യുകെയിൽ മലയാളിയുടെ കള്ളുഷാപ്പും തട്ടുകടയും 'വേറെ ലെവൽ'; നാട്ടിലെ രുചികൾ ‘മിസ്’ ചെയ്തപ്പോൾ തുടങ്ങിയ സംരംഭം വൈറൽ
ഭക്ഷണ പ്രിയനായ ഒരു ശരാശരി പ്രവാസി മലയാളിക്ക് ലോകത്ത് എവിടെ പോയാലും മിസ് ചെയ്യുന്നത് എന്തായിരിക്കും? നാട്ടിലെ തട്ടുകടയിലെ ചൂടു പൊറോട്ടയും ബീഫും കള്ളു ഷാപ്പില്‍ നിന്നുള്ള അന്തിക്കള്ളും കപ്പയും
ഭക്ഷണ പ്രിയനായ ഒരു ശരാശരി പ്രവാസി മലയാളിക്ക് ലോകത്ത് എവിടെ പോയാലും മിസ് ചെയ്യുന്നത് എന്തായിരിക്കും? നാട്ടിലെ തട്ടുകടയിലെ ചൂടു പൊറോട്ടയും ബീഫും കള്ളു ഷാപ്പില്‍ നിന്നുള്ള അന്തിക്കള്ളും കപ്പയും
ഭക്ഷണ പ്രിയനായ ഒരു ശരാശരി പ്രവാസി മലയാളിക്ക് ലോകത്ത് എവിടെ പോയാലും മിസ് ചെയ്യുന്നത് എന്തായിരിക്കും? നാട്ടിലെ തട്ടുകടയിലെ ചൂടു പൊറോട്ടയും ബീഫും കള്ളു ഷാപ്പില്‍ നിന്നുള്ള അന്തിക്കള്ളും കപ്പയും
ഭക്ഷണ പ്രിയനായ ഒരു ശരാശരി പ്രവാസി മലയാളിക്ക് ലോകത്ത് എവിടെ പോയാലും മിസ് ചെയ്യുന്നത് എന്തായിരിക്കും? നാട്ടിലെ തട്ടുകടയിലെ ചൂടു പൊറോട്ടയും ബീഫും കള്ളു ഷാപ്പില്‍ നിന്നുള്ള അന്തിക്കള്ളും കപ്പയും അല്ലാതെ എന്ത്? 20 വർഷം മുൻപ് യുകെയിലെത്തിയ ജോൺ സേവ്യര്‍ ഈ സങ്കടം തിരിച്ചറിഞ്ഞാണ് ഇംഗ്ലണ്ടിലെ നോര്‍ത്താംപ്റ്റണില്‍ ഒരു കുഞ്ഞു സംരംഭം തുടങ്ങിയത്. അതുകയറി ഇത്രയങ്ങു തരംഗമാകുമെന്ന് അദ്ദേഹവും കരുതിയില്ല. ഒന്നാന്തരം പനങ്കള്ള് കിട്ടുന്ന കള്ളുഷാപ്പും നാട്ടിലെ അതേ രുചിയിൽ ചൂടോടെ ഭക്ഷണം കിട്ടുന്ന തട്ടുകടയുമാണ് ആ സംരംഭം. (നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിനു ഹാനികരം)
ജോലിക്കും പഠനത്തിനും യുകെയിലേയ്ക്കു കുടിയേറിയെത്തിയ മലയാളികൾക്ക് ഇന്ന് ഇതൊരു സംഭവം തന്നെയായിട്ടുണ്ട്. ഈ ഷാപ്പിൽ നിന്നൊരൽപം കള്ളുമോന്താൻ ഒൻപത് മണിക്കൂർ വണ്ടിയോടിച്ചെത്തുന്ന വീരന്മാരുമുണ്ട് എന്നു കേള്‍ക്കുമ്പോള്‍ അദ്ഭുതപ്പെടണ്ട. യുകെയുടെ ഏതാണ്ട് എല്ലാഭാഗത്തുനിന്നും മലയാളികളും തമിഴ് നാട്ടില്‍ നിന്നു കുടിയേറിയവരും ഇവിടെയെത്തുന്നുണ്ട്. ഭാവിയിൽ ഇതൊരു ടൂറിസ്റ്റു കേന്ദ്രമാകും എന്ന മട്ടിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. ഇപ്പോള്‍ ഷാപ്പിലെത്തുന്ന 60% ആളുകളും നോർത്താംപ്ടണിനു പുറത്തു നിന്നുള്ളവരാണ് എന്ന് ഇവിടുത്തെ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. നാട്ടിലെ ഷാപ്പുകള്‍ക്കു മുന്നിലെ പച്ചമലയാളത്തിൽ എഴുതിയ ബോര്‍ഡ് കാണുന്ന ഏതൊരു മലയാളിയും കയറിയൊന്നു വീശാതെ എങ്ങനെ പോകും. അത്രയ്ക്കാണ് സ്വന്തം നാടു വിട്ടെത്തുന്നവര്‍ ഇവിടെ അനുഭവിക്കുന്ന ഗൃഹാതുരത.
∙ നാട്ടിലെ രുചികൾ ‘മിസ്’ ചെയ്തപ്പോൾ തുടങ്ങിയ സംരംഭം
നാട്ടിലെ കള്ളും രുചികളും ‘മിസ്’ ചെയ്തപ്പോൾ 2021ൽ ഒരു രസത്തിന് തുടങ്ങിയ കള്ളുഷാപ്പ് വൈറലായതിന്റെ ആകസ്മികതയിലാണ് ജോൺ സേവ്യർ. കള്ളിന്റെ രുചിപിടിച്ചതോടെ സായിപ്പന്മാരും സ്ഥിരമായി വന്നുതുടങ്ങി. ബിയറിന്റെ പ്രകൃതിദത്തരൂപമായിട്ടാണ് അവർ പനങ്കള്ളിനെ കാണുന്നത്. നോർത്താംപ്ടണിലെ ഗോൾഡ് സ്ട്രീറ്റിലാണ് ഈ ഷാപ്പ്. മലയാളികൾ ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യക്കാർ ഒരുപാടുള്ള പ്രദേശമാണിത്. തുടക്കത്തിൽ പാഴ്സൽ മാത്രം നൽകിയിരുന്ന ചെറിയൊരു കൗണ്ടർ മാത്രമായിരുന്നു അത്. ഇന്ന് ആ സ്ഥാനത്ത് വൈകുന്നേരങ്ങളിൽ എല്ലാവർക്കും ഒത്തുകൂടാനും കൊച്ചുവർത്തമാനം പറയാനുമുള്ള വിശാലമായ ഒരു റെസ്റ്റോറന്റാണ്. കേരളത്തനിമയൊട്ട് വിട്ടിട്ടുമില്ല, സായിപ്പിന് വേണ്ട ഗുണമേന്മയിൽ വിട്ടുവീഴ്ചകളുമില്ല. ജോണിന്റെ നേതൃപാടവത്തിന് കീഴിൽ ഇവിടെയെല്ലാം പെർഫെക്റ്റാണ് - ഇടതടവില്ലാതെ ഒഴുകുന്ന കള്ള് പോലെ.
ലഹരികള്ള് മാത്രമാണിതെന്ന് കരുതി മുഖംകറുപ്പിക്കേണ്ട. ഇന്ത്യയിൽ നിന്ന് ജോലിയും പഠനവും ആഗ്രഹിച്ച് യുകെയിലെത്തുന്ന ഒരുപാട് ചെറുപ്പക്കാരുടെ ആശ്രയമാണിന്ന് ജോണിന്റെ തട്ടുകട. ഇന്ത്യക്കാരായ വിദ്യാർഥികളാണ് ഇവിടെ ജോലി ചെയ്യുന്നത്. 20 വർഷങ്ങൾക്ക് മുൻപ് വിദ്യാർഥിയായി തന്നെ യുകെയിലെത്തിയ ആളാണ് ഷാപ്പിന്റെ ഉടമ ജോൺ സേവ്യർ. തന്നെപ്പോലെ ഇവിടെയെത്തുന്ന വിദ്യാർഥികൾക്ക് താങ്ങും തണലുമാകുന്ന ഒരു കൂട്ടായ്മ രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ജോണിന് ഈ സംരംഭം. പഠനം കഴിഞ്ഞുള്ള ഇടവേളകളിൽ ജോലി ചെയ്യുന്നവരാണ് ഇവിടുത്തെ ജീവനക്കാരെല്ലാം. നാട്ടിൽ നിന്നെത്തിയിട്ടുള്ള മലയാളി സംഘങ്ങളെ പരിചയപ്പെടാനും കൂട്ടു കൂടാനുമുള്ള ഒരു സങ്കേതമായും ഇന്നു ഷാപ്പ് മാറിയിട്ടുണ്ട്.
കേരളത്തിന്റെ അതേ രുചിയിൽ കൊഞ്ചും കണവയും ഞണ്ടും മുയലും താറാവും കല്ലുമ്മക്കായയുമെല്ലാം യുകെയിൽ കിട്ടുന്ന ഒരേയൊരിടം എന്നാണ് അവകാശവാദം. ഒരിക്കലെങ്കിലും ഇവിടെ എത്തിയിട്ടുള്ളവര്‍ ഇതു ശരിവയ്ക്കുന്നുണ്ട്. പൊറോട്ടയും ബീഫ് റോസ്റ്റും നാടൻ കോഴിപ്പെരട്ടും മീൻ പൊരിച്ചതിനും ആവശ്യക്കാരേറെ. മലയാളിക്ക് ഒരിക്കലും കണ്ടില്ലെന്ന് നടിക്കാൻ കഴിയാത്ത ഈ രുചികൾ, ഇപ്പോൾ സായിപ്പന്മാരുടെ രുചിമുകുളങ്ങളെയും കീഴടക്കുകയാണ്. പൊരിച്ച തവളക്കാലാണ് ഇവിടെ ഏറ്റവുംകൂടുതൽ വിറ്റഴിക്കുന്ന വിഭവം. തൊട്ടുപിറകിൽ പൊറോട്ടയും ബീഫുമാണ്. എല്ലാത്തിനുമൊപ്പം ഫ്രഷായ പനങ്കള്ളിന്റെ രുചിയും മണവും കൂടിയാകുമ്പോൾ വായിൽ കപ്പലോടാനുള്ള വെള്ളം നിറയും.
∙ കേരളത്തിനും മാതൃകയാക്കാവുന്ന ബിസിനസ് മോഡൽ
മായം ചേർത്ത കള്ള് കേരളത്തിൽ പലയിടത്തും ഒരു വെല്ലുവിളിയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ കിട്ടുന്ന പണി വളരെ വലുതായിരിക്കും. പക്ഷെ അങ്ങനെയൊരു പേടി ജോണിന്റെ കള്ളുഷാപ്പിലെത്തുന്നവർക്കില്ല. കാരണം യുകെയിലെ കർശനമായ മാനദണ്ഡങ്ങൾക്ക് വിധേയമായി ഒട്ടും മായമില്ലാത്ത കള്ളുമാത്രമേ ഇവിടെ വിൽക്കാനാകു. അതിന്റെ ലൈസൻസ് നേടിയെടുക്കാൻ കുറച്ചൊന്നുമല്ല ജോൺ സേവ്യർ പ്രയത്നിച്ചത്. ഒരു തുള്ളി മായം കണ്ടെത്തിയാൽ പോലും കട പൂട്ടേണ്ടി വരും. പിന്നെ ലൈസൻസ് കിട്ടാൻ പ്രയാസമാണ്. അതുകൊണ്ട് കള്ളിന്റെ നിലവാരത്തിന് എപ്പോഴും നൂറിൽ നൂറ് മാർക്കാണ്.
കള്ള് ചെത്തിക്കഴിഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ പാക്ക് ചെയ്ത് അധികം പുളിക്കുന്നതിന് മുൻപ് വിമാനം കയറ്റി യുകെയിലെത്തിക്കണം. നിർഭാഗ്യവശാൽ കേരളത്തിൽ ഇന്നും അതിനുള്ള സംവിധാനമില്ല. ഇവിടെ അവസരം കൃത്യമായി വിനിയോഗിക്കുന്നത് നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയാണ്. ആഫ്രിക്കയിൽ നിന്നും ജോൺ സേവ്യർ കള്ള് ഇറക്കുമതി ചെയ്യുന്നുണ്ട്.
അവിടെയൊക്കെ കള്ള് ചെത്തിയാലുടൻ വായുകടക്കാത്ത വിധം പാക്ക് ചെയ്യും. ഈ പാക്കറ്റിനുള്ളിൽ കള്ള് പൂത്തുതുടങ്ങാതെ മണിക്കൂറുകളോളം ഇരിക്കും. ശീതീകരിച്ച സംഭരണികളിൽ അവ വിമാനം കയറി യുകെയിൽ എത്തും. അവിടെ പാക്ക് തുറക്കുമ്പോൾ മാത്രമാണ് സത്യത്തിൽ കള്ള് പൂത്തുതുടങ്ങുന്നത്. തുറന്നില്ലെങ്കിൽ പ്രിസർവേറ്റിവുകളൊന്നുമില്ലാതെ തന്നെ മാസങ്ങളോളം ഈ കള്ള് സൂക്ഷിക്കാനും കഴിയും. എല്ലാ എക്സൈസ് നടപടികളും പൂർത്തിയാക്കിയാണ് ശ്രീലങ്കയിൽ നിന്നുള്ള കള്ള് യുകെയിൽ എത്തുന്നത്. യുകെയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ അതിന് നിയമതടസങ്ങളുമില്ല. എല്ലാ മദ്യങ്ങൾക്കും നൽകുന്ന അനുമതിയുടെ നടപടിക്രമങ്ങൾ തന്നെയാണ് കള്ളിനും യുകെയിലുള്ളത്.
നോട്ടത്തിലും രുചിയിലും വീര്യത്തിലും കേരളത്തിലെ കള്ളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല ശ്രീലങ്കൻ കള്ള്. കള്ളിനൊപ്പം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മദ്യബ്രാൻഡുകളും ഇവിടെ ലഭ്യമാണ്. എല്ലാ ബ്രാൻഡുകളും കൊണ്ടുവരാൻ ജോൺ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും ക്വാളിറ്റി ടെസ്റ്റ് പാസാകാത്തതിനാൽ അനുമതി ലഭിച്ചില്ല. കാനഡയിൽ ഒരു മലയാളി വികസിപ്പിച്ച മന്ദാകിനി നാടൻ വാറ്റും പോളണ്ടിൽ ഒരു മലയാളി ഉല്പാദിപ്പിക്കുന്ന മലയാളി ബിയറുമെല്ലാം ആദ്യമായി യുകെയിലെത്തിച്ചതും ജോൺ സേവ്യർ തന്നെയാണ്. ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട ഓൾഡ് മങ്ക്, അമൃത്, ഇന്ദ്രി ഉൾപ്പെടെയുള്ള മദ്യങ്ങൾ ഈ ഷാപ്പിൽ ലഭ്യമാണ്.
മലയാളികൾക്ക് മാത്രമല്ല, അവിടെയുള്ള മറ്റ് ഇന്ത്യക്കാർക്കും വേറെ രാജ്യങ്ങളിൽ നിന്നുള്ളവർക്കും സ്വദേശികൾക്കുമിടയിൽ ഒരുപോലെ പേരെടുക്കയാണ് ഈ ഷാപ്പും തട്ടുകടയും. മലയാളിക്ക് നാടിനോടുള്ള ഗൃഹാതുരതയാണെങ്കിൽ മറ്റുള്ളവർക്ക് വ്യത്യസ്തമായ ഒരു രുചിയിടം എന്ന നിലയിലാണ് വളർച്ച. ഈ സ്വീകാര്യത വലിയ നേട്ടമാക്കി മാറ്റാനുള്ള തീരുമാനത്തിലാണ് ജോൺ സേവ്യർ. അധികം വൈകാതെ ലണ്ടനുൾപ്പെടെ കൂടുതൽ യുകെ നഗരങ്ങളിൽ ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് അദ്ദേഹം. ദിനംപ്രതി മലയാളികളുടെ എണ്ണം കൂടിവരുന്ന രാജ്യമാണ് യുകെ. ഭാവിയിലും വിദേശമലയാളികൾ തെല്ലും ആവേശംകൈവിടാതെ ഈ രുചികൾ കൂട്ടുപിടിക്കുമെന്ന് ഉറപ്പ്. നാട്ടിലെപ്പോലെ കള്ള് സാമൂഹികവിരുദ്ധമായ ഒന്നാണെന്ന ചിന്തയും ഇവിടെയാർക്കുമില്ല. സങ്കുചിത ചിന്തകൾ മാറ്റിവച്ച് ഇതിലെ വലിയ സാധ്യതകൾ തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്താൻ കേരളം കൂടി തയാറായാൽ സംസ്ഥാനത്തിന് പുതിയൊരു പ്രധാന വരുമാനസ്രോതസ്സ് കൂടിയായിരിക്കും ഈ ആശയം എന്നു പറയുന്നു ജോണ്‍ സേവ്യറെന്ന സംരംഭകന്‍.