പൈലറ്റ് ടോയ്‌ലറ്റിൽ പോയപ്പോൾ കോ-പൈലറ്റ് വിമാനം മലയിലേക്ക് ഇടിച്ചിറക്കി; ദുരന്ത സ്മരണയുടെ പത്ത് വർഷങ്ങൾ

യൂറോപ്പിലെ ബജറ്റ് എയർലൈനായ ജർമൻവിങ്സിന്റെ വിമാനാപകടത്തിന് ഇന്ന് 10 വർഷം തികയുന്നു.
യൂറോപ്പിലെ ബജറ്റ് എയർലൈനായ ജർമൻവിങ്സിന്റെ വിമാനാപകടത്തിന് ഇന്ന് 10 വർഷം തികയുന്നു.
യൂറോപ്പിലെ ബജറ്റ് എയർലൈനായ ജർമൻവിങ്സിന്റെ വിമാനാപകടത്തിന് ഇന്ന് 10 വർഷം തികയുന്നു.
ബർലിൻ∙ യൂറോപ്പിലെ ബജറ്റ് എയർലൈനായ ജർമൻവിങ്സിന്റെ വിമാനാപകടത്തിന് ഇന്ന് 10 വർഷം തികയുന്നു. 2015 മാർച്ച് 24 നാണ് കോ-പൈലറ്റ് ആൻഡ്രിയാസ് ലുബിറ്റ്സ് എന്ന 27വയസ്സുകാരൻ ജർമൻവിങ്സ് എയർബസ് വിമാനം മനഃപൂർവം തകർത്ത് 150 പേരുടെ മരണത്തിന് കാരണമായത്.
ബാഴ്സലോണയിൽ നിന്ന് ഡ്യൂസൽഡോർഫിലേക്ക് പോവുകയായിരുന്ന 9525 നമ്പർ വിമാനമാണ് ഫ്രഞ്ച് ആൽപ്‌സിലെ ഹോട്ട് വെർനെറ്റ് പർവതത്തിൽ തകർന്നു വീണത്. പൈലറ്റ് പാട്രിക് സോണ്ടൻഹൈമർ ടോയ്‌ലറ്റിൽ പോയപ്പോഴാണ് കോ-പൈലറ്റ് ലുബിറ്റ്സ് കോക്ക്പിറ്റിൽ തനിച്ചായത്. കോക്ക്പിറ്റ് വാതിൽ പൂട്ടി ഇയാൾ വിമാനം മലയിലേക്ക് ഇടിച്ചിറക്കുകയായിരുന്നു.
2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് ശേഷം, കോക്ക്പിറ്റ് വാതിലുകൾ സുരക്ഷിതമാക്കാൻ എയർലൈൻ കമ്പനികൾ തീരുമാനിച്ചിരുന്നു. ഇതുകാരണം പുറത്തുനിന്നുള്ളവർക്ക് കോക്ക്പിറ്റിലേക്ക് പ്രവേശിക്കാൻ സാധിക്കാതെവന്നു. ഈ സുരക്ഷാ സംവിധാനമാണ് പിന്നീട് 150 പേരുടെ മരണത്തിന് കാരണമായത്. സംഭവത്തിന് ശേഷം രണ്ട് പൈലറ്റുമാർ എപ്പോഴും കോക്ക്പിറ്റിൽ ഉണ്ടാകണമെന്നും, പൈലറ്റ് ടോയ്‌ലറ്റിൽ പോയാൽ ഒരു ക്രൂ അംഗം കോക്ക്പിറ്റിൽ ഉണ്ടാകണമെന്നും നിയമം വന്നു. എന്നാൽ രണ്ട് വർഷത്തിന് ശേഷം ഈ നിയമം വീണ്ടും മാറ്റി. വാതിൽ അടച്ചിടുന്നത് സുരക്ഷിതമല്ലെന്നും, പൈലറ്റുമാർ ബോധരഹിതരായാൽ വാതിൽ തുറക്കാനാകില്ലെന്നും പൈലറ്റുമാരും എയർലൈൻ കമ്പനികളും വാദിച്ചു.
ലുബിറ്റ്സ് മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നു. ഇയാൾക്ക് അന്ധനാകുമോ എന്ന ഭയമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം ഇയാളുടെ തൊഴിൽ ദാതാക്കൾ അറിഞ്ഞില്ല. ദുരന്തത്തിന് ശേഷം യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി പൈലറ്റുമാർക്ക് പതിവായി മാനസിക പരിശോധന നടത്താൻ നിർദ്ദേശിച്ചു. എന്നാൽ ഇത് പൈലറ്റുമാരുടെ സ്വയം വെളിപ്പെടുത്തലിനെ ആശ്രയിച്ചാണ് നടക്കുന്നത്.
മാനസികാരോഗ്യ പ്രശ്നങ്ങളുള്ള പൈലറ്റുമാർക്ക് കരിയർ സുരക്ഷിതമാക്കി പ്രശ്നങ്ങൾ തുറന്നുപറയാൻ അവസരം ഒരുക്കണമെന്ന് വിദഗ്ദ്ധർ ആവശ്യപ്പെട്ടു. ലുബിറ്റ്സ് വിമാനം പറത്തുമ്പോൾ ശക്തമായ മരുന്നുകൾ ഉപയോഗിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ദുരന്തത്തിന് ശേഷം ജർമൻവിങ്സ് എന്ന ബ്രാൻഡ് നാമം ലുഫ്‌താൻസ ഒഴിവാക്കി. തുടർന്ന് യൂറോവിങ്സുമായി ലയിപ്പിച്ചു. 2017 മുതൽ എല്ലാ വിമാനങ്ങളും യൂറോവിങ്സ് ഫ്ലൈറ്റ് നമ്പറുകളിലാണ് പറക്കുന്നത്.