അപ്നാദേശിന് പ്ലാറ്റിനം ജൂബിലി; ആത്മബന്ധത്തിന്റെ ഓർമകളുമായി പ്രഫ. ബാബു പൂഴിക്കുന്നേൽ
കോട്ടയം അതിരൂപതയുടെ മുഖപത്രമായ 'അപ്നാദേശി'ന് 75 വയസ്സ്.
കോട്ടയം അതിരൂപതയുടെ മുഖപത്രമായ 'അപ്നാദേശി'ന് 75 വയസ്സ്.
കോട്ടയം അതിരൂപതയുടെ മുഖപത്രമായ 'അപ്നാദേശി'ന് 75 വയസ്സ്.
കോട്ടയം അതിരൂപതയുടെ മുഖപത്രമായ 'അപ്നാദേശി'ന് 75 വയസ്സ്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞപ്പോൾ ഓർമകളുടെ തിരയിളക്കം. 35 വർഷം അപ്നാദേശിന്‍റെ പത്രാധിപസമിതി അംഗമായിരുന്ന വ്യക്തി എന്ന നിലയിൽ ഓർമകളുടെയും അനുഭവങ്ങളുടെയും ഒട്ടേറെ നക്ഷത്രങ്ങൾ മനസ്സിൽ പ്രകാശിച്ചു നിൽക്കുന്നു.
സെപ്റ്റംബർ നാലിന് അപ്നാദേശ് ചീഫ് എഡിറ്റർ ഫാ. മാത്യു മണക്കാട്ട് റോമിലേക്ക് പോകുകയാണ്. കിഴക്കേ നട്ടാശ്ശേരി പള്ളി വികാരിയും കാത്തലിക് മിഷൻ പ്രസിന്‍റെ മാനേജരും, കുന്നശ്ശേരി പിതാവിന്‍റെ അഡീഷനൽ സെക്രട്ടറിയുമായിരുന്നു ഫാ. മാത്യു മണക്കാട്ട്. അദ്ദേഹത്തെ യാത്രയയ്ക്കാൻ ഞങ്ങൾ കൊച്ചി വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു. വികാരി ജനറൽ ഫാ. സൈമൺ കുന്തമറ്റത്തിൽ, പുതിയ ചീഫ് എഡിറ്റർ ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. മാത്യു മണക്കാട്ട് പിന്നെ ഞാനും.
അരമനയിലെ അംബാസിഡർ കാർ ഓടിക്കുന്നത് തോമാച്ചനാണ്. റോമിലെ പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ച് പഠനം നടത്തുന്നതിനും ദൈവശാസ്ത്രത്തിൽ ഗവേഷണം ചെയ്യുന്നതിനുമാണ് ഫാ. മാത്യു മണക്കാട്ടിന് അഡ്മിഷൻ കിട്ടിയിരിക്കുന്നത്. ടിക്കറ്റ് ഇതുവരെ കൺഫേം ആകാത്തതിനാൽ അദ്ദേഹം ആകെ അസ്വസ്ഥനാണ്. കൊച്ചിയിലെ പീയേഴ്സ് ലെസ്ലി ട്രാവൽ ഏജൻസിയിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. അവിടെ ചെന്നപ്പോൾ ടിക്കറ്റെല്ലാം ഓക്കെയായി. കാര്യങ്ങളെല്ലാം ഹാപ്പിയായി. വെണ്ടുരുത്തിപ്പാലം കടന്നുചെല്ലുന്ന പഴയ വിമാനത്താവളത്തിൽ നിന്നാണ് ഫാ. മാത്യു മണക്കാട്ട് മുംബൈയ്ക്ക് പറക്കാൻ പോകാൻ പോകുന്നത്.മുംബൈയിൽ നിന്ന് അൽഇറ്റാലിയ വിമാനത്തിൽ റോമിലേക്കും പോകും. എല്ലാവരും അദ്ദേഹത്തെ ആശ്ലേഷിച്ച്, ആശംസകൾ നേർന്ന് യാത്രയാക്കി.
തിരികെ പോരുമ്പോൾ അന്നത്തെ പ്രശസ്തമായ മേഴ്സി ടൂറിസ്റ്റ് ഹോമിലാണ് ഞങ്ങളെല്ലാവരും ഊണുകഴിച്ചത്. ഊണിന്‍റെ കറികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ചെമ്മീൻപൊടി വളരെ രുചികരമായിരുന്നു. ഫാ. സൈമൺ കുന്തമറ്റത്തിൽ ചെമ്മീൻപൊടി വീണ്ടും വീണ്ടും ആവശ്യപ്പെട്ട് ഊണ് ആസ്വദിച്ച് കഴിക്കുന്നത് എനിക്കിപ്പോഴും രസകരമായ ഒരു ഓർമയാണ്. മടക്കയാത്രയിൽ ഫാ. സൈമൺ കുന്തമറ്റത്തിലിന്‍റെ നിഷ്കളങ്കമായ തമാശകളും കമന്റുകളും ഞങ്ങളുടെ യാത്രയെ ഹൃദ്യമായ ഒരു അനുഭവമാക്കി.
1983 മേയ് മാസം മുതലാണ് ഞാൻ അപ്നാദേശ് പത്രാധിപസമിതിയിൽ അംഗമായത്. അപ്നാദേശ് കുടുംബത്തിലേക്ക് കടന്നുവരാൻ എന്നെ പ്രേരിപ്പിച്ചതും പ്രോത്സാഹിപ്പിച്ചതും ഫാ. മാത്യു മണക്കാട്ടായിരുന്നു. ഫാ. എബ്രഹാം മുത്തോലത്ത്, സിസ്റ്റർ ബിബിയാന എന്നിവരും എന്നോടൊപ്പം പത്രാധിപസമിതിയിൽ നിയമിതരായി. ശനിയാഴ്ച ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ഞാൻ അപ്നാദേശ് ഓഫിസിൽ പോകും. കഥ, കവിത, ലേഖനം ഇവയൊക്കെ വായിച്ച് പ്രസിദ്ധീകരണ യോഗ്യമായവ തിരഞ്ഞെടുക്കുകയായിരുന്നു എന്‍റെ ജോലി. വേറെ എഡിറ്റർമാരാരും അന്ന് അപ്നാദേശിൽ ഉണ്ടായിരുന്നില്ല. സിസ്റ്റർ ആൻസിലിൻ, സിസ്റ്റർ സ്മിത എന്നിവർ ഓഫിസ് കാര്യങ്ങൾ നോക്കി നടത്തിയിരുന്നു.
അപ്നാദേശ് കെ.കെ. റോഡിനോട് ചേർന്ന് ബിസിഎം കോളജിന്‍റെ ഇടതുവശത്തായി ഉണ്ടായിരുന്ന ഓടിട്ട പഴയ ഇരുനിലക്കെട്ടിടത്തിലാണ് അന്ന് പ്രവർത്തിച്ചിരുന്നത്. ആ കെട്ടിടത്തിന്‍റെ താഴത്തെ നിലയിലെ വലതുവശത്തെ മുറി വാടകയ്ക്ക് കൊടുത്തിരുന്നു. അത് ഗ്ലാമർ എന്ന പേരിൽ തയ്യൽക്കട, ചായക്കട എന്നിങ്ങനെ മാറി മാറി പ്രവർത്തിച്ചിരുന്നു. തൊട്ടപ്പുറത്തെ മുറിയിലാണ് ജ്യോതി ബുക്ക് ഹൗസ് പ്രവർത്തിച്ചിരുന്നത്. ബുക്ക് ഹൗസിന്‍റെ പുറകിലത്തെ നീണ്ട ഹാളിലാണ് 1940 മുതൽ 2010 വരെ പ്രസ്സ് പ്രവർത്തിച്ചിരുന്നത്.
പിന്നീട് അത് തിരുഹൃദയക്കുന്നിലെ പഴയ ബോർഡിങ് ഹൗസിന്‍റെ ഹാളിലേക്ക് മാറ്റി സ്ഥാപിച്ചു. തടികൊണ്ട് നിർമിച്ച, ചവിട്ടുമ്പോൾ കറുകറ ശബ്ദം കേൾക്കുന്ന ഗോവണിപ്പടി കയറി ചെന്നാൽ അപ്നാദേശിന്‍റെ ഓഫിസ് മുറിയിലെത്താം. 1983 മുതൽ 2010 വരെ അപ്നാദേശ് ഓഫിസ് മുറിയുടെ തൊട്ടപ്പുറത്ത് കുറെക്കാലം ക്നാനായ കത്തോലിക്കാ കോൺഗ്രസിന്‍റെയും ഓഫിസും പ്രവർത്തിച്ചിരുന്നു. അതിന്‍റെയും തൊട്ടപ്പുറത്തെ ഹാളിലാണ് അപ്നാദേശ് മടക്കാനും മറ്റു പലവക കാര്യങ്ങളും നിർവ്വഹിക്കപ്പെട്ടിരുന്നത്.
കോട്ടയത്തേക്കുള്ള മടക്കയാത്രയിൽ ഫാ. എബ്രഹാം മുത്തോലത്ത് അപ്നാദേശിലെ ഭാവിപരിപാടികളെക്കുറിച്ച് ആലോചന തുടങ്ങി. ഏത് ജോലി ഏൽപ്പിച്ചാലും ഉടൻതന്നെ അതേക്കുറിച്ച് ആലോചിക്കുകയും അത് വിജയിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നത് ഫാ. എബ്രഹാം മുത്തോലത്തിന്‍റെ സഹജമായ സ്വഭാവമാണ്. സദാ പ്രവർത്തനനിരതനായ ഫാ. എബ്രഹാം മുത്തോലത്ത് വർക്ക്ഹോളിക്കായ ഒരു വൈദികനായി എനിക്ക് ചിലപ്പോൾ തോന്നിയിട്ടുണ്ട്.
അപ്നാദേശ് ജനകീയമാക്കാനും ലാഭത്തിലാക്കാനുമുള്ള മാർഗ്ഗത്തെക്കുറിച്ച് ഞങ്ങൾ ആലോചന തുടങ്ങി. ആളുകൾക്ക് വായിക്കാൻ താൽപര്യം തോന്നുന്ന നോവലുകളും, ലേഖനങ്ങളും, ഫീച്ചറുകളും പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. കോട്ടയം പുഷ്പനാഥ്, മുട്ടത്തുവർക്കി, കാനം ഇ.ജെ. എന്നിവരുടെ നോവലുകൾക്കുവേണ്ടി പരിശ്രമിക്കണമെന്നും ധാരണയായി. സഭാ പിതാക്കന്മാരുമായും രാഷ്ട്രീയ നേതാക്കന്മാരുമായും അഭിമുഖ സംഭാഷണം നടത്തി അവരുടെ കർമ്മരംഗങ്ങളിലെ ക്രൈസ്തവ സാക്ഷ്യത്തിന്‍റെ പുതുമകൾ കണ്ടെത്തുവാനും അവ ഫീച്ചറുകളായി പ്രസിദ്ധീകരിക്കുവാനും ആലോചിച്ചു.
വിവിധ തലത്തിലുള്ള ആളുകളെ അപ്നാദേശുമായി ബന്ധിപ്പിച്ച് നിർത്തുന്നതിന് ചർച്ചാവേദികൾ, വനിതാപംക്തി, സാഹിത്യ രചന മത്സരങ്ങൾ ഇവയൊക്കെ നടത്തുവാനും ഞങ്ങൾ ചിന്തിച്ചു. സമുദായ വാർത്തകൾ ചിത്രങ്ങൾ സഹിതം കഴിയുന്നത്ര പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. മുത്തോലത്തച്ചൻ അന്ന് പാച്ചിറ പള്ളി വികാരിയാണ്. ഒരു നീല ലാമ്പി സ്കൂട്ടറിൽ അച്ചൻ എന്നും കൃത്യസമയത്ത് അപ്നാദേശ് ഓഫിസിൽ എത്തുവാൻ തുടങ്ങി. അപ്നാദേശ് ഓഫിസിലെയും കാത്തലിക് മിഷൻ പ്രസിലെയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ആലോചിച്ച് തുടങ്ങി.
1950 നവംബർ 1-ന് പ്രസിദ്ധീകരണം ആരംഭിച്ച അപ്നാദേശിന് ആ സമയമായപ്പോഴേക്കും ഒരു മുപ്പത് വർഷത്തിന്‍റെ ചരിത്രം കൂടി ഉണ്ടായിരുന്നു. കോട്ടയം മുൻസിപ്പൽ ചെയർമാനായിരുന്ന അഡ്വ. ജോസഫ് മാളിയേക്കലാണ് 'അപ്നാദേശ്' എന്ന പേര് നിർദ്ദേശിച്ചത്. ഭരണഘടനാ നിർമാണത്തിന്‍റെ ഒരു കാലഘട്ടത്തിൽ ഹിന്ദിക്ക് പ്രാധാന്യം കൊടുക്കണമെന്ന് രാഷ്ട്രനേതാക്കൾ ആഗ്രഹിച്ചു. ദേശീയോദ്ഗ്രഥനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ദേശസ്നേഹം സൂചിപ്പിക്കുന്നതിനും വേണ്ടിയാണ് 'നമ്മുടെ നാട്' എന്നർത്ഥമുള്ള ഈ ഹിന്ദി പദം തിരഞ്ഞെടുത്തത്. സഹായ മെത്രാനായിരുന്ന മാർ തോമസ് തറയിലിന്‍റെ പ്രചോദനത്തിൽ 1950 നവംബർ 1 മുതൽ ചൂളപ്പറമ്പിൽ തിരുമേനിയുടെ മെത്രാഭിഷേക വാർഷിക സ്മരണയ്ക്കായി എല്ലാ ബുധനാഴ്ചയിലും അപ്നാദേശ് പ്രസിദ്ധീകരിക്കുവാൻ തുടങ്ങി. 'ജീവിക്കുക; ജീവിക്കാൻ അനുവദിക്കുക' എന്ന ആദർശം മുദ്രാവാക്യമായി സ്വീകരിച്ചു. ആ സമയം റോമിലായിരുന്ന മാർ തോമസ് തറയിൽ വത്തിക്കാൻ റോഡിയോയിലൂടെ പ്രസംഗിച്ചുകൊണ്ടാണ് അപ്നാദേശ് ഉദ്ഘാടനം ചെയ്തത്.
അപ്നാദേശിന്‍റെ ആരംഭം 'കോട്ടയം മാസിക' എന്ന പ്രസിദ്ധീകരണത്തിൽ തുടങ്ങുന്നു. 1920ൽ ചൂളപ്പറമ്പിൽ പിതാവിന്‍റെ താൽപര്യത്തിൽ കോട്ടയം മാസിക എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. ഫാ. ജോസഫ് ചക്കുങ്കലായിരുന്നു പത്രാധിപരെങ്കിലും പി.യു. ലൂക്കോസായിരുന്നു കാര്യങ്ങളുടെ നിർവ്വഹണം നോക്കി നടത്തിയിരുന്നത്. 1922 ഓഗസ്റ്റ് ഒന്നിന് ഒരു സമ്പൂർണ്ണ വാർത്താപത്രികയായി ഇതിനെ ഉടച്ചുവ്വർത്തു. 'കോട്ടയം പത്രിക' എന്ന് പേര് പരിഷ്കരിച്ചു. ഇന്നത്തെ വർത്തമാന ദിനപത്രത്തിന്‍റെ വലുപ്പത്തിൽ ആറു പേജോടുകൂടി എല്ലാ ബുധനാഴ്ചയും ഇത് പ്രസിദ്ധീകരിച്ചു.
കോട്ടയം പത്രിക കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും മികച്ചു നിന്നു. തിരുവിതാംകൂറിൽ മാത്രമല്ല കേരളത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു പത്രമായി മാറി. സാമൂഹ്യനീതിക്കും ജനാധിപത്യത്തിനും വേണ്ടി ഉറച്ച നിലപാട് സ്വീകരിച്ചുകൊണ്ടുള്ള മുഖപ്രസംഗങ്ങൾ ജോസഫ് മാളിയേക്കൽ എഴുതി. രാജഭരണത്തിനെതിരെയാണ് കോട്ടയം പത്രിക നിലകൊള്ളുന്നതെന്ന് ഒരു ധാരണ അധികാരികൾക്കിടയിൽ ഉണ്ടാകുവാൻ തുടങ്ങി. 1935 സെപ്റ്റംബർ 18ന് കോട്ടയം പത്രികയിൽ പ്രസിദ്ധപ്പെടുത്തിയ ഇ.വി. ജോസഫിന്‍റെ ലേഖനത്തിന്‍റെ പേരിലും 'മതം മാറുന്നതിൽ ആക്ഷേപം' എന്ന വാർത്തയുടെ പേരിലും കോട്ടയം പത്രികയുടെ ലൈസൻസ് റദ്ദാക്കിക്കൊണ്ട് അധികാരികൾ ഉത്തരവിറക്കി. പത്രാധിപരെ അറസ്റ്റ് ചെയ്യുവാൻ നീക്കമുണ്ടായെങ്കിലും പ്രമുഖരുടെ ഇടപെടൽ മൂലം അത് നടന്നില്ല. 'നിവർത്തന പ്രക്ഷോഭ'ത്തിന്‍റെ അനിഷേധ്യ നേതാവായിരുന്ന എൻ.വി. ജോസഫിന്‍റെ നിർദ്ദേശാനുസരണം ലൈസൻസ് റദ്ദാക്കിയതിനെതിരെ കോട്ടയം രൂപത അപ്പീൽ സമർപ്പിച്ചു. എങ്കിലും അപ്പീൽ തള്ളുകയാണ് ഉണ്ടായത്.
കോട്ടയം പത്രികയുടെ പ്രസിദ്ധീകരണം മുടങ്ങിയെങ്കിലും ആ സ്ഥാനത്ത് ഒരു ലക്കം പോലും മുടങ്ങാതെ കെട്ടിലും മട്ടിലും സ്വരത്തിലും മാറ്റമില്ലാതെ 'ചേരമർ ദൂതൻ' എന്ന പേരിൽ പ്രസിദ്ധീകരണം തുടർന്നു. 1937 ഫെബ്രുവരി 3ന് ശേഷം ആ പ്രസിദ്ധീകരണം നിർത്തി. 13 വർഷം കഴിഞ്ഞ് 1950ൽ 'അപ്നാദേശ്' എന്ന പുതിയ വാരികയ്ക്ക് തുടക്കമായി.
1978-ൽ ഫാ. ജോസ് ചാഴികാട്ട് അപ്നാദേശിന്റെ ചീഫ് എഡിറ്ററായതോടെ പ്രൗഢമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. അഡ്വ. ജോസ് ഫിലിപ്പിന്റെ സിനിമാ നിരൂപണം അപ്നാദേശിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് 30ൽ ഏറെ വിദേശ രാജ്യങ്ങളിൽ അപ്നാദേശ് പ്രചരിക്കുന്നു. 2009 മുതൽ ഓൺലൈൻ പത്രവും ആരംഭിച്ചു.
1918 മുതൽ കാത്തലിക് മിഷൻ പ്രസ് അച്ചടി ആരംഭിച്ചു. പി.യു. ലൂക്കോസായിരുന്നു ചുമതലക്കാരൻ. 1940ൽ കെ.കെ. റോഡിലുള്ള കെട്ടിടത്തിലേക്ക് പ്രസ് മാറ്റി. 1942ൽ പുതിയ പ്രസ് വരുത്തി. 1980ൽ ആധുനിക സൗകര്യങ്ങളോടെ പ്രസ്സ് നവീകരിച്ചു.
1984-ൽ ഞാനും മുത്തോലത്തച്ചനും കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിലിന്‍റെ അഭിമുഖം എടുത്തു. തുടർന്ന് മന്ത്രിമാരായ കെ.എം. മാണി, പി.ജെ. ജോസഫ് എന്നിവരെയും. 1985ൽ തിരുഹൃദയക്കുന്നിൽ സാഹിത്യ ശിബിരം നടത്തി. പ്രഫ. എസ്. ഗുപ്തൻ നായർ ഉദ്ഘാടനം ചെയ്തു. ബിജോ കാരക്കാടിനെ ന്യൂസ് എഡിറ്ററായി നിയമിച്ചു.
1985-86 കാലഘട്ടത്തിൽ കോട്ടയം രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം നടന്നു. പ്ലാറ്റിനം ജൂബിലി സ്മരണികയുടെ ചീഫ് എഡിറ്റർ മുത്തോലത്തച്ചനായിരുന്നു. ഞാനും എഡിറ്റോറിയൽ ബോർഡിൽ അംഗമായി. തുടർന്ന് ഫാ. തോമസ് ആദോപ്പള്ളി, ഫാ. ഫിലിപ്പ് പന്നിവേലിൽ, ഫാ. ജോസ് പൂതൃക്കയിൽ, ഫാ. മാത്യു കുഴിപ്പള്ളി എന്നിവർ ചീഫ് എഡിറ്റർമാരായി. 2000-ൽ ഞാൻ എഡിറ്റോറിയൽ എഴുതാൻ തുടങ്ങി. 2000-ൽ അപ്നാദേശിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.
2003 മുതൽ ഫാ. എബ്രഹാം പറമ്പേട്ട് ചീഫ് എഡിറ്ററായി. 2013 വരെ അദ്ദേഹത്തോടൊപ്പമുള്ള കാലം സന്തോഷകരമായിരുന്നു. സാബു കുര്യൻ ഇഞ്ചനാട്ടിൽ ന്യൂസ് എഡിറ്ററായി. 2006-ൽ ഞാൻ പ്രിൻസിപ്പലായെങ്കിലും എഡിറ്റോറിയൽ എഴുതി. ഫാ. കെന്നഡി എല്ലാവർക്കും സന്തോഷം പകർന്നു. അപ്നാദേശ് വൻ ലാഭത്തിലേക്ക് വളർന്നു. 2013ൽ കെന്നഡി അച്ചൻ വിടവാങ്ങി.
അപ്നാദേശ് കുടുംബത്തിലെ അംഗമായിട്ട് 35 സംവത്സരങ്ങൾ കഴിഞ്ഞു. എല്ലാ ചീഫ് എഡിറ്റർമാർക്കും എഡിറ്റർമാർക്കും യാത്രാമംഗളം നേരാൻ എനിക്ക് നിയോഗമുണ്ടായി.. അപ്നാദേശിലെ അവസാന സിസ്റ്ററായ ബസേലിയോസ് അമ്മയും യാത്ര പറഞ്ഞിരിക്കുന്നു.നാലു പതിറ്റാണ്ടിന്‍റെ, മഷിപുരണ്ട അക്ഷരസ്മരണകളുടെ സ്പന്ദിക്കുന്ന അപ്നാദേശ് ഓര്‍മ്മകള്‍!