ഇന്ത്യ–യുഎസ് നയതന്ത്രബന്ധം തുടക്കംമുതൽ തന്നെ തീംപാർക്കുകളിലും മറ്റും കാണാറുള്ള ഉല്ലാസ തീവണ്ടിപോലെ ആയിരുന്നു. സാവധാനം മുന്നോട്ടുനീങ്ങി ഉയരത്തിലേക്കു കയറി അൽപനേരത്തിനകം വീണ്ടും തറനിരപ്പിലേക്കു വരികയും നിശ്ചലമാകുകയും ചെയ്യുന്ന കളി വണ്ടി ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും മുന്നോട്ടുനീങ്ങും. ഇപ്പോൾ ആ വണ്ടി വീണ്ടും ചലിച്ചുതുടങ്ങിയിരിക്കുന്നു. മുന്നിൽ ദൃശ്യമായ പാളങ്ങൾ ഉയരത്തിലേക്കു തന്നെയാണ്.
ശീതയുദ്ധകാലത്ത് ഇന്ത്യ സോവിയറ്റ് ചേരിയിലാണെന്ന് അമേരിക്ക വിശ്വസിച്ചുപോന്നു. ചേരിചേരാ നയം അവരെ സംബന്ധിച്ചിടത്തോളം ഒരു അശ്ലീല പദമായിരുന്നു. ഇന്ത്യയും ജനാധിപത്യരാജ്യമാണെന്നും യുഎസ് ഭരണഘടന ശ്രദ്ധാപൂർവം പഠിച്ചശേഷമാണ് ഒട്ടേറെ സമാനതകളുള്ള ഭരണസംവിധാനത്തിന് ഇന്ത്യ രൂപം നൽകിയതെന്നും ചിന്തിക്കാൻ പോലും അവർ തയാറായിരുന്നില്ല. എങ്കിലും ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടുവന്നു.
ശാസ്ത്ര, വിദ്യാഭ്യാസ മേഖലയിൽ പരിമിതമായ തോതിലെങ്കിലും സഹകരണം തുടർന്നു. ഇന്ത്യൻ പ്രഫഷനലുകൾ മെച്ചപ്പെട്ട കരിയർ തേടി അങ്ങോട്ടു കുടിയേറി. പിഎൽ 480 പദ്ധതി പ്രകാരമുള്ള ഭക്ഷ്യസഹായവും ചൈനയുടെ കടന്നാക്രമണത്തിനു ശേഷം പരിമിതമായ തോതിൽ ആയുധഇടപാടുകളുമെല്ലാം നടന്നുപോന്നെങ്കിലും അതെല്ലാം സാധാരണനിലയിലുള്ള നടപടികൾ ആയിരുന്നില്ല. എല്ലാം ഇളവുകളോ ഒഴിവുകളോ ആയിരുന്നു.
ശീതയുദ്ധം അവസാനിച്ചതോടെ സ്ഥിതിമാറി. യുഎസ് ആധിപത്യം കൈവരിച്ച ഏകധ്രുവലോകത്തിന് അനുയോജ്യമായവിധം ഇന്ത്യ നയങ്ങളിൽ മാറ്റം വരുത്തി. തുടർന്ന് ഇന്ത്യ–യുഎസ് ബന്ധത്തെക്കുറിച്ചു വിശദമായി പഠിക്കാൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ നിർദേശിച്ചു.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ ആഗ്രഹത്തിന് യുഎസ് എതിരു നിൽക്കരുതെന്നും അനുകൂലമായി പ്രതികരിക്കണമെന്നുമായിരുന്നു വിദഗ്ധ നിർദേശം. ഈ രാജ്യത്തെക്കുറിച്ച് തനിക്കു കാര്യമായി ഒന്നുമറിയില്ലെന്നു തുറന്നുസമ്മതിച്ച ക്ലിന്റൻ ഇന്ത്യ സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഐ.കെ.ഗുജ്റാൾ യുഎസ് പ്രസിഡന്റിനെ ഹാർദമായി സ്വാഗതം ചെയ്യുകയും സന്ദർശനത്തിനു മുന്നോടിയായുള്ള ചർച്ചകൾക്കു തുടക്കംകുറിക്കുകയും ചെയ്തു. ഇതിനിടെ ഇന്ത്യയിൽ ഭരണം മാറി. ഗുജ്റാളിനു ശേഷം പ്രധാനമന്ത്രിയായ അടൽബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ 1998 ൽ രണ്ടാം ആണവപരീക്ഷണം നടത്തിയതോടെ ഇരുരാജ്യങ്ങളും വീണ്ടും അകന്നു. കളി വണ്ടി വീണ്ടും തറനിരപ്പിലായെന്നു സാരം.
2000 ൽ ക്ലിന്റൻ ഇന്ത്യ സന്ദർശിക്കുന്നതിന് മുന്നോടിയായാണ് ഉഭയകക്ഷി ബന്ധം വീണ്ടും മെച്ചപ്പെടാൻ തുടങ്ങിയത്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്തിരുന്ന ജസ്വന്ത് സിങ്ങും സ്ട്രോബ് താൽബോട്ടും തമ്മിൽ നടത്തിയ ചർച്ചകൾ ഏറെ ഫലപ്രദമായിരുന്നു. തുടർന്ന് വാജ്പേയ് യുഎസ് സന്ദർശിച്ചു. ക്ലിന്റന്റെ പിൻഗാമിയായി അധികാരത്തിൽ വന്ന ജോർജ് ബുഷും ഇന്ത്യയിൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഡോ. മൻമോഹൻ സിങ്ങും ബന്ധത്തെ പുതിയൊരു തലത്തിൽ എത്തിക്കുന്നതിൽ വിജയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ 2008 ൽ ഒപ്പുവച്ച സിവിൽ ആണവ കരാർ അതിന്റെ ഫലമായിരുന്നു.
യുഎസിൽ പിന്നീട് അധികാരത്തിൽ വന്ന ബറാക് ഒബാമയും ആണവകരാർ നടപ്പാക്കാൻ സന്നദ്ധനായിരുന്നെങ്കിലും ആണവാപകടങ്ങൾ സംഭവിച്ചാൽ ആർക്കാണ് ബാധ്യതയെന്നതു സംബന്ധിച്ച ഇന്ത്യയിലെ നിയമങ്ങൾ അതിനു വിലങ്ങുതടിയായി. അതോടൊപ്പം അമേരിക്കയിൽ നിന്ന് പോർവിമാനങ്ങൾ വാങ്ങേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനം ബന്ധത്തിൽ അലോസരം സൃഷ്ടിച്ചു.
എന്നാൽ, മാറുന്ന ലോകസാഹചര്യങ്ങൾ മുന്നിൽകണ്ട് ഇന്തോ–പസഫിക് മേഖലയിൽ പരസ്പരം സഹകരിക്കാൻ ഒബാമയും ഇന്ത്യയിൽ അതിനിടെ ഭരണച്ചുമതലയേറ്റ നരേന്ദ്ര മോദിയും തീരുമാനിച്ചു. 2016 ൽ യുഎസ് കോൺഗ്രസിൽ മോദി നടത്തിയ പ്രസംഗത്തിൽ ബന്ധത്തിൽ പുതിയൊരു സ്വരൈക്യം (symphony) വ്യക്തമായിരുന്നു.
ഡോണൾഡ് ട്രംപിന്റെ നാളുകളിൽ ബന്ധം തീർത്തും സുസ്ഥിരമായിരുന്നുവെന്നു പറയാം. പസിഫിക് മേഖലയിൽ ചൈന സൃഷ്ടിക്കുന്ന ഭീഷണി ഇരുരാജ്യങ്ങളെയും യോജിപ്പിന്റെ പുതിയ തലങ്ങൾ തേടാൻ നിർബന്ധിതരാക്കി. ഇന്ത്യയും യുഎസും ജപ്പാനും ഓസ്ട്രേലിയയും അംഗങ്ങളായ ചതുർരാഷ്ട്രസഖ്യം (ക്വാഡ്) ചൈനയ്ക്കെതിരെ യോജിച്ചുനീങ്ങാൻ പദ്ധതികൾ തയാറാക്കി. ഇതിനിടെയുണ്ടായ വ്യാപാര തർക്കങ്ങളും കോവിഡ് മഹാമാരിയും ഉഭയകക്ഷി ബന്ധത്തിലും പലതരം പ്രതിസന്ധികൾ സൃഷ്ടിച്ചു.
രണ്ടാമൂഴം നേടുന്നതിൽ ട്രംപ് പരാജയപ്പെട്ടതോടെ യുഎസിൽ ജോ ബൈഡനും കമല ഹാരിസും അധികാര കേന്ദ്രങ്ങളായി. ഇരുവരും പ്രതീക്ഷ സൃഷ്ടിച്ചെങ്കിലും മനുഷ്യാവകാശത്തിന്റെയും ന്യൂനപക്ഷാവകാശത്തിന്റെയും പേരിലുള്ള ചില പരാമർശങ്ങൾ കല്ലുകടിയായി. ചൈനയ്ക്കെതിരെ ഇന്ത്യയെ മുന്നിൽ നിർത്തണമെന്നാണ് യുഎസിന്റെ ഉള്ളിലിരുപ്പെന്ന് വ്യക്തമാണ്. എന്നാൽ, ചതുർരാഷ്ട്രസഖ്യത്തെ സൈനിക സഖ്യമാക്കി മാറ്റുന്നതിൽ ഇന്ത്യയ്ക്കു താൽപര്യമില്ല.
ഇതിനിടെ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ കാര്യത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാട് അവർക്കു സഹിക്കാവുന്നതായിരുന്നില്ല. ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥയുടെ പോരായ്മ സംബന്ധിച്ച ഏതാനും റിപ്പോർട്ടുകളിലൂടെയാണ് അവരുടെ അതൃപ്തി പുറത്തുവന്നത്. യുക്രെയ്ൻ– റഷ്യ യുദ്ധം തുടരുന്നതിനാൽ യൂറോപ്പ് വിട്ട് ഏഷ്യയിലേക്കു ശ്രദ്ധകേന്ദ്രീകരിക്കാൻ യുഎസ് ഭരണനേതൃത്വത്തിന് പിന്നീടു കഴിഞ്ഞതുമില്ല.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സ്റ്റേറ്റ് വിസിറ്റിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചുവെന്ന പ്രഖ്യാപനം വന്നത് പെട്ടെന്നായിരുന്നു. ബൈഡൻ അധികാരത്തിൽ വന്ന ശേഷം സ്റ്റേറ്റ് വിസിറ്റിനു ക്ഷണം ലഭിക്കുന്ന മൂന്നാമത്തെ വിദേശഭരണാധികാരിയാണ് മോദി.
ഇതോടെ അൽപകാലം വിശ്രമത്തിലായിരുന്ന ഉല്ലാസ വണ്ടി വീണ്ടും ഉയരത്തിലേക്കു നീങ്ങിത്തുടങ്ങിയെന്നു പറയാം. യുക്രെയ്ൻ പ്രശ്നത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാട് വിചാരിച്ചതിനെക്കാൾ ഗുണം ചെയ്തതായാണ് കാണുന്നത്.അമേരിക്കൻ വിശേഷണങ്ങളിൽ എല്ലാം ഇന്ത്യ ‘ഊർജ്ജസ്വലമായ ജനാധിപത്യം’ എന്ന വിശേഷണം നേടിയെടുത്തു.
വിയോജിപ്പുള്ള വിഷയങ്ങൾ മാറ്റിവച്ചുകൊണ്ട് മറ്റു മേഖലകളിൽ സഹകരിക്കാനും തന്ത്രപ്രധാനമായ പ്രതിരോധ കരാറുകളിൽ ഒപ്പിടാനുമാണ് ഇരുരാജ്യങ്ങളും വട്ടംകൂട്ടുന്നത്. ഇതിൽ ഏറ്റവും പ്രധാനം ജിഇ 414 ജെറ്റ് വിമാന എൻജിനുകൾ ഇന്ത്യയിൽ നിർമിക്കാനുള്ള കരാറാണ്. ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ നടത്തിയ ചർച്ചകളിൽ ഇതിന്റെ രൂപരേഖ തയാറായിട്ടുണ്ട്.
വൈറ്റ് ഹൗസിൽ മോദി നടത്തുന്ന ഉന്നതതല കൂടിക്കാഴ്ചകളിൽ കരാറിന് അന്തിമരൂപമാകും. തുടർന്ന് യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തുന്ന പ്രസംഗത്തിൽ വിശദമായ പ്രഖ്യാപനം പ്രതീക്ഷിക്കാം.
ക്വാഡ് സഖ്യത്തെ ചൈനയ്ക്കെതിരെയുള്ള സൈനിക മുന്നണിയാക്കി മാറ്റാൻ യുഎസ് ഇന്ത്യയ്ക്കുമേൽ സമ്മർദം തുടരുന്നുമെന്ന് ഉറപ്പാണ്. യുഎസും ചൈനയുമായി ഏറ്റുമുട്ടേണ്ടിവന്നാൽ ഇന്ത്യ ഒപ്പം നിന്നില്ലെങ്കിൽ ഈ സഖ്യം എന്തിനെന്ന ചോദ്യം അവിടെ ഉയരുന്നുണ്ട്.
ഇന്ത്യയെ നാറ്റോ സഖ്യത്തിലേക്കു ക്ഷണിക്കണമെന്ന് യുഎസ് കോൺഗ്രസിന്റെ സമിതി ഈയിടെ നിർദേശിച്ചിരുന്നു. നിർദേശം ഇന്ത്യ നിരാകരിച്ചെങ്കിലും യുഎസ് ആഗ്രഹിക്കുന്നത് അതുതന്നെയാണ്.
കളിവണ്ടി നീങ്ങുകയാണ്. ഉയരത്തിലേക്കു തന്നെ. എന്നാൽ, ഇക്കുറിയും അത് ഉത്തമസൗഹൃദത്തിന്റെ സമതലഭൂമിയിൽ ചെന്നെത്തുമെന്നു തോന്നുന്നില്ല.
English Summary: India-U.S. bilateral relations are on an upswing