ഇടുക്കി പന്നിയാർകുട്ടി അപകടം; തീരാവേദനയിൽ യുകെ മലയാളികൾ

Mail This Article
തൊടുപുഴ/ലണ്ടൻ ∙ ഇടുക്കി ജില്ലയിലെ പന്നിയാർകുട്ടിയിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ച സംഭവം യുകെയിലെ മലയാളി സമൂഹത്തിനും തീരാ വേദനയായി മാറുകയാണ്. അപകടത്തിൽ മരിച്ച ഇടയോടിയിൽ ബോസ് (59), ഭാര്യ റീന (54) എന്നിവരുടെ മകൾ ആനി യുകെയിലെ ഗ്ലോസ്റ്ററിൽ ആണ് താമസിക്കുന്നത്. ബോസിന്റെ സഹോദരൻ ജോമിയും ഭാര്യയും വർഷങ്ങളായി വെസ്റ്റ് യോർക്ക് ഷെയറിലെ ഹഡേഴ്സ് ഫീൽഡിൽ ആണ് ജോലി ചെയ്യുന്നത്.
അപകടത്തിൽ ജീപ്പ് ഓടിച്ചിരുന്ന എബ്രഹാമും (70) മരിച്ചിരുന്നു. ഒളിംപ്യൻ കെ.എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന. സഹോദരൻ കെ.എം.ബിനുവിന്റെ ഭാര്യാ പിതാവാണ് എബ്രഹാം.
വെള്ളിയാഴ്ച രാത്രി 10.30 നായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാവിലെ മൂന്ന് മണിയോടെയാണ് അപകട വിവരം യുകെയിൽ അറിയുന്നത്. അപകട വിവരം അറിഞ്ഞയുടനെ ബോസിന്റെ മകൾ ആനിയും സഹോദരൻ ജോമിയും നാട്ടിലേക്ക് തിരിച്ചിരുന്നു.

സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി തിങ്കളാഴ്ച രാവിലെ 10 ന് പന്നിയാർകുട്ടി സെന്റ് മേരീസ് ദേവാലയത്തിൽ വച്ച് നടക്കും. ബോസും കുടുംബവും ഏതാനും വർഷം മുൻപ് ഉണ്ടായ ഒരു ഉരുൾപൊട്ടലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. അന്ന് ഉണ്ടായ ഉരുൾപൊട്ടലിൽ ബോസിന്റെയും കുടുംബത്തിന്റെയും വീടും സ്ഥലവും ഒലിച്ചു പോയിരുന്നു.