ജർമൻ ട്രെയിനിൽ വൈദ്യുതാഘാതം: യുവാവിന് ഷോക്കേറ്റു; 360 യാത്രക്കാരെ ഒഴിപ്പിച്ചു
ജർമനിയിലെ ഡോയ്ഷെ ബാൺ റെയിൽവേയിൽ യാത്രക്കാരന് വൈദ്യുതാഘാതമേറ്റു.
ജർമനിയിലെ ഡോയ്ഷെ ബാൺ റെയിൽവേയിൽ യാത്രക്കാരന് വൈദ്യുതാഘാതമേറ്റു.
ജർമനിയിലെ ഡോയ്ഷെ ബാൺ റെയിൽവേയിൽ യാത്രക്കാരന് വൈദ്യുതാഘാതമേറ്റു.
ബര്‍ലിന്‍ ∙ ജർമനിയിലെ ഡോയ്ഷെ ബാൺ റെയിൽവേയിൽ യാത്രക്കാരന് വൈദ്യുതാഘാതമേറ്റു. ഹാംബർഗിൽ നിന്ന് മ്യൂണിക്കിലേക്ക് പോകുകയായിരുന്ന ഐസിഇ ട്രെയിനിലാണ് അപകടം സംഭവിച്ചത്. സീറ്റിൽ ഇരിക്കവെയാണ് 31 വയസ്സുകാരനായ യാത്രക്കാരനാണ് വൈദ്യുതാഘാതമേറ്റത്.
ട്രെയിനിലുണ്ടായിരുന്ന ഡോക്ടർ ഉടൻ തന്നെ പ്രഥമ ശുശ്രൂഷ നൽകി. ട്രെയിൻ ഡോർട്ട്മുണ്ട് സെൻട്രൽ സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുൻപാണ് സംഭവം ഉണ്ടായത്. പരുക്കേറ്റയാളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് നടത്തിയ അന്വേഷണത്തിൽ, യാത്രക്കാരന് സോക്കറ്റിൽ നിന്നാണ് വൈദ്യുതാഘാതമേറ്റതെന്ന് കണ്ടെത്തി. സോക്കറ്റിൽ നിന്ന് കവറില്ലാത്ത മെറ്റൽ പിന്നുകൾ പുറത്തേക്ക് തള്ളി നിൽക്കുകയായിരുന്നു. ട്രാവൽ പ്ലഗ് അഡാപ്റ്ററിന്‍റെ തകർന്ന അവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തി. ഇത് ആസൂത്രിത കുറ്റകൃത്യമാണോ എന്ന കാര്യം അധികൃതർ അന്വേഷിക്കുകയാണ്.
ഈ സംഭവത്തെ തുടർന്ന് ട്രെയിനിലെ മറ്റ് സോക്കറ്റുകൾ പരിശോധിച്ചെങ്കിലും മറ്റ് അപാകതകൾ കണ്ടെത്താനായില്ല. സംഭവത്തെ തുടർന്ന് പൊലീസ് ട്രെയിനിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. 360 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. ഇവരെ മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലൂടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കാനുള്ള ക്രമീകരണവും അധികൃതർ ഏർപ്പെടുത്തി.