ഒമാനിലെങ്ങും ഖറന്‍ ഖാശൂഹ് ആഘോഷം


മസ്‌കത്ത് ∙ റമസാനിലെ 15–ാം രാവില്‍ സ്വദേശികള്‍ക്കിടയില്‍ നടന്നുവരുന്ന ഖറന്‍ ഖാശൂഹ് ആഘോഷം ഇത്തവണയും വര്‍ണാഭമായി ആഘോഷിച്ചു. തിങ്കളാഴ്ച ഇഫ്താറിന് ശേഷം രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും ഖറന്‍ ഖാശൂഇന്റെ ഭാഗമായി കുട്ടികള്‍ പുറത്തിറങ്ങി.
വേഷപ്രച്ഛന്നരായി താളമേളങ്ങളോടെ സ്വദേശി വീടുകളുടെ വാതിലില്‍ മുട്ടി സന്തോഷ സമ്മാനങ്ങള്‍ ചോദിച്ചു വാങ്ങുന്ന ആചാരമാണ് അരങ്ങേറിയത്. റമസാന്‍ 14 അസ്തമിച്ച രാത്രിയിലാണ് ഖറന്‍ ഖശൂഹ് എന്നു പേരുള്ള ആചാരവുമായി കുട്ടികളും ചെറുപ്പക്കാരും ഇറങ്ങുന്നത്.

സ്വദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളായി മത്ര, വാദി കബീര്‍ പരിസരങ്ങളിലാണ് രാത്രി സ്വദേശി യുവാക്കള്‍ വിവിധ വേഷം ധരിച്ച് മേളങ്ങളോടെ നിരത്തിലിറങ്ങി. റമസാനിലെ വിചിത്ര കാഴ്ച വിദേശികളിലും കൗതുകമുണ്ടാക്കി.
ഒമാനില്‍ നടക്കുന്ന പ്രധാനപ്പെട്ട പരമ്പരാഗത ആഘോഷങ്ങളിലൊന്നാണിത്. വീടുകളിലും കടകളിലും പാട്ടുപാടി കയറുന്ന കുട്ടികള്‍ക്ക് മധുരപ്പലഹാരങ്ങളും മറ്റും നല്‍കി ഗൃഹനാഥന്‍മാര്‍ സ്വീകരിക്കും. പുതുതലമുറയില്‍ നിന്ന് രാജ്യത്തിന്റെയും അറേബ്യന്‍ സംസ്‌കാരത്തിന്റെയും പരമ്പരാഗത ആഘോഷങ്ങള്‍ അന്യം നില്‍ക്കുന്നില്ലെന്ന സന്ദേശവും ആഘോഷം ജനങ്ങള്‍ക്ക് നല്‍കി.