ജർമനിയിൽ കാണാതായ മലയാളിക്കായി തിരച്ചിൽ തുടരുന്നു; കണ്ടെത്താൻ മലയാളികളോട് സഹായം തേടി കുടുംബാംഗങ്ങൾ
Mail This Article
ബര്‍ലിന്‍/മ്യൂണിക്ക് ∙ ജര്‍മനിയിലെ മ്യൂണിക്കിനടുത്തുള്ള ഐസ്ബാക്കിലെ ഇംഗ്ലിഷ് ഗാര്‍ഡന്‍ നദിയില്‍ നീന്താനിറങ്ങിയ മലയാളി വിദ്യാർഥി നിതിന്‍ തോമസ് അലക്സിനായുള്ള (26) തിരച്ചിൽ തുടരുന്നു. ജൂൺ 29 ന് ഉച്ച കഴിഞ്ഞാണ് തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയും ജർമനിയിലെ ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ യൂണിവേഴ്സിറ്റി ഓഫ് സ്ററുട്ട്ഗാര്‍ട്ടിലെ ഫ്സിക്സ് വിദ്യാർഥിയുമായ നിതിനെ കാണാതയത്.
കാണാതായി അഞ്ചു ദിവസങ്ങളിലേറെയായിട്ടും നിതിനെ ഇതുവരെയും കണ്ടെത്താൻ കഴിയാത്തതിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആശങ്കയിലാണ്. സാഹസിക യാത്രകളും ഫൊട്ടോഗ്രാഫിയും ഇഷ്ടപ്പെടുന്ന നിതിൻ ഒരുപറ്റം സുഹൃത്തുക്കൾക്കൊപ്പമാണ് ഇംഗ്ലിഷ് ഗാർഡൻ നദിയിൽ എത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം. യുവാവിനെ കാണാതായതിനെ തുടർന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളാണ് പൊലീസിൽ വിവരം അറിയിച്ചത്. അപകടസാധ്യത കണക്കിലെടുത്ത് നീന്തൽ നിരോധിച്ചിരിക്കുന്ന സ്ഥലത്താണ് ഇവർ നീന്താൻ ഇറങ്ങിയത് പൊലീസ് അറിയിച്ചു. പ്രദേശത്തെ അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് അടയാളങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ബര്‍ലിനിലെ എംബസിയും മ്യൂണിക്കിലെ കോണ്‍സുലേറ്റും നിതിന്റെ ബന്ധുക്കളെ വിവരമറിയിച്ചിരുന്നു. ഇതേ തുടർന്ന് നിതിന്റെ ഹാനോവറിലുള്ള സഹോദരനും സുഹൃത്തും മ്യൂണിക്കില്‍ എത്തിയിരുന്നു. ഇവർ ഇപ്പോഴും നിതിനെ കണ്ടെത്താൻ വിവിധ മാർഗങ്ങളിൽ തിരച്ചിൽ തുടരുകയാണ്. നിതിനെ കുറിച്ച് എന്തേലും വിവരം ലഭിക്കുന്നവർ +919961476918 എന്ന നമ്പരിൽ നേരിട്ടോ വാട്സ്ആപ്പ് ചാറ്റ് വഴിയോ ബന്ധപ്പെടുവാൻ കുടുംബാംഗങ്ങൾ പൊതു സമൂഹത്തോടും ജർമനിയിലെ വിവിധ മലയാളി സമൂഹങ്ങളോടും അഭ്യർത്ഥിച്ചു.