പിഎംസിസി ഓണാഘോഷം സംഘടിപ്പിച്ചു
പ്ലിമത്ത് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
പ്ലിമത്ത് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
പ്ലിമത്ത് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
പ്ലിമത്ത് ∙ പ്ലിമത്ത് മലയാളി കൾച്ചറൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പി എംസിസിയുടെ നേതൃത്വത്തിൽ നടന്ന നാലാമത്തെ ഓണാഘോഷമായിരുന്നു. ഘോഷയാത്രയോടെയാണ് ഓണാഘോഷം ആരംഭിച്ചത്. വിശിഷ്ടാതിഥിയായി പ്ലിമത്ത് കൗൺസിലിന്റെ ലോർഡ് മേയർ ടീന ടൗവി പങ്കെടുത്തു. ഏകദേശം 600 ൽപ്പരം മലയാളികൾ പങ്കെടുത്ത ഓണാഘോഷത്തിൽ ഘോഷയാത്രയ്ക്ക് പുറമെ കുട്ടികളും മുതിർന്നവരും പങ്കെടുത്ത കലാകായിക മത്സരങ്ങൾ അരങ്ങേറി.
മാവേലി വേഷധാരിയെ വരവേറ്റുകൊണ്ടു തുടങ്ങിയ ആഘോഷം മുതിർന്നവർക്ക് ഗൃഹാതുരത്വം നൽകി. കുട്ടികൾക്ക് പുതിയ ഒരു അനുഭവം നൽകുകയും ചെയ്തു. ഓണാഘോഷത്തോട് അനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ പിഎംസിസി പ്രസിഡന്റ് സാനി മൈക്കിൾ അധ്യക്ഷത വഹിച്ചു. പ്ലിമത്ത് ലോർഡ് മേയർ ടീന ടൗവി, കൗൺസിലർ വിൽ നോബിൾ, പിഎംസിസി സെക്രട്ടറി ജിജോ ഗീവർഗീസ്, മെയിൻ സ്പോൺസർ മനീഷ് ഐഡിയലിസ്റ്റിക് എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഓണം സ്പോർട്സ് ഡേയിൽ വിജയികളായവർക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ആവേശം നിറഞ്ഞ വടം വലി, ഓണപ്പാട്ടുകൾ, തിരുവാതിര എന്നിവ ഉൾപ്പടെയുള്ള പരിപാടികൾ രാവിലെ മുതൽ ആരംഭിച്ച ഓണാഘോഷത്തിന് മാറ്റ് കൂട്ടി. പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഓണസദ്യ വിളമ്പി. പിഎംസിസി അംഗങ്ങളുടെ വിവിധ കലാപരിപാടികൾക്ക് പുറമെ ഡിജെയും എൽഇഡി സ്ക്രീനിങും ഓണാഘോഷം ആവേശത്തിമിർപ്പിൽ എത്തിച്ചു.
പിഎംസിസി ഭാരവാഹികളായ സാനി മൈക്കിൾ (പ്രസിഡന്റ്), ജിജോ ഗീവർഗീസ് (സെക്രട്ടറി), നീതു മേരി തോമസ് (ജോയിന്റ് സെക്രട്ടറി), സിജോ ജോർജ് (ട്രഷറർ) എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വരുൺ ഗോപി, ഫെമിൻ ജോസ്, സജി വർഗീസ്, ഗോപിക ഡിബിൻ, രഞ്ജിത് വേണുഗോപാൽ, ഫെബിൻ ജോസ്, സുധ രാധ, അക്സ അന്ന ജോൺ, സന്തോഷ് ജോൺ, സുബിൻ സെബാസ്റ്റ്യൻ എന്നിവരാണ് ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.