ലോകമത പാര്‍ലമെന്റ് വത്തിക്കാനില്‍ ഇന്ന് ആരംഭിക്കും
Mail This Article
വത്തിക്കാന്‍സിറ്റി ∙ വത്തിക്കാനില്‍ നടക്കുന്ന ലോകമത പാര്‍ലമെന്റിന് ഇന്നു തടമാകും. ശ്രീനാരായണഗുരു ആലുവ അദൈ്വതാശ്രമത്തില്‍ സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായാണ് വത്തിക്കാനില്‍ ലോകമത പാര്‍ലമെന്റ് നടത്തുന്നത്. ദൈവദശകം പ്രാര്‍ഥന ഇറ്റാലിയന്‍ ഭാഷയില്‍ ആലാപനംചെയ്താണ് സമ്മേളനം ആരംഭിക്കുന്നത്.
ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. കര്‍ദിനാള്‍ മിഖ്വേല്‍ ആംഗല്‍ അയുസോ ക്വിസോട്ട ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖ് അലി തങ്ങള്‍, കര്‍ണക സ്പീക്കര്‍ യു.ടി. ഖാദര്‍, ഫാ. ഡേവിസ് ചിറമ്മല്‍, രഞ്ജിത്‌സിങ് (പഞ്ചാബ്) ഡോ. എ.വി. അനൂപ്, കെ. മുരളീധരന്‍ (മുരള്യ), ഡോ. സി.കെ. രവി (ചെന്നൈ), ഗോപു നന്ദിലത്ത്, മണപ്പുറം നന്ദകുമാര്‍, ഫൈസല്‍ ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
നിയുക്ത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് സമ്മേളനത്തിന്റെ നേതൃനിരയിലുണ്ട്. മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുന്‍ ട്രഷറര്‍ സ്വാമി വിശാലാനന്ദ, ഗുരുധര്‍മ്മപ്രചരണ സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, ആലുവ അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ, സ്വാമിനി ആര്യനന്ദാദേവി എന്നിവരാണ് ശിവഗിരി മഠത്തെ പ്രധിനിധീകരിച്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
29–നു മതസമന്വയവും മതസൗഹാര്‍ദവും ഉയര്‍ത്തിക്കാട്ടുന്ന സ്നേഹസംഗമം നടക്കും. ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം, ബുദ്ധ, സിഖ്, യഹൂദ മതങ്ങളിലെ പുരോഹിതന്‍മാരും ശിവഗിരി മഠത്തിലെ സന്യാസിശ്രേഷ്ഠരും പങ്കെടുക്കും. സച്ചിദാനന്ദ സ്വാമി തയാറാക്കിയ "സര്‍വമതസമ്മേളനം' എന്ന ഗ്രന്ഥത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ, "ഗുരുവും ലോകസമാധാനവും' എന്ന പുസ്തകത്തിന്റെ ഇംഗ്ലിഷ് പരിഭാഷ എന്നിവ പ്രകാശനം ചെയ്യും. സമ്മേളനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുഗ്രഹപ്രഭാഷണം നടത്തും. 30നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശീര്‍വാദം. റോമിലെ ജോര്‍ജിയന്‍ യൂണിവേഴ്സിറ്റി ഇന്റര്‍ഫെയ്സ് ഡയലോഗിന്റെ അധ്യക്ഷന്‍ ഫാ. മിഥിന്‍ ജെ.ഫ്രാന്‍സിസ് ചടങ്ങിന്റെ മോഡറേറ്ററായിരിക്കും.
നവംബർ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെയാണ് സമ്മേളനം. വിവിധ രാജ്യങ്ങളില്‍നിന്നുള്ള നൂറോളം പ്രതിനിധികള്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള ജനപ്രതിനിധികളും സന്യാസിമാരും, ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും. ഇന്ത്യയ്ക്കു പുറമേ ഇറ്റലി, ബഹ്റൈന്‍, ഇന്‍ഡൊനീഷ്യ, അയര്‍ലന്‍ഡ്, ദുബായ്, അബുദാബി, ഇംഗ്ളണ്ട്, അമേരിക്ക തുടങ്ങി 15–ല്‍ പരം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് ഒത്തുചേരുന്നത്. എംഎല്‍എമാരായ ചാണ്ടി ഉമ്മന്‍, സജീവ് ജോസഫ്, ടി.ജെ.സനീഷ് കുമാര്‍, പി.വി.ശ്രീനിജന്‍, ഇരുദയാദാസ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.