ഒടുവിൽ അനുമതി; വിദേശി പൂച്ചക്കുട്ടി നാളെ ആദ്യമായി കൊച്ചിയിൽ പറന്നിറങ്ങും
Mail This Article
നെടുമ്പാശേരി ∙ കൊച്ചി വിമാനത്താവളം വഴി വിദേശത്തു നിന്നുള്ള ആദ്യ ഓമന മൃഗം നാളെ കൊച്ചിയിലെത്തും. ബെൽജിയത്തിലെ ബ്രസ്സൽസിൽ നിന്ന് ദേവിക എന്ന വീട്ടമ്മയോടൊപ്പമാണ് അവരുടെ ഓമനയായ പൂച്ചക്കുട്ടി എത്തുക.
ഇക്കഴിഞ്ഞ ഒക്ടോബർ 10നാണ് വിമാനത്താവള കാർഗോ വിഭാഗത്തിൽ വിദേശത്തേക്ക് മൃഗങ്ങളെ അയയ്ക്കുന്നതിനും കൊണ്ടു വരുന്നതിനും അനുമതി നൽകുന്ന അനിമൽ ക്വാറന്റീൻ ആൻഡ് സർട്ടിഫിക്കേഷൻ സേവനം (എക്യുസിഎസ്) ആരംഭിച്ചത്. നേരത്തേ മൃഗങ്ങളെ ഇത്തരത്തിൽ കൊണ്ടു വരുന്നതിനും കൊണ്ടു പോകുന്നതിനും ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളിൽ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്.
ഇറക്കുമതി ചെയ്യുന്നതിന് 7 ദിവസം മുൻപെങ്കിലും ഇതു സംബന്ധിച്ച അപേക്ഷ നൽകണം. വാക്സിനേഷൻ, മൈക്രോ ചിപ്, ഹെൽത്ത് സർട്ടിഫിക്കറ്റുകളും എയർ ടിക്കറ്റ്, എയർവേ ബിൽ പാസ്പോർട്ട് കോപ്പി എന്നിവയും ഇതോടൊപ്പം നൽകണം.