സമീക്ഷ യുകെ ദേശീയ സമ്മേളനം ബർമിങ്ങാമിൽ
Mail This Article
ബർമിങ്ങാം ∙ യുകെയിലെ ഇടത് പുരോഗമന സംഘടനയായ സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനം ശനിയാഴ്ച. ബർമിങ്ങാമിലെ നേം പാരിഷ് സെന്ററിലെ സിതാറാം യെച്ചൂരി നഗറാണ് സമ്മേളനവേദി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ കെ കെ ശൈലജ ടീച്ചർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമീക്ഷയുടെ 33 യൂണിറ്റുകളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും തദേശസ്വയം ഭരണ- എക്സൈസ് വകുപ്പ് മന്ത്രിയുമായ എംബി രാജേഷ് പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികള്‍ക്ക് ദേശീയ സമ്മേളനം രൂപം നല്‍കും. അടുത്ത വർഷങ്ങളില്‍ സമീക്ഷയെ നയിക്കാൻ പുതിയ നാഷനല്‍ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുക്കും.
പ്രതിനിധി സമ്മേളനത്തിന് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ എല്ലാ മതേതര-ജനാധിപത്യവിശ്വാസികള്‍ക്കും പങ്കെടുക്കാം. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആതിഥേയരായ ബർമിങ്ങാം യൂണിറ്റ് കമ്മിറ്റി അറിയിച്ചു.
സമീക്ഷ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സ്റ്റോക്ക്പോർട്ടില്‍ നിന്നുള്ള കൃഷ്ണദാസ് രാമാനുജം ഒന്നാംസ്ഥാനവും നോർത്താംപ്റ്റണില്‍ നിന്നുള്ള അജയ് ദാസ് രണ്ടാംസ്ഥാനവും നേടി. ദിപിൻ മോഹനാണ് ലോഗോ മത്സരത്തിലെ വിജയി. ദേശീയ സമ്മേളനത്തിന്റെ ഔദ്യോഗിക ലോഗോ ആയി ഇത് തിരഞ്ഞെടുത്തു. മത്സരവിജയകള്‍ക്കുള്ള സമ്മാനം പൊതുസമ്മേളനത്തില്‍ വിതരണം ചെയ്യും.