ദോഹ ∙ ഹമദ് രാജ്യാന്തര വിമാനത്താവള(എച്ച്ഐഎ)ത്തിന്റെ മൂന്നാംഘട്ട വികസന കരാറുകൾ നൽകിയതായി എച്ച്ഐഎ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ബദർ മുഹമ്മദ് അൽ മീർ. 2020ൽ തന്നെ 3ാംഘട്ട വികസനം പൂർത്തിയാകും. കരാർ ജോലികളിൽ ചിലത് അടുത്ത 4 മാസത്തിനുള്ളിൽ നടപ്പാക്കിത്തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. എച്ച്ഐഎ സംഘടിപ്പിച്ച സുഹൂറിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വിമാനത്താവളത്തിന്റെ പൂർണ വികസനം 2022 ഫിഫ ലോകകപ്പിനു മുൻപ് പൂർത്തിയാകും. സ്മാർട് എയർപോർട്ട് പ്രോഗ്രാമിന്റെ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി എച്ച്ഐഎ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് അബ്ദുൽഅസീസ് അൽ മാസ് പറഞ്ഞു. 5 വർഷത്തിനുള്ളിലാണ് നേട്ടം കൈവരിക്കാനായത്.

ചെക്ക് ഇൻ, ബാഗ് ഡ്രോപ്പ് സേവനങ്ങൾക്കു വേഗവും സൗകര്യവും കൂടി. ഖത്തർ എയർവേയ്സ് യാത്രക്കാരിൽ 25% പേരും സെൽഫ് സർവീസ് ചെക്ക് ഇൻ, ബാഗ് ഡ്രോപ്പ് സൗകര്യം ഉപയോഗിക്കുന്നു. യാത്രക്കാർക്ക് ക്യൂവിൽ കാത്തുനിൽക്കാതെ കിയോസ്ക്കുകളിൽ ചെക്ക് ഇൻ ചെയത് സ്വന്തം ബോർഡിങ് പാസ് പ്രിന്റ് എടുക്കാം. 

രാജ്യാന്തര തലത്തിലെ മികച്ച വിമാനത്താവളമാക്കി ഹമദിനെ മാറ്റുകയാണ് ലക്ഷ്യം. വികസനം പൂർത്തിയാകുന്ന 2022ൽ 5.3കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടാകും.

വിമാനത്താവള നഗര നിർമാണത്തിലൂടെ ഭാവി നിക്ഷേപ അവസരങ്ങളും ലഭ്യമാക്കും. സ്വതന്ത്ര വ്യാപാര മേഖല, ഓഫിസ്-വ്യാപാര സമുച്ചയങ്ങൾ, ഹോട്ടലുകൾ എന്നിവയെല്ലാം എയർപോർട്ട് സിറ്റിയുടെ ഭാഗമാകും. 

പുതിയ കാർഗോ ടെർമിനലും നിർമിക്കുന്നുണ്ട്. ഇതു പൂർണമാകുന്നതോടെ പ്രതിവർഷ ചരക്കുനീക്കം 30 ലക്ഷം ടണ്ണാകും. വർധിച്ചുവരുന്ന ഇറക്കുമതി സുഗമമാകും.

എച്ച്ഐഎ 5 വാർഷിക കോർപറേറ്റ് വിഡിയോ പ്രകാശനവും ചടങ്ങിൽ നടന്നു. സുഹൂറിൽ ഓഹരി, വ്യവസായ പങ്കാളികളും ഉന്നതോദ്യോഗസ്ഥരും മാധ്യമ പ്രതിനിധികളും പങ്കെടുത്തു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT