ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിലെ അപകടം; മരണസംഖ്യ അഞ്ചായി
Mail This Article
മാഗ്ഡെബുർഗ്∙ ജർമനിയിലെ മാഗ്ഡെബുർഗ് ക്രിസ്മസ് മാർക്കറ്റിൽ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറിയ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. 9 വയസ്സുള്ള ആൺകുട്ടിയും നാല് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 200 പേർക്ക് പരുക്കേറ്റതായിട്ടാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ചാൻസലർ ഷോൾസും ആഭ്യന്തര മന്ത്രി നാൻസി ഫെയ്സറും ആദരാഞ്ജലികൾ അർപ്പിക്കാൻ മാഗ്ഡെബുർഗ് സന്ദർശിച്ചു. സംഭവത്തെ തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. ബർലിനിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള മാഗ്ഡെബുർഗിൽ വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അപകട സമയത്ത് പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്ന് പോലീസ് അറിയിച്ചു. സാക്സോണി അൻഹാളിൽ താമസിക്കുന്ന ഇയാൾ സൈക്കോളജി ഡോക്ടറാണ്. സംഭവത്തിൽ മറ്റ് പ്രതികളില്ലെന്നാണ് സൂചന. ആൾത്തിരക്കുള്ള മാർക്കറ്റിലൂടെ 400 മീറ്ററോളം പ്രതി കാറോടിച്ചു കയറ്റുകയായിരുന്നു.
ജർമനിയിൽ സ്ഥിര താമസ പദവിയുള്ള തലാഫ് അഹമ്മദ് എന്ന സൗദി പൗരനാണ് പ്രതി. 2006 മുതൽ ഇയാൾക്ക് ഉൺബെഫ്രിസ്റ്റെ വീസ നൽകിയിട്ടുണ്ട്. അതേസമയം അറസ്റ്റിലായ സൗദി പൗരനെക്കുറിച്ച് ജർമൻ അധികൃതർക്ക് സൗദി അറേബ്യ മുന്നറിയിപ്പ് നൽകിയിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രതിയുടെ എക്സ് അക്കൗണ്ടിൽ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന തീവ്രവാദ നിലപാടുകൾ പോസ്റ്റ് ചെയ്തിരുന്നെന്നായിരുന്നു മുന്നറിയിപ്പ്.