ഇംഗ്ലിഷ് ചാനൽ വഴി അനധികൃത കുടിയേറ്റം; ശനിയാഴ്ച എത്തിയത് 707 പേർ
യുകെയിലേക്ക് ഇംഗ്ലിഷ് ചാനൽ വഴിയുള്ള അനധികൃത കുടിയേറ്റത്തിൽ വർധന.
യുകെയിലേക്ക് ഇംഗ്ലിഷ് ചാനൽ വഴിയുള്ള അനധികൃത കുടിയേറ്റത്തിൽ വർധന.
യുകെയിലേക്ക് ഇംഗ്ലിഷ് ചാനൽ വഴിയുള്ള അനധികൃത കുടിയേറ്റത്തിൽ വർധന.
ലണ്ടൻ ∙ യുകെയിലേക്ക് ഇംഗ്ലിഷ് ചാനൽ വഴിയുള്ള അനധികൃത കുടിയേറ്റത്തിൽ വർധന. 2024 ൽ ഇതുവരെ 24,335 പേർ യുകെയിൽ അനധികൃതമായി എത്തിയതായാണ് ഹോംഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ കഴിഞ്ഞ ശനിയാഴ്ച മാത്രം എത്തിയത് 707 പേരാണ് എത്തിയത്. ബ്രിട്ടനിൽ ജൂലൈ നാലിന് നടന്ന പൊതു തിരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാവിഷയം അനധികൃത കുടിയേറ്റം ആയിരുന്നു. കഴിഞ്ഞ 12 വർഷം യുകെയിൽ അധികാരത്തിലിരുന്ന കൺസർവേറ്റീവ് പാർട്ടി അനധികൃത കുടിയേറ്റം തടയുന്നതിൽ പരാജയപ്പെട്ടത് തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രിയായിരുന്ന ഋഷി സുനകിന്റെ ജനപ്രീതി കുറയാൻ കാരണമായിരുന്നു.
അനധികൃതമായി യുകെയിൽ എത്തുന്നവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേയ്ക്ക് നാടുകടത്താനുള്ള പദ്ധതിയും വൻ വിമർശനങ്ങൾ നേരിട്ടു. അനധികൃത കുടിയേറ്റം തടയാൻ നടപടി സ്വീകരിക്കുമെന്നതായിരുന്നു ഇപ്പോഴത്തെ പ്രധാനമന്ത്രി കിയേർ സ്റ്റാമെറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ലേബർ പാർട്ടിയുടെ വാഗ്ദാനം. എന്നാൽ കിയേർ സ്റ്റാമെർ അധികാരമേറ്റതിനു ശേഷമുള്ള അനധികൃത കുടിയേറ്റ കണക്കുകളും തൃപ്തികരമല്ല.
2024 ൽ ഇംഗ്ലീഷ് ചാനൽ കടന്നെത്തിയവരുടെ ഏറ്റവും കൂടിയ രണ്ടാമത്തെ പ്രതിദിന കണക്കാണ് 707 പേർ എന്നത്. ജൂൺ 18 ന് 882 പേരാണ് ഒരു ദിവസം യുകെയിൽ എത്തിയത്. തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചതിന് ശേഷം 10,000 ത്തിലധികം ആളുകൾ ആണ് ഇംഗ്ലിഷ് ചാനലിലൂടെ യുകെയിൽ അനധികൃതമായി എത്തിയത്. അതേസമയം മുൻ പൊലീസ് മേധാവി മാർട്ടിൻ ഹെവിറ്റിനെ പുതിയ അതിർത്തി സുരക്ഷാ കമാൻഡറായി നിയമിച്ചതിന് ശേഷം അനധികൃത കുടിയേറ്റം തടയാനുള്ള ശ്രമത്തിൽ പുരോഗതിയുണ്ടെന്ന് സർക്കാർ പറയുന്നു.