സ്ത്രീകളോട് വിവേചനം കാണിക്കുന്ന തൊഴിൽ പരസ്യങ്ങൾക്കെതിരെ സൗദി
Mail This Article
റിയാദ് ∙ തൊഴിൽ പരസ്യത്തിൽ സ്ത്രീകളോട് വിവേചനം കാണിക്കുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കണമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്ഥാപനങ്ങളുടെ തൊഴിൽ പരസ്യത്തിൽ 'പുരുഷന്മാർക്ക് മാത്രം' എന്ന് തുടങ്ങിയ പ്രയോഗത്തിനെതിരെയാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. ഇത് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 3 ന് വിരുദ്ധമാണെന്ന് മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു.
തൊഴിൽ എല്ലാ പൗരന്മാരുടെയും അവകാശമാണ്. ജോലിയുടെ അറിയിപ്പുകളിലോ പരസ്യങ്ങളിലോ തൊഴിലിടങ്ങളിലോ ലിംഗ വിവേചനമില്ല. പെരുമാറ്റങ്ങളും പ്രയോഗങ്ങളും അനുവദിക്കില്ല. വിവേചനമില്ലാത്ത തൊഴിൽ അന്തരീക്ഷമാണ് സൗദി നിയമം വ്യവസ്ഥ ചെയ്യുന്നതെന്നും മന്ത്രാലയം പറഞ്ഞു. പ്രത്യേക ലിംഗത്തിൽ പെട്ടവരെ മാത്രം തേടിയുള്ള തൊഴിൽ പരസ്യങ്ങൾ നിയമവിരുദ്ധമാണ്. രാജ്യത്തെ തൊഴിൽ നിയമങ്ങൾ വ്യവസ്ഥ ചെയ്യുന്ന മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ സ്വദേശികളല്ലാത്തവരെ തൊഴിലിന് വയ്ക്കാവൂ എന്നും അറിയിപ്പിൽ ഉണ്ട്.