3.5 ബില്യൻ പൗണ്ട് മുടക്കി റോയൽ മെയിലിനെ ഏറ്റെടുക്കാനൊരുങ്ങി ചെക്ക് റിപ്പബ്ലിക്കിലെ ശതകോടീശ്വരൻ
Mail This Article
ലണ്ടൻ ∙ ബ്രിട്ടന്റെ നിത്യജീവിതത്തിൽ ജീവനാഡിയായി പ്രവർത്തിക്കുന്ന റോയൽ മെയിലിൽ 3.5 ബില്യന്റെ നിക്ഷേപം നടത്തി ഉടമസ്ഥാവകാശം സ്ഥാപിക്കാനൊരുങ്ങി ചെക്ക് റിപ്പബ്ലിക്കിലെ ശതകോടീശ്വരൻ ഡാനിയേൽ ക്രെന്റെസ്കി. ചെക്ക് റിപ്പബ്ലിക്കിലെ ഇപി ഗ്രൂപ്പിന്റെ സ്ഥാപകനാണ് ക്രെന്റെസ്കി. റോയൽ മെയിലിന്റെ മാതൃ കമ്പനിയായ ഇന്റർനാഷനൽ ഡിസ്ട്രിബ്യൂഷൻ സർവീസസിന്റെ ഓഹരികൾ 3.70 പൗണ്ട് നിരക്കിൽ ഏറ്റെടുക്കാൻ തയാറാണെന്നാണ് ഇപി ഗ്രൂപ്പിന്റെ പ്രപ്പോസൽ. ഏപ്രിൽ മാസത്തിൽ മറ്റൊരു കമ്പനിയിൽ നിന്നും ലഭിച്ച 3.20 പൗണ്ടിന്റെ ബിഡ്ഡിനേക്കാൾ ഏറെ മികച്ച ഓഫറാണിത്.
ക്രെന്റെസ്കിയുടെ ഓഹരി നിക്ഷേപ കമ്പനിക്ക് നിലവിൽ റോയൽ മെയിലിന്റെ 27.6 ശതമാനം ഓഹരികൾ സ്വന്തമായുണ്ട്. ഇതിനു പുറമെയാണ് പുതിയ കരാറിൽ ഏർപ്പെട്ട് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാനുള്ള നീക്കം. പുതിയ ഡീൽ ഉറപ്പിച്ചാൽ റോയൽ മെയിലിന്റെ ബിസിനസ് വളർച്ച പുതിയ തലങ്ങളിലെത്തുമെന്നാണ് പ്രതീക്ഷ.