ഷാർജ ∙ റിക്രൂട്ടിങ് ഏജന്‍റിന്റെ ചതിയിൽപ്പെട്ട് വഴിയാധാരമായ ഒൻപത് മലയാളികളിൽ ആറു പേർക്ക് ജോലി ലഭിച്ചു. മനോരമ വാർത്തയെ തുടർന്ന് ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെ കമ്പനികൾ ഇവരുമായി ബന്ധപ്പെടുകയായിരുന്നു. മൂന്നു പേർക്ക് ഷാർജയിലെ അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലും രണ്ടു പേർക്ക് ദുബായിലെയും അജ്മാനിലെയും സ്ഥാപനത്തിൽ അക്കൗണ്ടന്റായും ഒരാൾക്ക് സിസിടിവി ടെക്നിഷ്യനായുമായാണ് ജോലി ലഭിച്ചത്. ഇവര്‍ വീസ ശരിയായ ഉടൻ ജോലിയിൽ പ്രവേശിക്കും. ബാക്കി മൂന്നു പേർക്ക് കൂടി ജോലി കണ്ടെത്താനുള്ള ശ്രമം തുടരുന്നതായും ഇവരിരൊള്‍ മെക്കാനിക്കൽ എന്‍ജിനീയറാണെന്നും ഇവരെ സഹായിക്കുന്ന സാമൂഹിക പ്രവർത്തകൻ വിബൻ ജോസ് പറഞ്ഞു.

ആലപ്പുഴ സ്വദേശി വിമൽ രാജ്, ആർത്തുങ്കൽ സ്വദേശി ജോൺസൺ, ഹരിപ്പാട് സ്വദേശി രോഹിത് പണിക്കർ, അമ്പലപ്പുഴ സ്വദേശി സി.ചെമ്പു, കെ.ധനീഷ്, കൊല്ലം സ്വദേശി മുഹമ്മദ് ജൗഫർ, ചേർത്തല സ്വദേശി ആൽവിൻ ആന്റണി, വിജിത് ശശിധരൻ തുടങ്ങിയ മലയാളികളാണ് വീസാ ഏജന്റിന്റെ തട്ടിപ്പിൽപ്പെട്ട് ഷാർജ റോളയിലെ കുടുസ്സുമുറിയിൽ ഭക്ഷണം പോലും ലഭിക്കാതെ കഴിയുന്നത്. ഇൗ വർഷം ഫെബ്രുവരി ഏഴിനും 17നുമിടയ്ക്കാണ് വ്യാജ റിക്രൂട്ടിങ് ഏജന്റിന്‍റെ വാക്കുകൾ വിശ്വസിച്ച് ഇവർ യുഎഇയിലെത്തിയത്. കേരളത്തിൽ പ്രവർത്തിക്കുന്ന വ്യാജ റിക്രൂട്ടിങ് ഏജൻസിക്ക് 60,000 മുതൽ 65,000 രൂപ വരെ നൽകി സന്ദർശക വീസയിലാണെത്തിയത്. 

എന്നാൽ, ദുബായിലെ ഒരു മാളിൽ പ്രതിമാസം 2200 ദിർഹം ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്തിരുന്നു. ഷാർജ റോളയിലെ നിന്നു തിരിയാൻ ഇടമില്ലാത്ത മുറിയിലെത്തിച്ചപ്പോൾ അവിടെ 25 ലേറെ പേർ താമസിക്കുന്നുണ്ടായിരുന്നു. പിന്നീട് കൈയിൽ കാശ് തീരുകയും വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതിരിക്കുകയും ചെയ്തതോടെ പ്രതിസന്ധിയിലായി. തമിഴ്നാട്, മുംബൈ സ്വദേശികളാണ് റിക്രൂട്ടിങ് ഏജൻസിയുടെ പ്രധാനികൾ. ഇതിനിടെ താമസ സ്ഥലത്തു നിന്നും ഇവരെ പുറത്താക്കി. വിവരം അറിഞ്ഞെത്തിയ വിബിന്‍ ജോസാണ് ഇവർക്ക് താമസ സൗകര്യമൊരുക്കിയത്. ഇവരോടൊപ്പം ഇതേ ഏജന്റിന്റെ ചതിയിൽപ്പെട്ട് കുടുങ്ങിയ നാലു ശ്രീലങ്കൻ സ്വദേശികളെ നാട്ടിലേയ്ക്ക് തിരിച്ചയക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായും വിബിൻ പറഞ്ഞു.