യൂറോപ്പില്‍ ചെന്നായ് വേട്ടയ്ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ്
Mail This Article
ബ്രസല്‍സ് ∙ ചെന്നായ്ക്കളെ വേട്ടയാടുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ യൂറോപ്യൻ കമ്മിഷൻ ഇളവുകൾ വരുത്തുന്നു. യൂറോപ്പിലെ വന്യജീവികളുടെ സംരക്ഷണം സംബന്ധിച്ച ബേൺ കൺവൻഷന്റെ കീഴിലെ അനക്സ് രണ്ടിൽ ചാരനിറത്തിലുള്ള ചെന്നായ്ക്കളുടെ സ്റ്റേറ്റസിലെ 'കർശന സംരക്ഷണം' എന്നത് 'സംരക്ഷണം' എന്നാക്കി മാറ്റാനാണ് യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ധാരണയായത്. കൂടുതൽ ചെന്നായ്ക്കളെ കൊന്നൊടുക്കാൻ ഇടയാക്കുമെന്നതിനാൽ പുതിയ തീരുമാനത്തിനെതിരെ ആക്ടിവിസ്റ്റുകളും രംഗത്തിറങ്ങിയിട്ടുണ്ട്.
വംശനാശ ഭീഷണി നേരിടുന്ന ചെന്നായ്ക്കളെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് നേരത്തെ നിയന്ത്രണങ്ങൾ കർശനമാക്കിയത്. ചെന്നായ്ക്കളുടെ എണ്ണത്തിലെ ഗണ്യമായ വർധനയെ തുടർന്നാണ് നിയന്ത്രണത്തിൽ ഇളവു വരുത്തുന്നത്–2012 ൽ 11,000 ആയിരുന്നത് നിലവിൽ 20,000 എത്തി.
മാത്രമല്ല ചെന്നായ്ക്കൾ കൃഷിസ്ഥലങ്ങളിലെത്തി വിളകൾ നശിപ്പിക്കുന്നത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുന്നത് പതിവാകുന്നതും പുതിയ തീരുമാനത്തിന് കാരണമായി. യൂറോപ്യൻ യൂണിയനുകളിലെ വിവിധ രാജ്യങ്ങളിലായി പ്രതിവർഷം 65,000 ആടുകളെയും, ചെമ്മരിയാടുകളെയും ചെന്നായ്ക്കൾ കൊല്ലുന്നുണ്ടെന്നാണ് കണക്ക്.