ബ്രിട്ടനിലെ പൊലീസ് തൂണുകൾ; മരപ്പലക കൊണ്ടുള്ള ബോക്സിൽ ടെലിഫോണും ലൈറ്റും
യുകെയിൽ തുടക്കം കുറിച്ചതാണ് പൊലീസ് തൂണുകൾ അഥവാ പൊലീസ് ബോക്സുകൾ. അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ട് ബന്ധിപ്പിച്ച ഒരു ടെലിഫോൺ ആയിരുന്നു ഈ ബോക്സിൽ ഉണ്ടായിരുന്നത്
യുകെയിൽ തുടക്കം കുറിച്ചതാണ് പൊലീസ് തൂണുകൾ അഥവാ പൊലീസ് ബോക്സുകൾ. അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ട് ബന്ധിപ്പിച്ച ഒരു ടെലിഫോൺ ആയിരുന്നു ഈ ബോക്സിൽ ഉണ്ടായിരുന്നത്
യുകെയിൽ തുടക്കം കുറിച്ചതാണ് പൊലീസ് തൂണുകൾ അഥവാ പൊലീസ് ബോക്സുകൾ. അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ട് ബന്ധിപ്പിച്ച ഒരു ടെലിഫോൺ ആയിരുന്നു ഈ ബോക്സിൽ ഉണ്ടായിരുന്നത്
ലണ്ടൻ ∙ പൊലീസുകാർക്ക് ആശയവിനിമയത്തിന് ടുവേ റേഡിയോ സെറ്റുകളോ വാക്കിടോക്കികളോ ഇല്ലാതിരുന്ന കാലഘട്ടത്തെക്കുറിച്ച് ചിന്തിച്ചു നോക്കൂ. ബീറ്റ് ഡ്യൂട്ടിയിൽ ഉള്ള പൊലീസുകാർക്കോ റോന്തു ചുറ്റുന്ന പട്രോളിങ് സംഘത്തിനോ ഒരു അത്യാവശ്യ കാര്യം മേലുദ്യോഗസ്ഥനെ അറിയിക്കണമെങ്കിൽ എന്താണ് വഴി? പൊതുജനത്തിന് ഒരു സംഭവമോ അത്യാഹിതമോ പൊലീസിനെ അറിയിക്കണമെങ്കിലോ? പരമാവധി വേഗത്തിൽ വച്ചുപിടിച്ച് നേരെ സ്റ്റേഷനിൽ ചെന്ന് കാര്യം പറയുക തന്നെ.
ഇതിനൊരു പരിഹാരമായി യുകെയിൽ തുടക്കം കുറിച്ചതാണ് പൊലീസ് തൂണുകൾ അഥവാ പൊലീസ് ബോക്സുകൾ. അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ട് ബന്ധിപ്പിച്ച ഒരു ടെലിഫോൺ ആയിരുന്നു ഈ ബോക്സിൽ ഉണ്ടായിരുന്നത്.
ലോകത്തിലെ ആദ്യത്തെ പൊലീസ് പബ്ലിക് കോൾ ബോക്‌സ് 1891ൽ സ്‌കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയിലാണ് അവതരിപ്പിച്ചത്. ഡിറ്റക്ടീവ് സൂപ്രണ്ട് വില്യം പി. ഹേ ആയിരുന്നു ഈ ആശയത്തിനു പിന്നിൽ. ഗ്ലാസ്‌ഗോയിലെ ബുക്കാനൻ സ്ട്രീറ്റിന്റെയും ഗോർഡൻ സ്ട്രീറ്റിന്റെയും കവലയിലാണ് ആദ്യത്തെ കോൾ ബോക്‌സ് സ്ഥാപിച്ചത്. മരപ്പലക കൊണ്ടുള്ള കോൾ ബോക്സിൽ ടെലിഫോണും ബോക്സിനു മുകളിൽ ലൈറ്റും ഉണ്ടായിരുന്നു. ഇതിന്റെ വാതിൽ തുറക്കുമ്പോൾ, അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ മണി മുഴങ്ങും, അവിടെയുള്ള ഉദ്യോഗസ്ഥൻ കോളിന് മറുപടി നൽകും. ഈ നവീകരണം പൊലീസ് ആശയവിനിമയത്തിന്റെ വികസനത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു.
യുകെയിലുടനീളമുള്ള നഗരങ്ങളിലും ലോകമെമ്പാടും പൊലീസ് കോൾ ബോക്‌സുകൾ വ്യാപകമാകുന്നതിന് ഇത് വഴി തുറക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർക്ക് തെരുവുകളിൽ നിന്നുകൊണ്ട് തന്നെ അവരുടെ ആസ്ഥാനവുമായി ആശയവിനിമയം നടത്താനുള്ള ഉപാധിയായും ഇത് മാറി. 1920കളിൽ സ്‌കോട്‌ലൻഡിൽ നിന്ന് ബ്രിട്ടന്റെ മറ്റ് ഭാഗങ്ങളിലേക്കും ഈ സംവിധാനം വ്യാപിച്ചു.
10 വർഷം പിന്നിട്ടപ്പോഴേക്കും ലണ്ടൻ ഉൾപ്പെടെ യുകെയിലെ പല നഗരങ്ങളിലും പ്രധാന കവലകളിൽ പൊലീസ് തൂണുകൾ സാധാരണ കാഴ്ചയായി മാറി. ചുവപ്പ് നിറത്തിൽ നിന്ന് നീല നിറത്തിലേക്കും, പെട്ടിയുടെ രൂപത്തിൽ നിന്ന് തൂണിന്റെ മാതൃകയിലേക്കും, മരപ്പലകയിൽ നിന്ന് ഇരുമ്പിലേക്കും പൊലീസ് ബോക്സുകൾക്ക് പിൽക്കാലത്ത് പരിണാമം സംഭവിച്ചു.
1960 ആയപ്പോഴേക്കും പൊലീസ് ബോക്സ് ശൃംഖല വിപുലീകരിച്ചു. ലണ്ടൻ നഗരത്തിൽ മാത്രം ഇത്തരത്തിലുള്ള 700 തൂണുകളാണ് അക്കാലത്ത് ഉണ്ടായിരുന്നത്. ഇത് നാട്ടുകാർക്കും ഉപയോഗിക്കാൻ കഴിഞ്ഞതിലൂടെ പൊലീസും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെട്ടു. കുറ്റകൃത്യങ്ങൾ, അത്യാഹിതങ്ങൾ, പൊലീസ് ശ്രദ്ധ ആവശ്യമുള്ള മറ്റ് സംഭവങ്ങൾ എന്നിവ ഉടനടി റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങൾ ഈ ഫോണുകൾ ഉപയോഗിച്ചിരുന്നു.
കാസ്റ്റ് അയണിൽ നിർമിച്ച് നീല പെയിന്റ് അടിച്ച് അടയാളപ്പെടുത്തിയ ഇത്തരം തൂണുകളിൽ ചിലതിനു മുകളിൽ ഒരു ലൈറ്റും ക്രമീകരിച്ചിരുന്നു. ഇതിന്റെ നിയന്ത്രണം അടുത്തുള്ള പൊലീസ് സ്റ്റേഷനായിരുന്നു. ആ ഭാഗത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ പോസ്റ്റിലേക്ക് മടങ്ങാനോ സ്റ്റേഷനിലേക്ക് തിരികെ വിളിക്കാനോ ഉള്ള സിഗ്നലായി ഈ ലൈറ്റ് ഉപയോഗിച്ചിരുന്നു. വെളിയിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇത്തരം ബോക്സുകളിലൂടെ ചെക്ക് ഇൻ ചെയ്യാനും അനുവദിച്ചിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കൂടുതൽ നവീനമായ ആശയവിനിമയ സാങ്കേതിക വിദ്യകൾ അവതരിപ്പിച്ചതോടെ പൊലീസ് തൂണുകളുടെ ഉപയോഗം കുറയാൻ തുടങ്ങി. പോർട്ടബിൾ ടു വേ റേഡിയോകളുടെ വ്യാപനവും ഇവ ഘടിപ്പിച്ച പൊലീസ് വാഹനങ്ങളുടെ ഉപയോഗവും സ്ഥിരമായി നാട്ടി നിർത്തിയ പൊലീസ് ബോക്സുകളുടെ പ്രസക്തി ഇല്ലാതാക്കി. 1960കളിൽ മിക്ക പൊലീസ് കോൾ പോസ്റ്റുകളും നിർത്തലാക്കപ്പെട്ടു.
ആശയവിനിമയ സംവിധാനങ്ങൾ പരിമിതമായിരുന്ന പഴയ കാലഘട്ടത്തിന്റെ ഓർമപ്പെടുത്തലായി പൊലീസ് തൂണുകളിൽ ചിലത് ഇന്നും സംരക്ഷിച്ചിട്ടുണ്ട്. ചരിത്ര പുരാവസ്തുവായി മ്യൂസിയങ്ങളിൽ മാത്രമല്ല പ്രാദേശിക തലങ്ങളിലും അത് സംരക്ഷിച്ചു വരുന്നു. ഇതിൽ ചിലത് ചരിത്രപരമായ ലാൻഡ്മാർക്കുകളാണ്. കഫേകളിലും മറ്റും അവ പുനർ നിർമിച്ചിരിക്കുന്നത് കാണാം. പൊലീസ് ബോക്സുകളുടെ മാതൃ നഗരമായ ഗ്ലാസ്ഗോയിൽ അഞ്ച് ഇടങ്ങളിൽ ഇവ പഴയ മാതൃകയിൽ സംരക്ഷിച്ചിട്ടുണ്ട്. യഥാർഥ പൊലീസ് ബോക്സിന്റെ മാതൃകയിൽ ബിബിസിയുടെ സയൻസ് ഫിക്ഷൻ പരമ്പരയായ 'ഡോക്ടർ ഹൂ'വിലെ നായകന്റെ വാഹനമായി അവതരിപ്പിച്ച ടാർഡിഡ് ബോക്സിലൂടെ പുതിയ തലമുറയ്ക്കും ഇത് പരിചിതമാണ്.