യൂറോപ്യന്‍ ബ്രൂയിങ്ങും ഇന്ത്യന്‍ പരമ്പരാഗത രുചിയും കോര്‍ത്തിണക്കി 'മലയാളി ബിയര്‍'; കോടികളുടെ നിക്ഷേപം നേടി ആഗോള കുതിപ്പ്
Mail This Article
ചുരുങ്ങിയ സമയത്തിനുള്ളില്‍ യുറോപ്യന്‍ മാര്‍ക്കറ്റില്‍ തരംഗമുണ്ടാക്കിയ മലയാളി ബിയര്‍ കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നു. മലയാളി എന്ന ബ്രാന്‍ഡിന്റെ ആഗോള വിപുലീകരണത്തിന്‍റെ ഭാഗമായി, കോടികളുടെ നിക്ഷേപം നേടി ബിയര്‍ സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ് വിപണിയിലേയ്ക്കും കടന്നിരിക്കുകയാണ്. യുഎഇ, ബഹ്‌റൈന്‍ രാജ്യങ്ങളിലേക്കുള്ള വിതരണ കരാറുകള്‍ കൂടി ഒപ്പുവച്ചതോടെ, ഈ മേഖലയില്‍ മലയാളി ബിയറിന് മികച്ച ബ്രാന്‍ഡായി സ്ഥാനമുറപ്പിക്കാനുകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ സ്ഥാപക ഡയറക്ടര്‍ ചന്ദ്രമോഹന്‍ നല്ലൂര്‍ പറഞ്ഞു.
യുഎഇ വിപണിക്കായി എഡിഎംഎംഐ (ADMMI) യുമായി മൂന്ന് വര്‍ഷത്തെ കരാറും ബഹ്‌റൈനിലെ ആഫ്രിക്കൻ ആൻഡ് ഈസ്റ്റേൺ ഗ്രൂപ്പുമായി മറ്റൊരു കരാറും ഒപ്പുവച്ചതോടെ, മലയാളി ബിയര്‍ പ്രദേശത്തെ പ്രാദേശിക വിപണിയിലെ ഉപഭോക്തൃവൃന്ദത്തെ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം യൂകെയിലും മലയാളി ബിയര്‍ വിജയകരമായി അരങ്ങേറ്റം കുറിച്ചിരുന്നു. മലയാളി ബിയറിന് യുകെയില്‍ വലിയ നിര ഉപഭോക്താക്കളെയും വിതരണക്കാരെയും നേടാനായത് മിഡില്‍ ഈസ്റ്റിലും വിപണി വിപുലമാക്കാന്‍ സഹായമായി. വിപണിയുടെ വിപുലീകരണം ഏകോപിപ്പിക്കാന്‍ 9 കോടി രൂപയിലധികം വരുന്ന നിക്ഷേപവും ഈ കാലയളവില്‍ മലയാളി ബിയര്‍ കരസ്ഥമാക്കി.
2025-ല്‍ അമേരിക്ക, ഓഷ്യാന, തെക്കുകിഴക്കന്‍ ഏഷ്യന്‍ ഭൂഖണ്ഡങ്ങളിലും വിപണി നേടാനുള്ള ശ്രമത്തിലാണ് മലയാളി ബിയര്‍ ഇപ്പോള്‍. ഇതിന്റെ ഭാഗമായി അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍, ഇന്തൊനീഷ്യ എന്നിവിടങ്ങളിലുള്ള വിതരണകാരുമായി മലയാളി ബിയര്‍ അവസാനഘട്ട ചര്‍ച്ചയിലാണ്. യൂറോപ്യന്‍ ബ്രൂയിങ് സാങ്കേതിക വിദ്യയും ഇന്ത്യന്‍ പരമ്പരാഗത രുചിയും കോര്‍ത്തിണക്കിയ മലയാളി ബിയര്‍ മികച്ച ഉപഭോക്തൃ പിന്തുണ നേടി മുന്നോട്ടു പോകുമ്പോള്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലും ലോഞ്ചിങിനായി ആലോചിക്കുന്നുണ്ട്. അതേസമയം ശക്തമായ പ്രാദേശിക പങ്കാളിത്തങ്ങളിലൂടെയും വര്‍ധിക്കുന്ന വിപണി സാന്നിധ്യത്തിലൂടെയും മലയാളി ബിയര്‍, ആഗോള ബിയര്‍ മേഖലയില്‍ വേറിട്ട ബ്രാന്‍ഡായി മാറാനാണ് ലക്ഷ്യമിടുന്നത്.