രാജ്യാന്തര യാത്രക്കാരുടെ യാത്ര മുടക്കിയ അപ്രതീക്ഷിത പ്രതിഷേധങ്ങൾ; എയർ ഇന്ത്യ എക്സ്പ്രസിനെ പോലെ എയർ ഫ്രാൻസും ലുഫ്താൻസയും
Mail This Article
വിദേശയാത്രയ്ക്ക് വേണ്ടി എല്ലാ ക്രമീകരണവും ചെയ്ത് വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർ ജീവനക്കാരുടെ അപ്രതീക്ഷിത നടപടിയിൽ വലയുകയാണ്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവിൽ പ്രവേശിച്ചതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് എഴുപതിലേറെ സർവീസുകൾ റദ്ദാക്കിയത് പോലെയുള്ള സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. പലപ്പോഴും തൊഴിൽ നയങ്ങളിൽ പ്രതിഷേധിച്ചും ശമ്പളത്തിനും വേണ്ടിയാണ് ഇത്തരത്തിൽ പല വിമാന കമ്പനികളിലെ ജീവനക്കാരും പണിമുടക്കിയത്. അത്തരത്തിൽ മുൻപ് നടന്ന ചില സമരങ്ങളും അതു സൃഷ്ടിച്ച പ്രതിസന്ധികളും നോക്കാം.
∙2018ലെ എയർ ഫ്രാൻസ് പണിമുടക്ക്
2018 ഏപ്രിലിൽ, എയർ ഫ്രാൻസ് പൈലറ്റുമാർ ശമ്പളത്തിനും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കും വേണ്ടി 12 ദിവസത്തെ അപ്രതീക്ഷിത പണിമുടക്ക് നടത്തി. ഇത് ആയിരക്കണക്കിന് യാത്രക്കാരെയാണ് വലച്ചത്. ഈസ്റ്റർ അവധിക്കാലത്തെ യാത്രാ പദ്ധതികൾ തടസ്സപ്പെടുത്തിയ പണിമുടക്കിൽ ജനം വലഞ്ഞു. പല യാത്രക്കാർക്കും നിരാശയും ഫ്ലൈറ്റുകൾ റീബുക്ക് ചെയ്യുന്നതിനോ ബദൽ ഗതാഗതം കണ്ടെത്തുന്നതിനോ നീണ്ട കാലതാമസവും അന്ന് നേരിടേണ്ടി വന്നു .
∙ 2019ലെ ലുഫ്താൻസ പൈലറ്റ് പണിമുടക്ക്
2019 ഏപ്രിലിൽ, ലുഫ്താൻസ പൈലറ്റുമാരുടെ അപ്രതീക്ഷിത പണിമുടക്ക് സൃഷ്ടിച്ചത് വലിയ പ്രതിസന്ധിയാണ്. എട്ട് ദിവസം നീണ്ട നിന്ന പണിമുടക്കിൽ 4,000-ലധികം വിമാനങ്ങൾ റദ്ദാക്കി, 350,000-ത്തിലധികം യാത്രക്കാരെ ബാധിച്ചു. തിരക്കേറിയ സമയത്താണ് പണിമുടക്ക് വന്നത് എന്നതിനാൽ വലിയ തോതിലുള്ള നഷ്ടം ലുഫ്താൻസയ്ക്ക് സഹിക്കേണ്ടി വന്നു .
∙ഹോങ്കോങ്എയർ ട്രാഫിക് കൺട്രോളർമാരുടെ സമരം
2018 ഓഗസ്റ്റിൽ, ഹോങ്കോങ്ങിലെ എയർ ട്രാഫിക് കൺട്രോളർമാർ സർക്കാർ നിർദേശിച്ച ശമ്പള വർധന അപര്യാപ്തമെന്ന് വിമർശിച്ച് പണിമുടക്കി. ഒരു ദിവസമാണ് പണിമുടക്ക് നടന്നത്. പക്ഷേ ഈ അപ്രതീക്ഷിത പണിമുടക്ക് നൂറുകണക്കിന് ഫ്ലൈറ്റ് റദ്ദാക്കലിനും കാലതാമസത്തിനും കാരണമായി, തിരക്കേറിയ ഹോങ്കോങ് രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകളെ ഇത് ഗണ്യമായി ബാധിച്ചു.