൽ വച്ച് ബാഗ് തുറന്നപ്പോൾ കണ്ടത്രേഖകളിൽ വ്യക്തമാക്കിയിരുന്നതു പോലെ ഈന്തപ്പഴവും ചീസും ആയിരുന്നില്ല. 30 കിലോ ഗ്രാം സ്വർണമായിരുന്നു അതിലുണ്ടായിരുന്നത്. ഇതോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം പിടിച്ചെടുക്കുകയും മുൻ ജീവനക്കാരൻ സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അറ്റാഷെയെ പോകാൻ അനുവദിച്ചു. 

പിടിയിലായ സരിത്തിനു പക്ഷേ, വാർത്തകളിൽ അൽപായുസ്സായിരുന്നു. അയാളുടെ കൂട്ടാളിയുടെ പേര് പുറത്തുവന്നതോടെ മുഖ്യകഥാപാത്രം അവരായി മാറി. കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിൽ നഗരത്തിലെ രാഷ്ട്രീയ, സാമൂഹിക, ഉദ്യോഗസ്ഥ മണ്ഡലങ്ങളിൽ സുപരിചിതയായിരുന്ന സ്വപ്ന സുരേഷായിരുന്നു ആ കഥാപാത്രം. നീല നമ്പർ പ്ലേറ്റുള്ള കാറിൽ പോകാറുള്ള സ്വപ്ന കോൺസുലേറ്റ് മേൽവിലാസം ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമിടയിൽ വിപുലമായ സൗഹൃദം സ്ഥിപിച്ചിരുന്നു. പിന്നീട് ആ ഉദ്യോഗത്തിൽ നിന്ന് പിരിച്ചുവിട്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിൽ അവർ പുതിയ ലാവണം കണ്ടെത്തി. അതിനകം സ്ഥാപിച്ചെടുത്ത ഉന്നതഉദ്യോഗസ്ഥ ബന്ധമാണ് പത്താം ക്ലാസ് പോലും ജയിക്കാത്ത അവരെ പുതിയ ജോലി നേടാൻ സഹായിച്ചത്. സംസ്ഥാന മുഖ്യമന്ത്രിയുടെ വലംകയ്യായ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥനും സ്വപ്നയുമായുള്ള ബന്ധം പുറത്തുവന്നതോടെ സംസ്ഥാനം ഇളകിമറിഞ്ഞു. 

Swapna-Conference

ആരോപണ പ്രത്യോരോപണങ്ങളും പ്രതിഷേധങ്ങളും കനത്തതോടെ മുഖ്യമന്ത്രിയുടെ പ്രതിദിന മാധ്യമസമ്മേളനം കോവിഡ് പ്രതിസന്ധി വിട്ട് ഇതിനുള്ള മറുപടിയായി മാറി. സ്വപ്നയുടെ ഫ്ലാറ്റിൽ അതിഥിയായി എത്താറുള്ള പ്രിൻസിപ്പൽ സെക്രട്ടറിയെമുഖ്യമന്ത്രി കയ്യോടെ പുറത്താക്കി. എന്നാൽ പ്രതിപക്ഷം അടങ്ങിയില്ല. കോൺഗ്രസ് മുഖ്യമന്ത്രിക്കെതിരെ മുമ്പ് ഇടതുപാർട്ടികൾ ചെയ്തതിനു പകരം എന്ന മട്ടിൽ അവർ ആഞ്ഞടിച്ചു. 

നയതന്ത്രജ്ഞരും നയതന്ത്ര പരിരക്ഷയും അതുമായി ബന്ധപ്പെട്ട പദാവലികളും കേരളത്തിലെ മാധ്യമ മേഖലയ്ക്ക് അത്ര പരിചിതമല്ല. അതുകൊണ്ടു തന്നെ, ആവേശപൂർവംകളത്തിലിറങ്ങി പ്രവർത്തിക്കുമ്പോഴും ആശയക്കുഴപ്പവും അവ്യക്തതയും പ്രകടമായിരുന്നു. സ്വർണം കടത്തിയ ‘ഡിപ്ലോമാറ്റിക് ബാഗേജി’നെക്കുറിച്ചാണ് അവർ ഏറെ ചർച്ച ചെയ്തത്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിനു ജനങ്ങൾക്കിടയിൽ മികച്ച പ്രതിഛായയാണുള്ളത്. സമീപകാലത്തു പ്രവർത്തനം തുടങ്ങിയ സ്ഥാപനത്തെയും അവിടത്തെ ഉദ്യോഗസ്ഥരെയും സമൂഹം ആദരപൂർവം കാണുന്നു. കോൺസുലേറ്റിലെ ജോലി അവരിൽ മിക്കവരുടെയും സ്വപ്നമാണ്. തൊഴിൽപരമായ സമ്മർദം ഒഴിവാക്കാൻ വേണ്ടിയാവാം കോൺസുലേറ്റ് ഉദ്യോഗസ്ഥർ സമൂഹത്തിൽ അധികം ഇടപെടാറില്ല. 

സ്വർണക്കടത്തിൽ കോൺസുലേറ്റിനോ നയതന്ത്ര ഉദ്യോഗസ്ഥർക്കോ പങ്കില്ലെന്ന് ന്യൂഡൽഹിയിലെ യുഎഇ എംബസി വ്യക്തമാക്കി. നയതന്ത്ര മാർഗങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെ അവർ അപലപിക്കുകയും ചെയ്തു. പ്രാദേശികമായി ജോലിക്കെടുത്തയാളാണ് സംഭവത്തിന് ഉത്തരവാദിയെന്ന് പ്രാഥമാകാന്വേഷണത്തിൽ വ്യക്തമായതായും അവർ പ്രസ്താവനയിൽ വിശദീകരിച്ചു. അന്വേഷണവുമായി സഹകരിക്കാനുള്ള സന്നദ്ധത ആവർത്തിച്ചു. 

സ്വർണം കടത്തിയ ബാഗേജിന് (പാഴ്സൽ) വിയന്ന ഉടമ്പടി പ്രകാരമുള്ള അംഗീകാരം (authorisation) ഉണ്ടായിരുന്നോ എന്നതാണ് ഇക്കാര്യത്തിൽ നിർണായക ചോദ്യം. 

sivasankar-swapna-suresh

നയതന്ത്രഉദ്യോഗസ്ഥന് മാതൃരാജ്യവുമായി സ്വതന്ത്രമായി ആശയവിനിമയം നടത്താനുള്ളഅവസരം ഉറപ്പുവരുത്തുന്നതിനാണ് ഇത്തരം ബാഗേജുകൾ പരിശോധിക്കരുതെന്ന് വിയന്ന ഉടമ്പടിയിൽ വ്യവസ്ഥ ചെയ്തത്. ഇത്തരം ബാഗേജുകളും കുറിയറുകളും ആതിഥേയ രാഷ്ട്രം തടഞ്ഞവയ്ക്കരുതെന്നും വ്യവസ്ഥയുണ്ട്. എന്നാൽ അയയ്ക്കുന്നവർ അതിലെ ഉള്ളടക്കം എന്താണെന്നു സൂചിപ്പിക്കണം. ഔദ്യോഗിക രേഖകളും ഓഫിസ് ആവശ്യങ്ങൾക്കുള്ള സാധനസാമഗ്രികളും മാത്രമേ ഇത്തരം ബാഗേജുകളിൽ അയയ്ക്കാവൂ എന്നും വ്യവസ്ഥയുണ്ട്. ഈ നിബന്ധനകൾ ലംഘിച്ചാൽ അയയ്ക്കുന്ന രാജ്യത്തെ നയന്ത്രജ്ഞന്റെ സാന്നിധ്യത്തിൽ മാത്രം തുറന്നു പരിശോധിക്കാം.

ഇന്ത്യയുമായി മികച്ച നയതന്ത്ര ബന്ധമുള്ള രാജ്യമാണ് യുഎഇ. തിരുവനന്തപുരത്തു പിടികൂടിയ ബാഗേജിന് ഡിപ്ലോമാറ്റിക് ഓതറൈസേഷൻ ഇല്ലെങ്കിൽ ഇക്കാര്യത്തിൽ അവരുമായുള്ള വിഷയം എളുപ്പം പരിഹരിക്കാം. അപ്പോഴും മേൽവിലാസക്കാരനെതിരായ കേസ് വിയന്ന ഉടമ്പടിയിലെ വ്യവസ്ഥകളനുസരിച്ച് കൈകാര്യംചെയ്യേണ്ടിവരും. കോൺസുലർ പരിരക്ഷ (cosular immunity) നയതന്ത്ര പരിരക്ഷയുടെ (diplomatic immunity) ലഘുരൂപമാണ്. കോൺസുലർ ഉദ്യോഗസ്ഥർക്കു തൊഴിൽപരമായ പരിരക്ഷ (functional immunity) മാത്രമേയുള്ളൂ. അതായത് ഔദ്യോഗിക കൃത്യനിർവഹണവുമായി മാത്രമേ ഇതു ബാധകമാകുന്നുള്ളൂ. അതേസമയം, നയതന്ത്ര പരിരക്ഷ വ്യക്തിപരമായ പരിരക്ഷകൂടി ഉറപ്പു നൽകുന്നുണ്ട്.

സ്വർണക്കടത്തുകേസിന്റെ നയതന്ത്രതലം ഉൾപ്പെടെ, ഇത്തരം സന്ദർഭങ്ങളിൽ ചർച്ച ചെയ്യപ്പെടാനുള്ള മറ്റു കാര്യങ്ങളെല്ലാം പ്രതിഷേധങ്ങളുടെയും വാദപ്രതിവാദങ്ങളുടെയും ഇടയിൽ മുങ്ങിപ്പോയി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചും സംസ്ഥാനത്തെങ്ങും പ്രതിഷേധംഅലയടിക്കുകയാണ്. സർക്കാരിനും നിലനിൽപ്പിനായുള്ള പോരാട്ടമാണു പ്രധാനം. കോവിഡ് പ്രതിരോധവും മറ്റു കാര്യങ്ങളും പിന്നിലാവുന്നതു സ്വാഭാവികം.

MORE IN KADALPPALAM
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.