പ്രത്യാശവാതിൽ തുറന്നു, വിശുദ്ധ വർഷാഘോഷത്തിന് തുടക്കം; ജനുവരി 6 വരെ വിശ്വാസികൾക്ക് തീർഥാടനം നടത്താം
Mail This Article
വത്തിക്കാൻ സിറ്റി ∙ ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ തുറന്നതോടെ കത്തോലിക്കാ സഭയുടെ മഹാജൂബിലി വിശുദ്ധവർഷാഘോഷങ്ങൾക്ക് തുടക്കമായി. 2026 ജനുവരി 6 വരെ നീളുന്ന വിശുദ്ധ വർഷാചരണത്തിൽ ഇവിടേക്ക് വിശ്വാസികൾക്ക് തീർഥാടനം നടത്താം.
പൂർണ ദണ്ഡവിമോചനം (പാപമുക്തി) ലഭിക്കുന്ന തീർഥാടനമാണിത്. ഈ കാലയളവിൽ 3.22 കോടി തീർഥാടകർ എത്തുമെന്നു പ്രതീക്ഷിക്കുന്നു. ജയിലിൽ കഴിയുന്നവരോട് പ്രത്യേക ആഭിമുഖ്യം കാണിക്കുന്ന ഫ്രാൻസിസ് മാർപാപ്പ അവർക്ക് പ്രതീക്ഷയുടെ സന്ദേശം നൽകുന്നതിനായി റോമിലെ റെബിബിയ ജയിലിൽ നാളെ മറ്റൊരു വിശുദ്ധ വാതിൽ കൂടി തുറക്കും.
കത്തോലിക്കാ സഭയിൽ 1300 ൽ ആണ് വിശുദ്ധ വർഷാചരണം ആരംഭിച്ചത്. ഇപ്പോൾ എല്ലാ 25 വർഷം കൂടുമ്പോൾ വിശുദ്ധ വർഷം ആചരിക്കുന്നു. വിശുദ്ധ വർഷം വത്തിക്കാനിലേക്കു നടത്തുന്ന തീർഥാടനം പൂർണ ദണ്ഡവിമോചനം ലഭിക്കുന്നതായതിനാൽ തീർഥാടകരുടെ എണ്ണത്തിൽ ഓരോ തവണയും വൻ വർധനയുണ്ട്.