കഴിഞ്ഞ 17 ന് തിരുവനന്തപുരത്തു വന്നപ്പോൾ നമ്മുടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായി ഏഷ്യാനെറ്റ് ടിവി ചാനലിനു വേണ്ടി ഞാൻ അഭിമുഖസംഭാഷണം നടത്തിയിരുന്നു. ലോകമെമ്പാടുമുള്ള 125 വികസ്വരരാജ്യങ്ങളുടെ (ഗ്ലോബൽ സൗത്ത്) നേതൃസ്ഥാനത്തേക്ക് ഇന്ത്യ ഉയർന്നുവന്നപ്പോൾ, ചൈനയ്ക്കു ലേശം അസൂയ തോന്നാൻ ഇടയില്ലേയെന്ന സന്ദേഹം ഞാൻ അദ്ദേഹവുമായി പങ്കുവച്ചു. ഇത് ഇന്ത്യ– ചൈന ബന്ധം കൂടുതൽ മോശമാക്കാനുള്ള സാധ്യതയെക്കുറിച്ചും സംസാരിച്ചു. വിദേശകാര്യ മന്ത്രിയുടെ പ്രതികരണം തീർത്തും യുക്തിസഹവും ശ്രദ്ധാപൂർവവുമായിരുന്നു. വികസ്വരരാഷ്ട്രങ്ങളുടെ നേതൃസ്ഥാനം ഇന്ത്യ ഒരിക്കലും അവകാശപ്പെടുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, വികസ്വര രാജ്യങ്ങൾ എന്ന സംജ്ഞപോലും ഒരു ഐക്യബോധത്തിന്റെയും ഒന്നാണു നമ്മളെന്ന തോന്നലിന്റെയും ആകെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പുതിയ ലോകക്രമത്തിനു വേണ്ടിയുള്ള യത്നത്തിൽ ഈ ഐക്യബോധം കനപ്പെട്ട സംഭാവന നൽകിക്കൂടെന്നില്ലെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് ഞാൻ യോജിച്ചു. എങ്കിലും ജി 20 ഉച്ചകോടിയിൽ ഇന്ത്യ കൈവരിച്ച ഗംഭീരവിജയത്തിന്റെ ശോഭ കെടുത്താൻ ചൈനയോ അവരുടെ വൈതാളികൻമാരോ ശ്രമിച്ചുകൂടെന്നില്ലെന്ന് എനിക്കു തോന്നിയിരുന്നു.
എന്നാൽ, ആസൂത്രിതമാണോ യാദൃച്ഛികമാണോ എന്നറിയില്ല തിരിച്ചടി ലഭിച്ചത് സുഹൃദ് രാജ്യമായ കാനഡയിൽ നിന്നാണ്. നമ്മുടെ നയതന്ത്രപ്രതിനിധികളെ ദീർഘകാലം ഭീകരസംഘടനകളുടെ ഭീഷണിയിൽ നിന്നു സംരക്ഷിച്ചിട്ടുള്ള ചങ്ങാതിമാരാണ് അവർ. ആഗോളതലത്തിൽ ഭീകരതയെ നേരിടുന്നതിലും അവർ ഇന്ത്യയോടൊപ്പമുണ്ടായിരുന്നു.
ന്യൂഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയുടെ വിജയം അഭിമാനകരമായിരുന്നു. അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം പ്രവർത്തനക്ഷമമായ നിലയിൽ എത്തിക്കാൻ കഴിഞ്ഞതും വികസിത ജനാധിപത്യ രാഷ്ട്രങ്ങളുടെ ചേരിയിൽ അവരോടൊപ്പം അണിനിരക്കാൻ കഴിഞ്ഞതുമാണ് ഇതുമൂലം ഇന്ത്യയ്ക്കുണ്ടായ ഒന്നാമത്തെ നേട്ടം. വികസ്വരരാജ്യങ്ങളുടെ നേതാവ് എന്ന നിലയിൽ ലോകശക്തികളുടെ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞതാണ് രണ്ടാമത്തെ നേട്ടം. ഈ രണ്ടു നേട്ടങ്ങളും പുതിയൊരു ലോകക്രമം സൃഷ്ടിക്കാനുള്ള ആസൂത്രണത്തിന്റെ അടിസ്ഥാന ശിലകളായി പരിണമിക്കേണ്ടതായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാനഡയുടെ ആരോപണം ആഗോള നയതന്ത്രരംഗത്ത് ഇന്ത്യയ്ക്കു തിരിച്ചടിയായി മാറുന്നത്.
ഇന്ത്യയുടെ ഉയർച്ചയിൽ കാനഡയ്ക്കും കണ്ണിൽകടി തോന്നുന്നതു സ്വാഭാവികമാണ്. വളരെ സമ്പന്നവും വൈവിധ്യപൂർണവുമായ രാജ്യമാണ് കാനഡ. കഠിനാധ്വാനികളായ അവിടത്തെ ജനങ്ങളിൽ ഇന്ത്യയിൽ നിന്നു കുടിയേറിയവരും ഗണ്യമായൊരു വിഭാഗമുണ്ട്. എന്നാൽ, ഭൂമിശാസ്ത്രപരമായ സവിശേഷതകൾ കൊണ്ട് എല്ലാക്കാലത്തും അമേരിക്കയുടെ ശിങ്കിടിയായി നിൽക്കാനാണ് അവരുടെ വിധി. അവിടത്തെ പല നേതാക്കളും ഇക്കാര്യത്തിലുള്ള നിരാശ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഇക്കൂട്ടത്തിലാണ്. അമേരിക്കയുമായുള്ള അവരുടെ ബന്ധത്തിൽ ഇന്ത്യ ഒരു എതിരാളിയായി മാറുന്നുവെന്ന തോന്നലും വികസ്വരരാജ്യങ്ങളുടെ നേതൃസ്ഥാനത്തേക്ക് ഉയർന്നുവെന്ന യാഥാർഥ്യവും അവരെ അലോസരപ്പെടുത്തിയിട്ടുണ്ടാവണം. ദീർഘകാലാടിസ്ഥാനത്തിൽ അവരുടെ പദവിക്ക് ഇന്ത്യ ഭീഷണി സൃഷ്ടിക്കുമെന്ന തോന്നൽ ഇരിക്കപ്പൊറുതി കൊടുക്കുന്നുണ്ടാവില്ല.
ഖലിസ്ഥാൻ വാദം പതിറ്റാണ്ടുകളായി ഇന്ത്യയുടെയും കാനഡയുടെയും തലവേദനയാണെന്നു കാണാം. കാനഡയിലെ സിഖുകാരുടെ വോട്ടുബാങ്ക് നിലനിർത്തുന്നതിന് അവിടത്തെ ഭരണകക്ഷി നടത്തിയ ഒരു ശ്രമവും പക്ഷേ, ഇതുവരെ ഫലം കണ്ടില്ല. ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകം ജസ്റ്റിൻ ട്രൂഡോ ഉന്നയിച്ചത് അടുത്ത തിരഞ്ഞെടുപ്പിൽ സിഖ് വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള ഒരു ‘നമ്പർ’ ആയിട്ടാവണം. എന്നാൽ, അദ്ദേഹം ഒരിക്കലും കണക്കാക്കാത്തവിധം ശക്തവും അസന്ദിഗ്ധവുമായ ഭാഷയിൽ ഇന്ത്യ പ്രതികരിച്ചതോടെ ആ നീക്കം പാളി. ട്രൂഡോയും കൂട്ടാളികളും കാനഡയിലും യുഎസിലുമായി പിന്നീടു നടത്തിയ പ്രതികരണങ്ങളെല്ലാം ഫലത്തിൽ അവരെ കൂടുതൽ കുരുക്കിലാക്കുകയും ചെയ്തു.
അഹിംസയുടെ പ്രയോക്താക്കളെന്ന നിലയിൽ അഭിമാനിക്കുന്ന രാജ്യം, മറ്റൊരു രാജ്യത്തുവച്ച് അന്നാട്ടിലെ പൗരനെ കൊലപ്പെടുത്താൻ ചരടുവലിച്ചുവെന്ന ആരോപണം ആർക്കും അത്ര എളുപ്പം ദഹിക്കുന്നതല്ല. എന്തൊക്കെയോ ചില ന്യായവാദങ്ങളുടെയും വസ്തുതകളുടെ പിൻബലമില്ലാത്ത യുക്തിയുടെയും അടിസ്ഥാനത്തിലാണ് കാനഡ ഇന്ത്യയ്ക്കെതിരെ ഈ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഇത് അവിടത്തെ ഭരണനേതൃത്വത്തെ ഊരാക്കുടുക്കിലാക്കുകയും ചെയ്തു. എത്രയും വേഗം കാനഡ തെറ്റ് മനസ്സിലാക്കി തിരുത്താൻ തയാറാകണം. അത് അവർക്കും ഇന്ത്യയ്ക്കും ലോകത്തിനു തന്നെയും ഗുണം മാത്രമേ ചെയ്യൂ.
ഖലിസ്ഥാൻ നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച തെളിവുകൾ ശക്തമല്ലെന്നും ഭീകരപ്രവർത്തനത്തെ ഉന്മൂലനം ചെയ്യാൻ ഇരുരാജ്യങ്ങളും ഒരുമിച്ചു പരിശ്രമിക്കണമെന്നും തുറന്നുപറയാൻ തയാറായാൽ ഇപ്പോഴത്തെ നയതന്ത്ര പ്രതിസന്ധി ഒഴിവാക്കാനും ബന്ധങ്ങൾ നല്ലനിലയിലാക്കാനും കഴിഞ്ഞേക്കും. അത്തരമൊരു പര്യവസാനം അവരുടെ സഖ്യരാഷ്ട്രങ്ങളും തുറന്ന മനസ്സോടെ സ്വാഗതംചെയ്യുമെന്നു കരുതാം.
പരമ്പരാഗത സഖ്യരാഷ്ട്രങ്ങളായ അമേരിക്കയുടെയും ബ്രിട്ടന്റെയും ഓസ്ട്രേലിയയുടെയും ന്യൂസീലൻഡിന്റെയും പിന്തുണ ഉറപ്പാക്കാനുള്ള യത്നത്തിലാണ് കാനഡ. ഈ 5 രാജ്യങ്ങളും ഉൾപ്പെട്ട 5 ഐസ് (Five Eyes) സഖ്യം രണ്ടാം ലോകയുദ്ധത്തെ തുടർന്ന് ചാരവൃത്തി പ്രതിരോധിക്കുന്നതിനായി സ്ഥാപിക്കപ്പെട്ടതാണ്. ഇപ്പോഴത്തെ തർക്കത്തിൽ അമേരിക്ക കാനഡയുടെ ഒപ്പമാണ്. ആരോപണത്തിൽ സത്യമുണ്ടെന്നും അന്വേഷണം നടക്കട്ടെയെന്നുമാണ് അവരുടെ നിലപാട്. അന്വേഷണവുമായി ഇന്ത്യ സഹകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. യുഎസ് സാമ്രാജ്യത്വം തിരിച്ചടിക്കുയാണെന്ന തോന്നൽ ഇതോടെ ശക്തമാകുന്നു. ജി 20 പ്രഖ്യാപനത്തിൽ റഷ്യയെ ഊരിവിട്ടതിന്റെ കലിപ്പാണിതെന്നു കരുതുന്നതിൽ തെറ്റുപറയാനാവില്ല.
English Summary: T.P. Sreenivasan on American diplomacy.