പുതിയ ശമ്പള കരാറിന് പിന്തുണ നൽകി കണ്‍സള്‍ട്ടന്‍റ് ഡോക്ടർമാർ പണിമുടക്കുകൾ അവസാനിപ്പിച്ചു; ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടരും
എൻഎച്ച്എസ് ഇംഗ്ലണ്ടിലെ കണ്‍സള്‍ട്ടന്‍റ് ഡോക്ടര്‍മാര്‍ സര്‍ക്കാരിന്‍റെ പുതിയ ശമ്പള കരാറിന് പിന്തുണ നൽകി പണിമുടക്കുകൾ അവസാനിപ്പിച്ചു.
എൻഎച്ച്എസ് ഇംഗ്ലണ്ടിലെ കണ്‍സള്‍ട്ടന്‍റ് ഡോക്ടര്‍മാര്‍ സര്‍ക്കാരിന്‍റെ പുതിയ ശമ്പള കരാറിന് പിന്തുണ നൽകി പണിമുടക്കുകൾ അവസാനിപ്പിച്ചു.
എൻഎച്ച്എസ് ഇംഗ്ലണ്ടിലെ കണ്‍സള്‍ട്ടന്‍റ് ഡോക്ടര്‍മാര്‍ സര്‍ക്കാരിന്‍റെ പുതിയ ശമ്പള കരാറിന് പിന്തുണ നൽകി പണിമുടക്കുകൾ അവസാനിപ്പിച്ചു.
ലണ്ടൻ ∙ എൻഎച്ച്എസ് ഇംഗ്ലണ്ടിലെ കണ്‍സള്‍ട്ടന്‍റ് ഡോക്ടര്‍മാര്‍ സര്‍ക്കാരിന്‍റെ പുതിയ ശമ്പള കരാറിന് പിന്തുണ നൽകി പണിമുടക്കുകൾ അവസാനിപ്പിച്ചു. കണ്‍സള്‍ട്ടന്‍റ് ഡോക്ടര്‍മാരുടെ രണ്ട് പ്രധാന ട്രേഡ് യൂണിയനുകളായ ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷൻ (ബിഎംഎ), ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്‍റ്‌സ് ആന്‍ഡ് സ്‌പെഷ്യലിസ്റ്റ് അസോസിയേഷൻ (എച്ച്‌സിഎസ്എ) എന്നിവയാണ് പുതിയ ശമ്പള കരാറിനെ അനുകൂലിച്ച് പണിമുടക്കുകൾ അവസാനിപ്പിച്ചത്. ഇരു സംഘടനകളിലെയും 83% അംഗങ്ങളാണ് സർക്കാരിന്‍റെ ശമ്പള കാരറിനെ അനുകൂലിച്ചത്. സർക്കാർ കരാർ പ്രകാരം കണ്‍സള്‍ട്ടന്‍റ് ഡോക്ടര്‍മാര്‍ക്ക് 20% ശമ്പള വര്‍ധനവാണ് ഏകദേശം ലഭ്യമാവുക. 2024-25 സാമ്പത്തിക വർഷത്തിൽ പ്രത്യേക ശമ്പള വർധനവും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
മറ്റ് രാജ്യങ്ങളിലെ ശമ്പളവും കാലക്രമേണ ലഭിക്കുന്ന വരുമാനവും കണക്കിലെടുത്ത് ഡോക്ടർമാരുടെ ശമ്പള അവലോകന ബോഡി പരിഷ്കരിക്കാനുള്ള നടപടിയും സർക്കാർ കൈക്കൊള്ളുമെന്ന് അറിയിച്ചിട്ടുണ്ട്. സർക്കാർ വാഗ്ദാനങ്ങൾ സ്വീകരിച്ച് പണിമുടക്കുകൾ അവസാനിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെക്രട്ടറി വിക്ടോറിയ അറ്റ്കിന്‍സ് പറഞ്ഞു. രോഗികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള പരിചരണം നല്‍കുന്നതിന് ഇപ്പോൾ ഇംഗ്ലണ്ടിലെ കണ്‍സള്‍ട്ടന്‍റ് ഡോക്ടർമാർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നും അത് മൂലം കഴിഞ്ഞ നാല് മാസമായി കുറഞ്ഞുവരുന്ന വെയ്റ്റിങ് ലിസ്റ്റുകളിലെ പുരോഗതി ഏകീകരിക്കാന്‍ സർക്കാരിന് കഴിയുമെന്നും വിക്ടോറിയ അറ്റ്കിന്‍സ് പറഞ്ഞു.
ഇതിനിടയിൽ തുടരുന്ന ശമ്പള വർധനവിനായുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് പരിഹരിക്കുന്നതില്‍ വിജയിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. 35% ശമ്പള വർധനവാണ് ജൂനിയർ ഡോക്ടർമാരുടെ ആവശ്യം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്രയും വലിയ വർധനവ് നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ. നേരത്തെ പ്രഖ്യാപിച്ച 9.8% വര്‍ധനവിന് പുറമെ അധികമായി 3% കൂടി നൽകാമെന്ന് സർക്കാർ മുൻപ് ജൂനിയർ ഡോക്ടർമാരെ അറിയിച്ചിരുന്നു. ഒരു ജൂനിയര്‍ ഡോക്ടര്‍ക്ക് ശരാശരി 10% ന് അടുത്ത് ശമ്പള വർധന നല്‍കിയിട്ടും ഇത് അംഗീകരിക്കാതെ പണിമുടക്ക് തുടരുന്നത് നിരാശാജനകമെന്നാണ് സർക്കാർ പ്രതിനിധികൾ പറയുന്നത്. എന്നാല്‍ പണപ്പെരുപ്പത്തിന് താഴെ വര്‍ഷങ്ങളായി നല്‍കിയ വര്‍ധന പരിഗണിച്ചാല്‍ ഇപ്പോഴത്തെ വർധന പര്യാപ്തമല്ലെന്നാണ് ജൂനിയർ ഡോക്ടർമാരുടെ മറുപടി.