ജര്‍മനി പ്ലാസ്റ്റിക് ബാഗ് ഉപേക്ഷിക്കുന്നു
Mail This Article
ബര്‍ലിന്‍ ∙ കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി പ്ലാസ്റ്റിക് ബാഗുകളില്‍ കുത്തി നിറച്ച് കൊണ്ടുപോരുന്ന പ്രവണത ജര്‍മനിയില്‍ കുറഞ്ഞു വരുന്നതായി കണക്കുകൾ വ്യക്തമാകുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്തെ പ്രതിശീര്‍ഷ പ്ലാസ്റ്റിക് ബാഗ് ഉപയോഗം 24 ആയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചെണ്ണം കുറവായിരുന്നു ഇത്.
സൊസൈറ്റി ഫോര്‍ പാക്കേജിങ് മാര്‍ക്കറ്റ് റിസര്‍ച്ചാണ് ഇതു സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്ലാസ്റ്റിക് ബാഗുകളില്‍ നിന്ന് ജര്‍മനിക്കാര്‍ അകലം പാലിച്ചു തുടങ്ങിയിരിക്കുകയാണെന്ന് പരിസ്ഥിതി മന്ത്രി സ്വെന്‍ജ ഷൂള്‍സെ പറഞ്ഞു. 2016ലെ കണക്കനുസരിച്ച് 45 ബാഗുകളായിരുന്നു പ്രതിശീര്‍ഷ ഉപയോഗം.
റീട്ടെയ്‍ലര്‍മാര്‍ മിക്കവരും ഇപ്പോള്‍ പ്ലാസ്റ്റിക് ബാഗുകള്‍ സൗജന്യമായി നല്‍കുന്നത് നിര്‍ത്തിയതോടെയാണ് ഉപയോഗം കുറഞ്ഞത്. ശരാശരി പത്തു സെന്‍റ് ഈടാക്കിയാണ് ബാഗ് ആവശ്യമുള്ളവര്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്നത്. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കാന്‍ റീട്ടെയ്‍ലര്‍മാരുമായി ജര്‍മന്‍ സര്‍ക്കാര്‍ കരാറിലുമെത്തിയിരുന്നു.