‘തോന്നയ്ക്കൽ കണ്ട കാഴ്ചകൾ’ എന്ന ജോസഫ് മുണ്ടശ്ശേരി മാസ്റ്ററുടെ മാസ്റ്റർപീസ് ഓർത്തുപോയി ഫ്ലോറിഡയിലെ കീ വെസ്റ്റ് കാണാൻ അവസരം കിട്ടിയപ്പോൾ. കവി കുമാരനാശാന്റെ ജന്മസ്ഥലത്തു ചെന്നപ്പോൾ കണ്ട കാഴ്ചകളുടെ അനുസ്മരണമാണ് മുണ്ടശ്ശേരി മാസ്റ്റർ അതിലൂടെ കുറിച്ചുവെച്ചത്. അമേരിക്കയുടെ എക്കാലത്തെയും പ്രിയപ്പെട്ട കഥാകാരൻ ഏർണെസ്റ്റ് ഹെമിങ്‌വേ ഏറെക്കാലം താമസിച്ചു കഥകളുടെ ലോകം സൃഷ്ട്ടിച്ച കീ വെസ്റ്റ് എന്ന ദ്വീപിൽ ചെന്ന് പെട്ടപ്പോൾ അതുപോലെ യുള്ള ഒരു വികാരമാണ് അനുഭവപ്പെട്ടത്. അറ്റ്ലാന്റിക് സമുദ്രത്തിന്റെയും ഗൾഫ് ഓഫ് മെക്സികോയുടെയും ഇടയിലായി, മുരിങ്ങക്ക പോലെ നീളത്തിൽ ചിതറിക്കിടക്കുന്ന ദ്വീപുകൾ ചുരുങ്ങിയ സമയത്തിൽ നടന്നു കണ്ടു. ഈ യാത്രയ്ക്ക് ഹെമിംഗ്‌വേയുടെ എഴുത്തുപുര കാണുക എന്ന ഒരു ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്.
ഫോർട്ട് ലോടലിൽ നിന്നും യാത്ര തിരിക്കുമ്പോൾ സുഹൃത് ബാബു ഓർമ്മപ്പെടുത്തി: വാടകക്ക് എടുത്ത കാർ ആണെങ്കിലും ഒരു ധൈര്യത്തിന് എക്സ്ട്രാ ഇൻഷുറൻസ് ഇരുന്നോട്ടെ. അവിടെ വണ്ടി ഓടിക്കുന്ന കുറേപേർക്കെങ്കിലും വീസയോ ലൈസൻസോ ഇൻഷുറൻസോ ഒന്നും കാണില്ല, ഇടിച്ചിട്ടു മുങ്ങിയാൽ പിന്നെ പെട്ട് പോകുമെന്നു അറിയാവുന്നത് കൊണ്ടായിരുന്നു. എപ്പോഴും അസ്ഥിരമാണ് അങ്ങോട്ടുള്ള കാലാവസ്ഥയും യാത്രക്കുരുക്കുകളും. എന്നാലും സഹധർമ്മിണിയോടോപ്പം ഒരു ദീർഘയാത്ര നടത്തിയിട്ടു കുറേക്കാലമായി. മറ്റു പരിപാടികൾ ഒന്നും ഇല്ലാതിരുന്നതിനാലും പിറ്റേദിവസമാണ് ന്യൂയോർക്കിലേക്കു തിരികെ പോരേണ്ടത് എന്നതിനാലും, ഒരു ആലസ്യത്തോടെ യാത്രയെ സമീപിക്കുവാനാണ് തുനിഞ്ഞത്. മാസങ്ങൾക്കു മുൻപ് ചുഴലിക്കാറ്റിൽ തകർന്നു തരിപ്പണമായ സ്ഥലമാണ്, അതിനാൽ കുറച്ചു ഭക്ഷണവും വെള്ളവും ഒക്കെ കൂടെ കൊണ്ടുപോകുവാൻ സുഹൃത് മിനി എടുത്തു വച്ചിരുന്നു. നാലു മണിക്കൂറോളം കടലിന്റെ നടുവിലൂടെ ഇരുവരി പാതയിലൂടെയുള്ള ഡ്രൈവിനെപ്പറ്റി സുഹൃത് ബെന്നി വാചാലമായി സംസാരിച്ചത് കുറെ കാലമായി മനസ്സിന്റെ ആവേശമായി നുരഞ്ഞു പൊങ്ങി വന്നുകൊണ്ടിരുന്നു.
മയാമിയിൽനിന്നും റൂട്ട് വൺ എടുത്തു തിരിഞ്ഞപ്പോഴേക്കും എവിടുന്നോ പാഞ്ഞു വന്ന മഴ മേഘങ്ങൾ ആകെ ഇരുട്ടാക്കി. മഴ പെയ്യുന്നു എന്ന് റോഡിൽ നിന്ന് തെറിക്കുന്ന വെള്ളവും അത് വണ്ടിയുടെ ചക്രത്തിൽ അടിച്ചുയരുന്ന ബാഷ്പധാരയും കണ്ടു മനസിലാക്കാം. എന്നാൽ വണ്ടിയുടെ വിൻഡ് ഷീൽഡിൽ ഒരു തുള്ളി മഴ വെള്ളം പോലും പതിക്കുന്നില്ല. കുറെ ദൂരം കഴിഞ്ഞപ്പോൾ വണ്ടിയുടെ മുകളിൽ മാത്രം മഴ, റോഡ് ഉണങ്ങിക്കിടക്കുന്നു. റോഡിന്റെ ഒരു ലൈനിൽ മാത്രം മഴ, മറ്റേ ഭാഗം നന്നേ ഉണങ്ങി കിടക്കുന്നു. മധുരമായി പടരുകയും നൊമ്പരമായി പെയ്യുകയും ചെയ്യുന്ന ഈ മഴനീർകണങ്ങൾ ഇടയ്ക്കിടെ മാനസ ദേവന്റെ ചുംബന പൂക്കളായി ഹുദയത്തെ തലോടി കടന്നുപോയി. ദാ വന്നു, ദേ പോയി എന്ന് സുരേഷ് ഗോപി ഡയലോഗ്പോലെ, മഴ പൊടുന്നനെ അപ്രത്യക്ഷമായി.
മനോഹരമായ മേഘങ്ങൾ നിറഞ്ഞു നിൽക്കുന്ന നീലാകാശവും കത്തി നിൽക്കുന്ന സൂര്യനും ഞൊടിയിടക്കുള്ളിൽ തെളിഞ്ഞു വന്നു. ഇരു വശങ്ങളിലും കൈ വീശി യാത്രയാക്കുന്നു കടലിന്റെ കുഞ്ഞോളങ്ങളും പ്രകാശപൂരിതമായ വീഥികളും, വശീകരിക്കുന്ന നീലിമയും മാത്രം നിറഞ്ഞു നിന്ന ദ്ര്യശ്യങ്ങൾ. അങ്ങോട്ടും ഇങ്ങോട്ടും പോകാൻ ആകെ ഒറ്റ വഴി പാത, നടുക്ക് ഒരു വര മാത്രം ഉണ്ടായതിനാൽ വാഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി പൊയ്ക്കൊണ്ടിരുന്നു. അപ്പോൾ ആതിരയുടെ ചില വരികൾ അറിയാതെ ഉണർന്നുവന്നു.
‘നീളുന്ന ഒറ്റയടിപ്പാതയിലെ രണ്ടൊരങ്ങളനുനമ്മൾ, നമുക്ക് മേലെ ഒരേ മഴയും വസന്തവും മഞ്ഞും പെയ്തൊഴിയുന്നു; ഒരേ ആളുകൾ നമ്മെ കടന്നു പോകുന്നു, അതെ, ഒരേ ചിന്തയും ഒരേ സ്വപ്നങ്ങളും ഒരേ ഓർമ്മകളുമുള്ള, പരസ്പരം തിരിച്ചറിയാതെ സമാന്തരമായി പോകുന്ന രണ്ടോരങ്ങൾ, ഒരിക്കലും കണ്ടുമുട്ടാതെ നീളുകയാണ് അനന്തമായി’. ഏതോ ഒരു കക്ഷി അമ്പതു മൈൽ സ്പീഡിൽ തന്നെ മുന്നിൽ പോയ്കൊണ്ടിരുന്നതിനാൽ, മറ്റു ഗതിയില്ലാതെ അതേ സ്പീഡിൽ യാത്ര തുടർന്നു.
അമേരിക്കൻ തീരത്തുനിന്നു 160 മൈൽ ദൂരം വരും കീ വെസ്റ്റിൽ എത്താൻ. എന്നാൽ 100 മൈൽ മതി ക്യൂബയുടെ തീരത്തു അടുക്കാൻ. 113 മൈൽ ദൈർഖ്യമുള്ള യുഎസ് വൺ ഹൈവേയിൽ 42 പാലങ്ങൾ കടന്നുവേണം ‘ഏക മനുഷ്യ കുടുംബം’ എന്ന ആപ്ത വാക്യം നിലകൊള്ളുന്ന നഗരത്തിൽ എത്തിച്ചേരാൻ. അതിൽ ‘സെവൻ മൈൽ ബ്രിഡ്ജ്’ കടന്നു പോകുന്നത് ഒരു അനുഭവമാണ്. ചില ഭാഗങ്ങളിൽ കപ്പൽ കടന്നു പോകേണ്ടതുകൊണ്ടു 65 അടി ഉയരത്തിലേക്ക് പാലം വില്ലു പോലെ ഉയർന്നു നിൽക്കുന്ന ഭാഗത്തേക്ക് വണ്ടി ഓടിച്ചു കയറുമ്പോൾ, ഇരുസൈഡിയിലും ഉള്ള കടലിൽ നിന്നും മേഘങ്ങളിലേക്കു പറന്നുയുയരുന്ന പ്രതീതിയാണ്. താഴേക്ക് പായുമ്പോൾ തിളക്കമുള്ള നീല വെള്ളത്തിലെ കുമ്മായക്കല്ലുകളും പവിഴപുറ്റും ഹൃദയഹാരിയായ നയന ഭോജനമാണ്. നാമൊക്കെ മിക്കപ്പോഴും കംപ്യൂട്ടറിന്റെയോ സ്മാർട്ഫോണിന്റെയോ സമുദായത്തിന്റെയോ ഭാഷയുടെയോ ഒക്കെ ഒറ്റപ്പെട്ട ദ്വീപുകളിൽ ജീവിക്കുകയാണ്. നമുക്ക്മുകളിലൂടെ നീണ്ടു പോകുന്ന ചില പാലങ്ങളാണ് നമ്മെയൊക്കെ, നാമറിയാതെ ബന്ധിപ്പിക്കുന്നത്. ഉൾക്കടലിൽ അവസാനിക്കുന്ന പാലങ്ങൾ നിലനിൽക്കുന്നത് തന്നെ അസ്ഥിരമാകുന്ന ചില സത്യങ്ങളുടെ തൂണുകളിലല്ലേ?. ചൂണ്ടയിട്ട് മൽസ്യം പിടിക്കുന്ന അനവധിപേർ ഇരു ഭാഗത്തും ഉണ്ടായിരുന്നു. ആഴമില്ലാത്ത കടൽ ആയതുകൊണ്ടോകം വലിയ തിരമാലകൾ അടിച്ചുയരുന്നതായിരുന്നില്ല. സർവ്വനാശ സംഹാരിയിയ ചുഴലിക്കാറ്റുകളാണ് ഈ ഭൂമികളുടെ തീരാ ശാപം.
ഏതാണ്ട് 27,000 പേർ താമസിക്കുന്ന 7.4 ചതുർസ്ത്ര മൈലുകൾക്കു കുറെ ഏറെ ചരിത്രം അവകാശപ്പെടാനുണ്ട്. ഏറ്റവും ഒടുവിലായി, 1962 ലെ ക്യൂബൻ മിസൈൽ ക്രൈസിസ് എന്ന അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ഉണ്ടാകാമായിരുന്ന ആണവയുദ്ധം ഈ പ്രദേശത്തെ ആഗോള ശ്രദ്ധയിൽ നിർത്തി. അമേരിക്കയുടെ 90 മൈൽ ദൂരത്തു, ക്യൂബയിൽ സോവിയറ്റ് ആണവ മിസൈലുകൾ സ്ഥാപിച്ചപ്പോൾ പ്രസിഡന്റ് കെന്നഡി ഒരു തുറന്ന യുദ്ധത്തിന് ഒരുങ്ങി. തർക്കത്തിന്റെ മൂർധന്യ അവസ്ഥയിൽ 90 മൈൽ ദൂരത്തെക്കുറിച്ചു അദ്ദേഹം വാചാലനായിരുന്നു. പിന്നീട് കീ വെസ്റ്റിൽ എത്തി ക്യൂബയ്ക്ക് നേരെ അദ്ദേഹം വിരൽ ചൂണ്ടിയിരുന്നു. ആ ചൂണ്ടലിലിൽ ഒരു പക്ഷേ, ലോകാവസാനത്തിന്റെ മുറവിളി ഉണ്ടായിരുന്നോ എന്നറിയില്ല; പക്ഷേ ആ വിരൽ തുമ്പിൽ അമേരിക്കയുടെ ആത്മാഭിമാനം തുടുത്തു നിന്നിരുന്നു.
ബഹാമസ് ദ്വീപിൽനിന്നും, അമേരിക്കൻ റെവല്യൂഷൻ സമയത്തു രക്ഷപെട്ടുവന്ന ഭരണപക്ഷക്കാരായ വെള്ളക്കാരായിരുന്നു കൂടുതലും ഇവിടെ താമസച്ചു തുടങ്ങിയത്. അവരെ കോങ്ക്‌സ് എന്നറിയപ്പെടാനാണ് അവർ ആഗ്രഹിച്ചത്. കീ വെസ്റ്റിൽ ജനിച്ച കോങ്ക്സിനെ "സീവാട്ടർ കോങ്ക്സ് " എന്നും, ഏഴു വർഷത്തിൽ ഏറെ ഇവിടെ താമസിച്ചവരെ "ഫ്രഷ് വാട്ടർ കോങ്ക്സ് " എന്നുമാണ് വിളിക്കാറ്. എന്നാലും ഇവിടെ ക്യൂബയിൽ നിന്നും ബോട്ടിൽ എത്തിയ ഏറെ ആളുകൾ താമസിക്കുന്നണ്ട്. അവരെ കോങ്ക്സിന്റെ ഗണത്തിൽ കൂട്ടാറില്ല. ക്യൂബയിൽ നിന്നും അനധികൃതമായി എത്തിയവരെ പിടിക്കാൻ യുഎസ് ബോർഡർ സെക്യൂരിറ്റി ഹൈവേ സിസ്റ്റം ബ്ലോക്ക് ചെയ്യുകയും, ആ തടസ്സം ദിവസങ്ങൾ നീളുകയും, ദ്വീപിലെ കച്ചവടത്തെ സാരമായി ബാധിക്കുകയും ചെയ്തതിൽ പ്രതിക്ഷേധിച്ചു 1982 -ൽ 'കോങ്ക്സ് റിപ്പബ്ലിക്ക്' എന്ന സ്വതന്ത്ര രാജ്യം പ്രഖ്യാപിക്കയും ചെയ്തിരുന്നു. അതിൽപിന്നെ എല്ലാ ഏപ്രിൽ 23 നും ഇതിന്റെ ഓർമ്മ ഇവർ ആഘോഷിച്ചുവരുന്നുണ്ട്.
അമേരിക്കയുടെ ഏറ്റവും തെക്കേയറ്റത്തെ മുനമ്പ് ഇവിടെയായതിനാൽ, ഇവിടെ നിന്നും ഗ്ലാസ് ബോട്ടിൽ ക്യൂബയുടെ അടുത്തു വരെ പോകുന്ന യാത്ര രസകരമാണ്. ഗ്ലാസ് ബോട്ട് ആയതിനാൽ ആഴമില്ലാത്ത കടലിന്റെ അടിഭാഗം വ്യക്തമായി ബോട്ടിൽ നിന്ന് തന്നെ കാണാൻ പറ്റും, വിവിധതരം മത്സ്യങ്ങളും കടൽ ജീവികളെയും നേരിട്ട് കാണാൻ സാധിക്കും. ഞങ്ങൾ ചെന്ന ദിവസം കാറ്റ് പ്രതികൂലം ആയിരുന്നതിനാൽ ബോട്ട് യാത്ര നിരോധിച്ചിരുന്നു. ഹൈസ്കൂളിൽ പഠിക്കുന്ന സമയത്തു ‘കിഴവനും കടലും; എന്ന ഹെമിങ്‌വേയുടെ കഥ കേട്ടത് ഗോപിസാറിന്റെ ചുണ്ടിൽനിന്നായിരുന്നു. രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ട്ടപ്പെട്ട ഗോപിസാറിന്റെ ജീവിതാനുഭവത്തിൽ തട്ടിയതുകൊണ്ടാവാം കഥയ്ക്ക് ഒരു വൈകാരികമായ തലം സൃഷ്ടിക്കപ്പെട്ടത്. നിശ്ചലമായ, തുറിച്ചുനിന്ന ആ നേത്രങ്ങളിൽ നിന്നും കിഴവൻ സാന്റിയാഗോ ഞങ്ങളുടെ ഹൃദയത്തിലേക്ക് തുഴഞ്ഞു കയറുകയായിരുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ കഥ നടക്കുന്ന സ്ഥലവും ഹെമിങ്‌വേയുടെ ഈ എഴുത്തുപുരയും കാണാൻ ആകുമെന്ന് വിചാരിച്ചില്ല.
84 ദിവസം തുടർച്ചായി മീൻ പിടിക്കാൻ ഇറങ്ങിയിട്ടും ഒന്നും കിട്ടാതെ തിരിച്ചുവന്ന കിഴവൻ സാന്റിയാഗൊ 85–ാം ദിവസം പുറം കടലിൽ പോകുന്നു ഒരു വലിയ മീനിനെ പിടിക്കുന്നു. ആ മീൻ ബോട്ട് വലിച്ചുകൊണ്ടു ദിവസങ്ങളോളം കടലിൽ ഓടുകയാണ്. പരവശനായ സാന്റിയാഗോ ഒരു വിധം മീനിനെ ബോട്ടിൽ ചേർത്തുവച്ചു തിരിച്ചുവരുന്നവഴി സ്രാവുകൾ മീനിനെ തിന്നാൻ ശ്രമിക്കയും, സാന്റിയാഗോ സ്രാവുകളെ ആക്രമിക്കുന്നു, അവ വീണ്ടും അക്രമിച്ചുകൊണ്ടേയിരുന്നു. അപ്പോഴേക്കും സാന്റിയാഗൊയുടെ എല്ലാ ആയുധങ്ങളും നഷ്ട്ടപ്പെട്ടു, മുറിവേറ്റു അവശനായിക്കഴിഞ്ഞിരുന്നു. തിരികെ കരയിൽ എത്തുമ്പോൾ മീനിന്റെ ഒരു വലിയ അസ്ഥികൂടം മാത്രാണ് അവശേഷിച്ചത്. ഇതിനിടെ കടന്നു വരുന്ന കഥാതന്തുവാണ് കഥയുടെ ഉൽകൃഷ്ടത. നഷ്ടങ്ങളിലും പരാജയങ്ങളിലും പിടിച്ചു നിർത്താനാവുന്ന ജീവന്റെ ഉൾപ്രേരണയാണ് നമ്മെ ഓരോ നിമിഷങ്ങളിലും മുൻപോട്ടു കൊണ്ടുപോകുന്ന ശക്തി, നേട്ടങ്ങൾ ഒക്കെ താൽക്കാലികം മാത്രം എന്ന് ഓർമ്മപ്പെടുത്തുന്നു.
കാർ പാർക്ക് ചെയ്തു 907 വൈറ്റ് ഹെഡ് സ്ട്രീറ്റിലുള്ള ‘ഹെമിങ്‌വേ ഹൗസിലേക്കു’ നടന്നപ്പോൾ പത്തിരുപത് പേർ അവിടെ മുറ്റത്തു നിൽപ്പുണ്ട്. ചെറിയ കൂട്ടങ്ങളായി ആ പഴയ മാളികയിലേക്കു കടന്നു. 1931 മുതൽ 1939 വരെ ഈ വീടിന്റെ അകത്തങ്ങളിൽ വിവധ കഥകൾ രൂപപ്പെടുകയായിരുന്നു. 'പുസ്തകത്തോളം വിശ്വസ്തരായ കൂട്ടുകാരില്ല ' (ദെയ്ർ ഈസ് നോ ഫ്രണ്ട് ആസ് ലോയൽ ആസ് എ ബുക്ക്) എന്ന് ആലേഖനം ചെയ്ത കവാടം പുസ്തകരാധകരുടെ പരസ്യ പ്രമാണമാണ്. ഹെമിംഗ്‌വേ ഉപയോഗിച്ച എല്ലാ വസ്തുക്കളും ദേശീയ ചരിത്ര അതിരടയാളമായി അവിടെ സൂക്ഷിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ 'ഡെത്ത് ഇൻ ദി ആഫ്റ്റർനൂൺ, ഫോർ ഹും ദി ബെൽ ടോൾസ് , ദി സ്നോ ഓഫ് കിളിമജ്ഞരോ , ദി ഷോർട് ഹാപ്പി ലൈഫ് ഓഫ് ഫ്രാൻസിസ് മകംബെർ' തുടങ്ങിയ കൃതികൾ ഈ അകത്തളങ്ങളിലാണ് പിറവിയെടുത്തത്. വിശാലമായ നടപ്പന്തൽ പൊതിഞ്ഞു നിൽക്കുന്ന ചുറ്റുവട്ടം, മുളകളും തെങ്ങും മറ്റു മരങ്ങളും ഇടതൂർന്നു നിൽക്കുന്ന മുറ്റം. അതിനിടയിലൂടെ കല്ല് പതിച്ച നടപ്പാതകൾ, വിശാലമായ എഴുത്തുപുര ഒക്കെ ഒരു എഴുത്തുകാരനെ വ്യാമോഹിപ്പിക്കുന്ന എല്ലാ ഘടകങ്ങളും അവിടെ ഒന്ന് ചേർന്നിരിക്കുന്നു. ഒരു എഴുത്തുകാരന് ചിന്തകൾ പിറവിയെടുക്കുമ്പോൾ അവക്കു സുഗമമായി രൂപപ്പെടാനുള്ള ഏകാഗ്രതയും ധ്യാനവും ആ അന്തരീക്ഷത്തിൽ ഇപ്പോഴും ജ്യലിച്ചു നിൽക്കുന്നുണ്ട്.
ആറും ഏഴും വിരലുകളുള്ള പൂച്ചകളാണ് അവിടുത്തെ മറ്റു പ്രധാന ആകർഷണം. ഹെമിങ്‌വേ ഓമനിച്ചു വളർത്തിയ പൂച്ചകളുടെ പിൻതലമുറയിലുള്ള അറുപതോളം പൂച്ചകൾ ഈ വീടിന്റെ വിവിധ ഭാഗങ്ങളിൽ ആലസ്യത്തോടെ കിടന്നുറങ്ങുന്നുണ്ട്. കസേരകളിലും ഹെമിങ്‌വേ കിടന്നുറങ്ങിയ കട്ടിലും ഒക്കെ ഇന്ന് അവരുടെ വരുതിയിലാണ്. അവക്കുവേണ്ട എല്ലാ അവകാശങ്ങളും അദ്ദേഹം എഴുതി വച്ചിരുന്നു. ഇതിൽ ചില പൂച്ചകളെ ഉണർത്താൻ ചിലർ ശ്രമിച്ചു, ‘എന്തുവാടേ ഇതൊക്കെ, വന്നു കണ്ടിട്ട് പൊയ്ക്കൂടേ’ എന്ന നിസ്സംഗ ഭാവത്തിൽ ഒരു ഇളിച്ച നോട്ടം, പിന്നെയും വീണ്ടും മയക്കത്തിലേക്ക്.
1950 -ൽ ‘ദി ഓൾഡ് മാൻ ആൻഡ് ദി സീ’ എഴുതിയപ്പോൾ തന്നെ തന്റെ ഏറ്റവും നല്ല രചനയാണെന്നു അദ്ദേഹത്തിന് ബോധ്യപ്പെട്ടു. 1953 -ൽ ഈ പുസ്തകത്തിന് പുലിറ്റ്‌സർ അവാർഡ് നേടി. 1954ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനവും അദ്ദേഹത്തെ തേടി എത്തി. തുടെരെയുള്ള അപകടങ്ങൾ കാരണം നോബൽ സമ്മാനം സ്വീകരിക്കാൻ സ്റ്റോക്ക്ഹോമിൽ പോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പകരം കൊടുത്തയച്ച പ്രസംഗത്തിൽ ഒരു എഴുത്തുകാരന്റെ ഏകാന്തതയുടെ തടവറകളും ഒടുങ്ങാത്ത വ്യഥകളും അയാൾ മാത്രം അനുഭവിക്കുന്ന നിസ്സാഹായത അയാളെ നിത്യതയുടെ പടവിലേക്കു തള്ളിയിടുകയാണെന്നു പറഞ്ഞിരുന്നു.
ദീർഘനാൾ അദ്ദേഹം അമേരിക്കയുടെ ശത്രുപക്ഷത്തു നിലയുറപ്പിച്ച ക്യൂബയിലാണ് താമസിച്ചത്. അതുകൊണ്ടു തന്നെ അമേരിക്കൻ സർക്കാരിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. അസാധാരണമാംവിധം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അദ്ദേഹത്തെ വിഷാദരോഗത്തിൽ താഴ്ത്തി. 1961 ഏപ്രിൽ മാസത്തിലെ ഒരു ശരത്‌കാല സന്ധ്യയിൽ രോഗത്തിൽ നിന്നും വിഷാദത്തിൽനിന്നും എഴുത്തുകാരന്റെ നിത്യതയിലേക്കു സ്വയം പ്രവേശിച്ചു.