ജീവനക്കാർ പണിമുടക്കിലേക്ക്; ഹീത്രൂ വിമാനത്താവള പ്രവർത്തനത്തെ ബാധിച്ചേക്കും, മലയാളികൾക്ക് തിരിച്ചടി
Mail This Article
ലണ്ടൻ∙ ഹീത്രൂ വിമാനത്താവളത്തിൽ നൂറുകണക്കിന് അതിർത്തി സുരക്ഷാ ജീവനക്കാർ തൊഴില്‍ നിബന്ധനകളിലെ മാറ്റങ്ങള്‍ക്കെതിരെ പണിമുടക്കിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 31 മുതല്‍ 23 ദിവസത്തേക്കാണ് പണിമുടക്കുകൾക്ക് ഒരുങ്ങുന്നത്. പബ്ലിക് ആന്‍ഡ് കൊമേഴ്സ്യല്‍ സര്‍വീസസ് (പിസിഎസ്) യൂണിയനിലെ ഏകദേശം 650 അംഗങ്ങളാണ് പണിമുടക്കിൽ പങ്കെടുക്കുക.
സെപ്റ്റംബര്‍ 22 വരെയാണ് പണിമുടക്ക് . ഹീത്രൂ എയർപോർട്ടിലെ 2, 3, 4, 5 ടെർമിനലുകളിൽ പ്രവര്‍ത്തിച്ചിരുന്ന പിസിഎസ് അംഗങ്ങള്‍ ഏപ്രിലില്‍ പുതിയ ഡ്യൂട്ടി റോസ്റ്റര്‍ വന്നതിന് ശേഷം മാനേജ്മെന്റുമായി തര്‍ക്കത്തിലായിരുന്നു. പണിമുടക്ക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
ഓണത്തിന്റെ സമയത്ത് നിരവധി മലയാളികള്‍ ആണ് ഹീത്രു എയര്‍പോര്‍ട്ട് വഴി കേരളത്തിലേക്ക് യാത്ര തിരിക്കാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. സെപ്റ്റംബർ ആദ്യവാരം സ്കൂൾ തുറക്കുന്ന സമയമായതിനാൽ ധാരാളം മലയാളി കുടുംബങ്ങൾ യുകെയിലേക്ക് അവധി കഴിഞ്ഞു എത്തുന്ന സമയം കൂടിയാണ്. ആയതിനാൽ പണിമുടക്ക് കൂടുതൽ ബാധിക്കുക മലയാളികളുടെ യാത്രകളെ ആയിരിക്കും.