സുഗമ യാത്രയുടെ പുതിയ വീഥി
ദോഹ ∙ ഫിഫ ലോകകപ്പ് 2022 മത്സര സ്‌റ്റേഡിയമായ അൽ ബയ്‌ത്തിനെ അൽ ഖോർ, അൽ ഷമാൽ ഹൈവേകളുമായി ബന്ധിപ്പിക്കുന്ന അൽ ഇഗ്‌ദ സ്‌ട്രീറ്റ് ഭാഗികമായി ഗതാഗതത്തിനു തുറന്നുകൊടുത്തു. ഇരുദിശകളിലും 3 വരി ഗതാഗതം സാധ്യമാകുന്നതാണ് പുതിയ പാത. 2.8 കിമീ ആണ് ഇപ്പോൾ തുറന്നിരിക്കുന്നത്. റോഡിന്റെ ഇരുവശത്തും 3 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. സുഗമ ഗതാഗതം ഉറപ്പാക്കാൻ 4 സിഗ്നൽ നിയന്ത്രിത ഇന്റർസെക്‌ഷനുകളും ഉണ്ട്. കാൽനടക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വശങ്ങളിൽ ബാരിയറുകളും സ്‌ഥാപിച്ചിട്ടുണ്ട്.
145 വിളക്കുകാലുകൾ, 2.5 കിമീ ദൈർഘ്യത്തിൽ അഴുക്കുചാൽ എന്നിവയുമുണ്ട്. അൽ ഖോറിൽ നിന്ന് അൽ ബയ്‌ത്ത് സ്‌റ്റേഡിയത്തിലേക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ മേഖലയിൽ 5.3 കിലോ മീറ്റർ നീളത്തിലാണ് പുതിയ പാതകൾ നിർമിക്കുന്നത്. ഇതിന്റെ ഭാഗമാണ് അൽ ഇഗ്‌ദ സ്‌ട്രീറ്റെന്ന് അഷ്‌ഗാൽ വടക്കൻ മേഖല പാതാ വിഭാഗം മേധാവി അലി അഷ്‌കാനനി പറഞ്ഞു. സ്‌റ്റേഡിയത്തിലേക്ക് 8 മീറ്റർ വീതിയിൽ നടപ്പാതയും സൈക്കിൾ ട്രാക്കും നിർമിക്കുന്നമുണ്ട്. സ്‌റ്റേഡിയത്തിലെ അതേ സ്‌മാർട് എൽഇഡി ലൈറ്റുകളാണ് തെരുവു വിളക്കായി ഉപയോഗിക്കുന്നത്.
ഇന്റലിജന്റ് നെറ്റ്‌വർക്കിങ്ങിലൂടെ ഇവയെ പരസ്‌പരം ബന്ധിപ്പിച്ചിട്ടുമുണ്ട്. മഴ കൂടുതലുള്ള മേഖലയായതിനാൽ പെയ്‌ത്തുവെള്ളം ഉടൻ ഒഴുക്കിനീക്കാൻ കഴിയുംവിധം വിപുലമാണ് അൽ ഇഗ്‌ദ സ്‌ട്രീറ്റിനും അൽ ബയ്‌ത്ത് സ്‌റ്റേഡിയത്തിനും ചുറ്റുമുള്ള അഴുക്കുചാൽ സംവിധാനം. 2017 അവസാന പാദത്തിലാണ് അൽ ഇഗ്‌ദ സ്‌ട്രീറ്റ് വികസന പദ്ധതിക്ക് തുടക്കമിട്ടത്. ഇതിനോടകം 50% ജോലികൾ തീർന്നു കഴിഞ്ഞു.