ADVERTISEMENT

ദോഹ∙കടൽതീരം സന്ദർശിക്കുന്നവർ തീരങ്ങളുടെ ശുചിത്വം ഉറപ്പാക്കണമെന്ന് അധികൃതർ. പൊതുശുചിത്വം സർക്കാരിന്റെ മാത്രമല്ല ജനങ്ങളുടേയും കൂട്ടായ ഉത്തരവാദിത്തമാണ്. ബീച്ചുകളിലെത്തുന്ന സന്ദർശകർക്ക് ആരോഗ്യകരമായ പരിസ്ഥിതി  ഉറപ്പാക്കാൻ 24 മണിക്കൂറും ബീച്ചുകൾ ശുചിയായി സൂക്ഷിക്കുന്നതിൽ അതത് നഗരസഭകൾ സൂക്ഷ്മത പുലർത്തുന്നുണ്ട്. എല്ലാ ബീച്ചുകളിലും ആവശ്യാനുസരണം മാലിന്യനിക്ഷേപ പെട്ടികളും സ്ഥാപിച്ചിട്ടുണ്ട്.

തിരക്കേറിയ സമയങ്ങളിൽ ശുചിത്വം ഉറപ്പാക്കാൻ ശുചീകരണ തൊഴിലാളികളും കർമനിരതരാണ്. സന്ദർശകർ പ്ലാസ്റ്റിക്ക് കുപ്പികളും ഭക്ഷണ മാലിന്യങ്ങളും വലിച്ചെറിയാതെ മാലിന്യപെട്ടികളിൽ തന്നെ നിക്ഷേപിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. കോവിഡ്-19 സാഹചര്യമായതിനാൽ പൊതുശുചിത്വം ഉറപ്പാക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണിത്. പൊതുശുചിത്വം പാലിക്കാത്തവർക്കെതിരെ  കർശന നിയമനടപടികളും സ്വീകരിക്കും.

qatar-beach
സക്രീത്ത് ബീച്ച് ശുചീകരിച്ച ശേഷം.

പൊതുശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും നിയമ വ്യവസ്ഥകളെക്കുറിച്ചും ബീച്ച് സന്ദർശകർക്കിടയിൽ ബോധവൽക്കരണവും സജീവമായി നടത്തുന്നുണ്ട്. ഒപ്പം മാലിന്യം നിക്ഷേപിക്കാനുള്ള ബാഗുകളും വിതരണം ചെയ്യുന്നുണ്ട്. സന്ദർശകർക്കിടയിൽ നേരിട്ടുള്ള ബോധവൽക്കരണം മാത്രമല്ല മന്ത്രാലയത്തിന്റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെയും പൊതുശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച ചിത്രങ്ങളും വിഡിയോകളുമെല്ലാം പോസ്റ്റ് ചെയ്യുന്നുണ്ട്.

സൂക്ഷിച്ചില്ലെങ്കിൽ വൻ പിഴ

∙നടപ്പാതകൾ, റോഡുകൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ തുപ്പുകയോ ടിഷ്യൂ പേപ്പർ, മാലിന്യം, ഒഴിഞ്ഞ പായ്ക്കറ്റുകൾ എന്നിവ വലിച്ചെറിയുകയോ ചെയ്താൽ -500 റിയാൽ.

∙പൂന്തോട്ടങ്ങൾ, ബീച്ചുകൾ, പൊതുഇടങ്ങൾ, ഒഴിഞ്ഞ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷ്യമാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ -500 റിയാൽ.

∙വീടുകൾ, റോഡുകൾ, പൊതുസ്ഥലങ്ങൾ എന്നിവയുടെ മുമ്പിൽ മാലിന്യമോ ഭക്ഷണ അവശിഷ്ടങ്ങളോ കടലാസോ ഉപേക്ഷിച്ചാൽ -300 റിയാൽ.

∙റോഡിന് അല്ലെങ്കിൽ പൊതുസ്ഥലത്തിന് അഭിമുഖമായി ജനലുകളിലോ ബാൽക്കണികളിലോ വസ്ത്രങ്ങൾ,കാർപെറ്റുകൾ, കവറുകൾ എന്നിവ തൂക്കി ഇട്ടാൽ -500 റിയാൽ

∙വാണിജ്യ സ്ഥാപനങ്ങളുടെ മുമ്പിൽ അല്ലെങ്കിൽ നിശ്ചിത സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മാലിന്യ നിക്ഷേപ പെട്ടികൾക്ക് സമീപത്തായി മാലിന്യം, മാലിന്യമടങ്ങിയ ബാഗുകൾ, കാലി കുപ്പികൾ എന്നിവ വലിച്ചെറിഞ്ഞാൽ -500 റിയാൽ.

∙ഗുരുതരമല്ലാത്ത ലംഘനങ്ങൾക്ക് 500 റിയാലും ഗുരുതരമായ ലംഘനങ്ങൾക്ക് ഒരു വർഷം വരെ തടവും 25,000 റിയാലിൽ കുറയാതെ പിഴയും അല്ലെങ്കിൽ ഏതെങ്കിലും ഒന്ന് അനുഭവിക്കേണ്ടി വരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com