ADVERTISEMENT

ലങ്കാഷെയർ ∙ യുകെയിൽ ഗര്‍ഭിണിയായ മലയാളി യുവതിയെ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ചു തെറിപ്പിച്ച സംഭവത്തിൽ ഗർഭസ്ഥ ശിശു മരിച്ചതായി ലങ്കാഷെയർ പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ കൂടുതൽ അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ലങ്കാഷെയറിന് സമീപം ബാംബർ ബ്രിഡ്ജിൽ വച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ വയനാട് സ്വദേശിനിയായ യുവതി ഇപ്പോള്‍ ചികിത്സയിൽ തുടരുകയാണ്. ഞായറാഴ്ച രാത്രി പതിവു പോലെ ജോലി കഴിഞ്ഞ് മടങ്ങവേയാണ് സീബ്രാ ലൈനില്‍ വച്ച് യുവതിയെ കാര്‍ ഇടിച്ചു തെറിപ്പിച്ചത്. വയനാട് മീനങ്ങാടി സ്വദേശിനിയായ 30 കാരിയാണ് അപകടത്തിൽപ്പെട്ടത്. രണ്ടു വര്‍ഷം മുമ്പാണ് യുവതിയും ഭര്‍ത്താവും സ്റ്റുഡന്റ് വീസയില്‍ യുകെയില്‍ എത്തുന്നത്. തുടര്‍ന്ന് നഴ്‌സിങ് ഹോമില്‍ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. 

യുവതിയെ ഇടിച്ച ശേഷം നിർത്താതെ പോയ ടൊയോട്ട പ്രിയസ് കാർ ബോൾട്ടാണിൽ നിന്നും പൊലീസ് കണ്ടെത്തി. സംഭവ ദിവസം മുതൽ ശക്തമായ അന്വേഷണം നടത്തുന്ന പൊലീസ് ഇത് വരെ 6 പേരെയാണ് അറസ്റ്റ് ചെയ്തത്. 16, 17, 19, 40, 53 വയസ്സ് വീതം പ്രായമുള്ളവരാണ് അറസ്റ്റിലായത്. ഇതിൽ സംഭവ ദിവസം അറസ്റ്റിലായ 16, 17 വയസ്സ് വീതം പ്രായമുള്ള 2 പേരും തുടർന്ന് അറസ്റ്റിലായ 53 കാരനും ജാമ്യത്തിലിറങ്ങി. മരണത്തിന് കാരണമാകുന്ന തരത്തിൽ വാഹനം ഓടിച്ചതിന്റെ പേരിൽ വാൾട്ടൺ ലെ ഡെയ്‌ലിൽ നിന്നുള്ള 19 കാരനായ യുവാവ് ഇന്നലെ രാത്രി അറസ്റ്റിലായിട്ടുണ്ട്. കൂടാതെ ലോസ്റ്റോക്ക് ഹാളിൽ നിന്നുള്ള 17 വയസ്സുള്ള പെൺകുട്ടിയും ബ്ലാക്ക്ബേണിൽ നിന്നുള്ള 40 വയസ്സുള്ള ഒരു പുരുഷനും കുറ്റവാളിയെ സഹായിച്ചതിനും അന്വേഷണത്തിന്റെ ഗതി തെറ്റിക്കാൻ ശ്രമിച്ചതിനും അറസ്റ്റിലായി. ഇതിൽ പെൺകുട്ടി അപകട സമയത്ത് കാറിനുള്ളിൽ ഉണ്ടായിരുന്നതായാണ് സൂചന. 

ഒരു കൊച്ചു കുഞ്ഞിന്റെ മരണത്തിൽ കലാശിക്കുകയും അമ്മയെ വളരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരികയും ചെയ്ത സംഭവത്തിൽ ഇരയുടെ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഒപ്പമാണ് തങ്ങളെന്നും, അന്വേഷണത്തിൽ ശക്തമായ പുരോഗതി കൈവരിച്ചുവെന്നും ലങ്കാഷെയർ പൊലീസിലെ ഫോഴ്‌സ് മേജർ ഇൻവെസ്റ്റിഗേഷൻ ടീമിലെ ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ആൻഡി ഫാലോസ് പറഞ്ഞു. അപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങള്‍ ലഭിക്കുന്നവര്‍ തുടർന്നും ബന്ധപ്പെടണമെന്ന് ആൻഡി ഫാലോസ് കൂട്ടിച്ചേർത്തു. ഏതെങ്കിലും സിസിടിവി, ഡാഷ്‌ക്യാം അല്ലെങ്കിൽ മൊബൈൽ ദൃശ്യങ്ങൾ ഉള്ളവർ വിവരങ്ങൾ കൈമാറണം എന്നാണ് അഭ്യർഥന. വിവരങ്ങൾ 101 എന്ന നമ്പറിൽ വിളിച്ച് സെപ്റ്റംബർ 29 ലെ ലോഗ് 1163 എന്ന റഫറൻസിൽ വിളിച്ചു പറയുകയോ SCIU@lancashire.police.uk ലേക്ക് ഇമെയിൽ അയക്കുകയോ ചെയ്യാം. വിളിക്കുന്ന ആളിന്റെ വിവരങ്ങൾ വെളിപ്പെടുത്താതെ സ്വതന്ത്ര ചാരിറ്റിയായ ക്രൈംസ്റ്റോപ്പേഴ്സുമായി 0800 555 111 എന്ന നമ്പരിലോ crimestoppers.org ൽ ഓൺലൈൻ വഴിയോ ബന്ധപ്പെടാം.

English Summary:

Pregnant Malayali woman hit by car in UK, Unborn baby dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com