സങ്കീർത്തനമായി പെരുമ്പടവം
ദുബായ് ∙ കുന്തിരിക്ക ഗന്ധമുള്ള ഭാഷയാണു പെരുമ്പടവം ശ്രീധരന്റേത്. തെന്നൽ പോലെയാണ് സംസാരമെങ്കിലും ഉമിത്തീപോലെ നീറിപ്പിടിക്കും വാക്കുകൾ.....
ദുബായ് ∙ കുന്തിരിക്ക ഗന്ധമുള്ള ഭാഷയാണു പെരുമ്പടവം ശ്രീധരന്റേത്. തെന്നൽ പോലെയാണ് സംസാരമെങ്കിലും ഉമിത്തീപോലെ നീറിപ്പിടിക്കും വാക്കുകൾ.....
ദുബായ് ∙ കുന്തിരിക്ക ഗന്ധമുള്ള ഭാഷയാണു പെരുമ്പടവം ശ്രീധരന്റേത്. തെന്നൽ പോലെയാണ് സംസാരമെങ്കിലും ഉമിത്തീപോലെ നീറിപ്പിടിക്കും വാക്കുകൾ.....
ദുബായ് ∙ കുന്തിരിക്ക ഗന്ധമുള്ള ഭാഷയാണു പെരുമ്പടവം ശ്രീധരന്റേത്. തെന്നൽ പോലെയാണ് സംസാരമെങ്കിലും ഉമിത്തീപോലെ നീറിപ്പിടിക്കും വാക്കുകൾ. ഒരു സങ്കീർത്തനം പോലെ എന്ന അദ്ദേഹത്തിന്റെ നോവൽ മലയാളി മനസ്സിൽ നിലാപ്രഭ നിറച്ചിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞു. മൂന്നരലക്ഷം കോപ്പികളും 113-ാം പതിപ്പുമായി ഹൃദയങ്ങളിൽ ദൈവത്തിന്റെ കയ്യൊപ്പു വീഴ്ത്തി മുന്നേറുകയാണത്. ഇന്ത്യൻ ഭാഷകളിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ നോവലെന്ന റെക്കോർഡും സ്വന്തം. പ്രവാസ ലോകവുമായി ബന്ധങ്ങളുടെ ഒരു കാണാച്ചരടും ഈ ആ നോവലിനുണ്ട്. അറബിയിലേക്കാണ് അത് ആദ്യം തർജമ ചെയ്യപ്പെട്ടത്.
പിന്നീട് നാലു വിദേശ ഭാഷകളിലേക്കും ഏഴ് ഇന്ത്യൻ ഭാഷകളിലേക്കും. ഒരു സങ്കീർത്തനത്തിനു മുമ്പും ശേഷവും എന്ന നിലയിൽ പെരുമ്പടവം ശ്രീധരന്റെ ജീവിതവും രണ്ടായി പകുത്ത നോവലാണത്. പ്രസാധകനായ ആശ്രാമം ഭാസിയുമായി പൊന്നിൻ നൂലിഴ കൊണ്ട് നെയ്തെടുത്ത ബന്ധം ഇപ്പോഴും ശക്തമായി തുടരുന്നതും അപൂർവസുന്ദര കാഴ്ച. രജത ജൂബിലി പിന്നിട്ട ഒരു സങ്കീർത്തനം പോലെയുടെ കഥാകാരന് ആദരം അർപ്പിക്കാൻ കലാസാഹിതി ദുബായിൽ നടത്തിയ യോഗത്തിൽ പങ്കെടുക്കാനാണ് പെരുമ്പടവം ശ്രീധരൻ എത്തിയത്. സൃഹൃത്തായ റോയിയുടെ ഷാർജയിലെ വീട്ടിലിരുന്ന് അദ്ദേഹം അതിഥിക്കായി മനസ്സ് തുറന്നു.
ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നോ
ഇല്ല, ഒരിക്കലുമില്ല. വായന മരിക്കുന്നു എന്ന വിലാപം എങ്ങും നിറയുന്ന കാലത്താണ് അതിറങ്ങിയത്. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ പബ്ലിക്കേഷൻ ഡയറക്ടറായിരുന്നു അന്ന്. വാർഷിക പതിപ്പിൽ അടിച്ചു വന്ന നോവൽ പുസ്തകമാക്കണമെന്ന് ആഗ്രഹിച്ചെങ്കിലും എസ്പിഎസ്എസിനെ ഏൽപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. ഭാരവാഹികളുടെ പുസ്തകം തന്നെ ഇറക്കുകയാണ് സഹകരണ സംഘം എന്ന ആക്ഷേപം കേൾപ്പിക്കേണ്ടെന്ന് ആഗ്രഹിച്ചു. സുഹൃത്തായ ആശ്രാമം ഭാസി ഒരിക്കൽ വീട്ടിലെത്തിയപ്പോഴാണ് സ്വന്തമായി പ്രസാധനം ചെയ്ത് വിതരണം സംഘത്തെ ഏൽപ്പിക്കരുതോ എന്നു ചോദിച്ചത്. എന്നാൽ കയ്യിൽ കാശില്ലെന്ന് പറഞ്ഞതോടെ പ്രസാധനം ചെയ്തോളാം എന്ന് ഭാസി ഏൽക്കുകയായിരുന്നു. നിരുൽസാഹപ്പെടുത്തിയെങ്കിലും അദ്ദേഹം അതുറപ്പിച്ചു. ശിവകാശിയിൽപ്പോയി 3000 കോപ്പിയാണ് ആദ്യം അച്ചടിച്ചത്. ഒന്നര മാസം കൊണ്ട് അത് വിറ്റുതീർന്നെന്ന് സംഘത്തിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ ശരിക്കും ഞെട്ടിപ്പോയി. പിന്നീട് അത് മലയാളികൾ ഏറ്റെടുത്തു.
റഷ്യ കാണാതെ എങ്ങനെ ഇത്ര കൃത്യമായി നാടിനെ ഒപ്പിയെടുത്തു
പതിനാറാമത്തെ വയസ്സിലാണ് റഷ്യൻ ക്ലാസിക്കുകൾ വായിക്കാൻ തുടങ്ങിയത്. ദസ്തേവ്‌സ്കിയുടെ കുറ്റവും ശിക്ഷയുമാണ് വായിച്ചു തുടങ്ങിയത്. പിന്നീട് അദ്ദേഹത്തിന്റെ എല്ലാ കൃതികളും വായിച്ചു. അതിൽ നിന്നെല്ലാം കാലദേശ ചിത്രങ്ങൾ കിട്ടി. പിന്നീട് റഷ്യയിൽ പോയി ആ പ്രദേശമെല്ലാം കണ്ടപ്പോൾ അത്ഭുതപ്പെട്ടു. മനസ്സിൽ സങ്കൽപ്പിച്ചതു പോലെ തന്നെയായിരുന്നു അവിടമെല്ലാം, ഒന്നൊഴികെ. നേവാ നദിയുടെ തീരം മാർബിളുകൾ പാകിയിരുന്നു.
നോവൽ അനുഭവങ്ങൾ
ധാരാളം പേർ കാണാൻ വരും. ദസ്തേവ്സ്കിയെന്നു മകന് പേരിട്ടവർ. ഓട്ടോയ്ക്കു പേരുനൽകിയവർ. അന്നയെന്ന് മകൾക്ക് പേരു നൽകിയ ഹൈന്ദവ ദമ്പതികൾ. അതു വായിച്ച് പ്രായവ്യത്യാസം മറന്ന് വിവാഹിതരായവർ. അങ്ങനെ ധാരാളം രസകരമായ അനുഭവങ്ങൾ
പുതിയ നോവൽ
11 വർഷമായി എഴുതുകയും മനസ്സിൽ കൊണ്ടു നടക്കുകയും ചെയ്യുന്ന പ്രമേയം. കുമാരനാശാന്റെ ജീവിതവുമായി ബന്ധപ്പെട്ട നോവൽ. അത് വാർഷികപതിപ്പിൽ അച്ചടിച്ചു വന്നെങ്കിലും പിന്നീട് ചില കൂട്ടിച്ചേർക്കലുകൾ നടത്തണമെന്ന് ആഗ്രഹിച്ചു. ഏതായാലും അടുത്ത വർഷം അത് പുറത്തിറങ്ങും. അവനീ വാഴ്വ് കിനാവ് എന്നാണ് പേര്.
പൗരത്വ നിയമം ദൗർഭാഗ്യകരം
ദുബായ് ∙ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നും ഇന്ത്യയിൽ ജനിച്ചവർക്കെല്ലാം ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്നും ഇന്ത്യ അവരുടെ അമ്മയാണെന്നും പെരുമ്പടവം ശ്രീധരൻ പറഞ്ഞു. ഇന്ത്യ ഉയർത്തുന്ന മാനവിക സങ്കൽപ്പങ്ങൾക്ക് ആഴമേറിയ മുറിവുണ്ടാക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ മനുസ്മൃതിയും ചാതുർവർണ്യവും എല്ലാം ഉണ്ടായിരുന്നെങ്കിലും ദേശീയ ബോധം കൊണ്ടും മാനവീക ചിന്തകൊണ്ടും നമ്മൾ അതിനെ മാറ്റിയെടുത്തു. മാനവികത തന്നെയാണ് ദേശീയതയെന്നും മനുഷ്യ സ്നേഹം തന്നെയാണ് ആധ്യാത്മീയതയെന്നും തിരച്ചറിഞ്ഞ് അത് ആഘോഷിച്ചു. എന്നാൽ പിന്നിലൂടെ വർഗീയ ശക്തികൾ വന്നതാണ് ദുരന്തം. ഹിന്ദു ദേശീയതയാണ് ഇന്ത്യയുടെ ദേശീയതയെന്ന ചിന്ത വളരുന്നത് അവിവേകമാണ്. സാഹോദര്യത്തിന്റെ നിഷേധമാണത്. മതം എന്നത് വ്യക്തി ജീവിതത്തിന്റെ ഭാഗമാണെങ്കിലും സഹോദരന്റെ സങ്കടങ്ങളിൽ ഓഹരിക്കാരനാകണം. അത് കർത്തവ്യമാണെന്ന് മനസ്സിലാക്കണം. അയൽക്കാരന്റെ സന്തോഷം എന്റെയും സന്തോഷമാണെന്ന് കാണണം. അതിൽ മതം കലർത്തരുതെന്നാണ് പ്രാർഥന. ഇന്ത്യയുടെ സാംസ്കാരിക ജീവിതത്തിൽ വിശുദ്ധിയും വെൺമയും നഷ്ടപ്പെടുന്നു. കോടി സൂര്യപ്രഭ പോലെ ദിവ്യപ്രകാശമായി അത് നമ്മുടെ സംസ്കാരത്തെ ബന്ധപ്പെട്ടു നിന്നു. എന്നാൽ ഇന്നത് നഷ്ടമാകുന്നു. കാലത്തിന്റെ നിറം ഇരുണ്ടതായി.
പടർന്നു പിടിക്കുന്ന ഇപ്പോഴത്തെ സമരങ്ങൾ
ഇന്ത്യയുടെ വൈശിഷ്ട്യം ബാക്കിയുള്ളതിന്റെ തെളിവാണിത്. ഇത് അധാർമികമാണെന്ന് പറഞ്ഞ് ഒരു വിഭാഗം മാത്രമല്ല അവർക്കു വേണ്ടി എല്ലാവരും രംഗത്തിറങ്ങുന്നത് ഇന്ത്യൻ മനസ്സ് ഉണരുന്നതിന്റെ തെളിവാണ്. പ്രതിരോധം ഉയർത്തിക്കൊണ്ടു വരികയെന്നത് ഇന്ത്യൻ സാംസ്കാരിക ബോധത്തിന്റെ അത്യന്താപേക്ഷിത ഘടകമാണ്. ക്രൂരമായാണ് ഭരണകൂടം ഇവരെ നേരിടുന്നത്. ഒട്ടേറെ പേർ മരിച്ചു. അവർക്കൊപ്പം നമ്മുടെ ആത്മബലിയുണ്ട്. ദുരഭിമാനവും ദുർവ്യാഖ്യാനവും കൂടാതെ അതു പിൻവലിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഇന്ത്യയ്ക്ക് ഇങ്ങനെ നിലനിൽക്കാൻ ആകില്ല. ലോകജനതയ്ക്കിടയിൽ ഇന്ത്യ യശ്ശസ്സ് നേടിയത് ഇങ്ങനെയല്ല.