ജര്മനിയില് മലയാളി യുവാവ് കുത്തേറ്റ് മരിച്ചു
Mail This Article
ബര്‍ലിന്‍ ∙ ഒക്ടോബര്‍ ഒന്നു മുതല്‍ ബര്‍ലിനില്‍ നിന്നും കാണാതായ ആദം ജോസഫ് കാവുംമുകത്ത് (30) എന്ന മലയാളി വിദ്യാർഥിയെ കുത്തേറ്റു മരിച്ചതായി കണ്ടെത്തി. ബര്‍ലിന്‍ ആര്‍ഡേന്‍ യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാർഥിയായിരുന്നു. കൊലയാളി ആഫ്രിക്കന്‍ വംശജനാണന്നു സൂചനയുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
ബര്‍ലിന്‍, റെയ്നിക്കെന്‍ഡോര്‍ഫിലാണ് ആദം താമസിച്ചിരുന്നത്. മാവേലിക്കര സ്വദേശിയായ ആദം ബഹ്റൈനിലാണ് ജനിച്ചത്. ആദത്തിനെ കണ്ടെത്താനുള്ള തിരച്ചിലിലാണ് മരിച്ചവിവരം പുറത്തുവരുന്നത്. സംഭവത്തില്‍ ബര്‍ലിനിലെ വിദ്യാര്‍ഥി സമൂഹം ഞെട്ടലിലും ദുഃഖത്തിലുമാണ്.
അതേസമയം റെയ്നിക്കെന്‍ഡോര്‍ഫില്‍ ഒരാളെ കൊലപ്പെടുത്തിയെന്ന് ബുധനാഴ്ച പൊലീസിനോട് സമ്മതിച്ച 28 കാരന്‍ ഇപ്പോള്‍ കസ്ററഡിയിലാണ്. നരഹത്യയുടെ പേരില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസ് ഇദ്ദേഹത്തിനെതിരെ അറസ്ററ് വാറണ്ട് പുറപ്പെടുവിച്ചു.
ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് 28–കാരന്‍ കത്തിമുനയില്‍ തീര്‍ത്തത്. ഇരയെ ഒന്നിലധികം തവണ കുത്തിയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസ് വ്യക്തമാക്കി. കത്തികൊണ്ട് മുറിവേറ്റാണ് യുവാവ് മരിച്ചതെന്ന് പോസ്ററ്മോര്‍ട്ടത്തിൽ കണ്ടെത്തി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.