വീസയുണ്ടെങ്കിലും പ്രവേശനമില്ല; യുഎസ് സന്ദര്‍ശിക്കുന്നവർക്ക് മുന്നറിയിപ്പുമായി ജർമനി

Mail This Article
ബര്‍ലിന്‍ ∙ യുഎസ് യാത്രയ്ക്കൊരുങ്ങുന്ന ജര്‍മന്‍ പൗരന്മാര്‍ക്ക് ജര്‍മനിയുടെ വിദേശകാര്യ ഓഫിസ് മുന്നറിയിപ്പ് നല്‍കി. മൂന്ന് ജര്‍മന്‍ പൗരന്മാരെ അടുത്തിടെ ഇമിഗ്രേഷന്‍ അധികാരികള്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്നാണ് ജര്‍മനിയുടെ വിദേശകാര്യ ഓഫിസ് യുഎസിലേക്കുള്ള യാത്രയ്ക്കുള്ള നിര്‍ദേശങ്ങള്‍ പരിഷ്കരിച്ചത്.
എല്ലാ സാഹചര്യത്തിലും യുഎസില്‍ പ്രവേശിക്കാന്‍ ഇഎസ്ടിഎ അംഗീകാരമോ യുഎസ് വീസയോ അവകാശം നല്‍കുന്നില്ലെന്ന് വ്യക്തമാക്കുന്നതായി ഓഫിസ് അറിയിച്ചു. ആത്യന്തികമായി ഒരു വ്യക്തി യുഎസില്‍ പ്രവേശിക്കണമോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള തീരുമാനം "യുഎസ് അതിര്‍ത്തി അധികാരികളുടേതാണ്," അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ആളുകള്‍ക്ക് ജര്‍മനിയിലേക്ക് പ്രവേശനം ഉണ്ടോ ഇല്ലയോ എന്ന് ജര്‍മന്‍ അതിര്‍ത്തി അധികൃതർ തീരുമാനിക്കും.
യുഎസിലേക്ക് വീസയും താമസാനുമതിയും ഉണ്ടായിരുന്നിട്ടും മൂന്ന് ജര്‍മന്‍ പൗരന്മാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുകയും ദിവസങ്ങളോളം തടങ്കലില്‍ വയ്ക്കുകയും ചെയ്തതിനെ തുടർന്നാണ് പുതിയ മാറ്റം.
യുഎസിൽ ഗ്രീന്‍ കാര്‍ഡ് റസിഡന്‍സ് പെര്‍മിറ്റുള്ള ജര്‍മന്‍കാരന്‍ ഫാബിയന്‍ ഷ്മിഡ് ലക്സംബര്‍ഗില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കഴിഞ്ഞ ആഴ്ച ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. അന്നുമുതല്‍ അദ്ദേഹം തടങ്കലിലാണ്, അദ്ദേഹത്തിന്റെ റസിഡന്‍സ് പെര്‍മിറ്റ് ഇപ്പോള്‍ പുതുക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ നിയമനടപടികളൊന്നും നടന്നിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഗ്രീന്‍ കാര്‍ഡ് ഉപേക്ഷിക്കാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി ഷ്മിത്തിന്റെ അമ്മ ആരോപിച്ചു.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനെത്തുടര്‍ന്ന് അതിര്‍ത്തി സുരക്ഷാ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. യുഎസില്‍ പ്രവേശിക്കാന്‍ നിയമപരമായി അനുവദിക്കേണ്ട ആളുകളെ അറസ്റ്റ് ചെയ്യുന്നത് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിന്യസിച്ചിരിക്കുന്ന നിരീക്ഷണ സംവിധാനത്തിന്റെ ദുരുപയോഗം മൂലമാണെന്ന് യുഎസ് ടെക് മീഡിയ ഔട്ട്ലെറ്റ് ദി വെര്‍ജ് റിപ്പോര്‍ട്ട് ചെയ്തു.