ADVERTISEMENT

ദുബായ് ∙ കുഞ്ഞുനാളിലേ ഷട്ടിൽ‌ ബാഡ്മിന്റൺ ബാറ്റ് കൈയിലേന്തിയ സാറ സിറാജ് എന്ന മിടുക്കി ഇന്ത്യൻ ടീമിൽ വീണ്ടും ഇടം നേടിയപ്പോൾ പരിശീലനത്തിനെത്തിയത് താൻ കളിച്ചുവളർന്ന ദുബായിലും. ഇന്ത്യൻ ജൂനിയർ ബാഡ്മിന്റൺ ടീമിൽ അംഗമായ പതിനെട്ടുകാരി റാഷിദിയയിലെ ഫീനിക്സ് ബാഡ്മിന്റൺ അക്കാദമിയിൽ പരിശീലനത്തിലാണ്. ആലപ്പുഴ ഹരിപ്പാട് സ്വദേശി മനോജ് കാർത്തികേയനാണ് മെന്ററും പരിശീലകനും. ഇൗ മാസം 30 മുതൽ ഒക്ടോബർ 13 വരെ റഷ്യയിലെ കസാനിൽ നടക്കുന്ന ലോക ജൂനിയർ ബാഡ്മിന്റൺ ചാംപ്യൻഷിപ്പ് 2019 ആണ് ലക്ഷ്യം. ശങ്കർ പ്രസാദിനോടൊപ്പം മിക്സഡ് ഡബിൾസിലാണ് സാറ മാറ്റുരക്കുക. ഇൗ മാസം 28ന് ടീം റഷ്യയിലേയ്ക്ക് യാത്ര തിരിക്കുമെന്ന് സാറ മനോരമ ഒാൺലൈനിനോട് പറഞ്ഞു.

sara-uae-1
സാറ സിറാജ് ദുബായിൽ പരിശീലനത്തിൽ.

കോഴിക്കോട് താമസിക്കുന്ന കാസർകോട് സ്വദേശികളായ സിറാജ്–റാബിയ ദമ്പതികളുടെ മകളാണ് ഗുരുവായൂരപ്പൻ കോളജിൽ ബിരുദ വിദ്യാർഥിയായ സാറ.  ദുബായിൽ ജോലി ചെയ്യുന്ന പിതാവ് സിറാജും സഹോദരി റീമും ബാഡ്മിന്റൺ കളിക്കാരാണ്. ചെറുപ്പത്തിൽ സാറയെ സിറാജ് കളിസ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോവുമായിരുന്നു. അങ്ങനെയാണ് സാറയ്ക്കും ഇൗ കളിയോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. 2010ൽ ഒന്‍പതാം വയസിൽ ആദ്യമായി ബാറ്റ് കൈയിലേന്തി. ഷാർജ ഔവർ ഒാൺ സ്കൂളിൽ എട്ടാം ക്ലാസിലും ദുബായ് ഇന്ത്യൻ ഹൈസ്കൂളിൽ 10 വരെയും പഠിക്കുമ്പോൾ ചാംപ്യനായി. തുടർന്ന് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ പ്ലസ് ടു പൂർത്തിയാക്കി. 

sara-dubai-uae
സാറ സിറാജ്.

ഖത്തർ ചാംപ്യൻഷിപ്പിലും 2012ൽ സിംഗിൾസ്, ഡബിൾസ് വിഭാഗത്തിൽ ദുബായിൽ നടന്ന ടൂർണമെന്റിലും ചാംപ്യനായി. 2014 ൽ ജിസിസി കിരീടവും ചൂടി. 2016 ൽ കേരളാ സംസ്ഥാന ജൂനിയർ ചാംപ്യനും 2017ൽ അഖിലേന്ത്യാ തലത്തിൽ റണ്ണർ അപ്പുമായി. 2018ൽ സീനിയർ മിക്സഡ് ഡബിൾസിൽ സംസ്ഥാന തലത്തിൽ ചാംപ്യനായി. ഇതേ വർഷം ഇന്ത്യൻ ജൂനിയർ ചാംപ്യനായിത്തീർന്നു. ഇന്തൊനീഷ്യയിലെ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ പങ്കെടുത്തു.  ഇൗ വർഷം നെതർലാൻഡ്സിൽ ഡച്ച് ഒാപണിലും ജർമനിയിലെ ബർലിനിൽ നടന്ന ജർമൻ ജൂനിയർ ഒാപണിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. 

sara-with-coach-manoj-karthikeyan
പരിശീലകൻ മനോജ് കാർത്തികേയനൊപ്പം സാറ.

നിലവിൽ ദേശീയ തലത്തിൽ മിക്സഡ് ഡബിൾസ് ജൂനിയറിൽ ഉയർന്ന റാങ്കിലാണ്. തമിഴ് നാട്ടുകാരനായ സുരേഷ് കുമാറാണ് ആദ്യ പരിശീലകൻ. കേരളത്തിലെ കായിക താരങ്ങളെ രാജ്യാന്തര തലത്തിൽ വളർത്തിയെടുക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ഒാപ്പറേഷൻ ഒളിംപ്യ പദ്ധതിയിൽ എ.നാസറിന്റെ കീഴിൽ പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ് സാറ. സിറാജ് ദുബായിലായതിനാൽ മാതാവ് റാബിയയാണ് സാറയെ ടൂർണമെന്റുകളിൽ അനുഗമിക്കുന്നത്. 

sara-uae
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com