ഒറിജിനലിനെ വെല്ലുന്ന വ്യാജ എഫ്ബി അക്കൗണ്ടുകൾ; പ്രൊഫൈൽ പടങ്ങൾ ഉപയോഗിച്ചും തട്ടിപ്പ്
ദുബായ്∙ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ ചിത്രങ്ങൾ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ വ്യാജമായി നിർമിച്ചു പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫെയ്സ് ബുക്ക് അക്കൗണ്ട് ഉടമയ്ക്കു തന്നെ അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടുകയാണ് ചെയ്യുന്നത്.....
ദുബായ്∙ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ ചിത്രങ്ങൾ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ വ്യാജമായി നിർമിച്ചു പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫെയ്സ് ബുക്ക് അക്കൗണ്ട് ഉടമയ്ക്കു തന്നെ അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടുകയാണ് ചെയ്യുന്നത്.....
ദുബായ്∙ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ ചിത്രങ്ങൾ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ വ്യാജമായി നിർമിച്ചു പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫെയ്സ് ബുക്ക് അക്കൗണ്ട് ഉടമയ്ക്കു തന്നെ അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടുകയാണ് ചെയ്യുന്നത്.....
ദുബായ്∙ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ ചിത്രങ്ങൾ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ വ്യാജമായി നിർമിച്ചു പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫെയ്സ് ബുക്ക് അക്കൗണ്ട് ഉടമയ്ക്കു തന്നെ അയച്ചു കൊടുത്ത് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടുകയാണ് ചെയ്യുന്നത്. അക്കൗണ്ട് ഉടമയുടെ ചിത്രങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന വ്യാജ അക്കൗണ്ടിൽ സുഹൃത്തുക്കളുടെ ലിസ്റ്റ് ഉൾപ്പടെ അതേപടി കാണാനാകും. ഇതിനൊപ്പം സുഹൃത്തുക്കളുടെ പട്ടികയിലുള്ള സ്ത്രീകളുടെ ചിത്രങ്ങളാണ് മിക്കപ്പോഴും നഗ്ന ചിത്രങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നതും.
ചിത്രങ്ങളും സുഹൃത്തുക്കളുടെ ലിസ്റ്റും അതേപടി പകർത്തുന്നതിനാൽ സംശയം തോന്നില്ല. വ്യാജ അക്കൗണ്ട് നിർമിക്കുന്നവർ യഥാർഥ അക്കൗണ്ട് ഉടമകൾക്ക് തങ്ങൾ നിർമിച്ച ലിങ്കാണ് അയയ്ക്കുന്നത്. ലിങ്ക് തുറക്കുമ്പോൾ ഉടമയും സ്ത്രീകളുമൊത്തുള്ള നഗ്നചിത്രങ്ങളും ഫ്രണ്ട്സ് ലിസ്റ്റുമെല്ലാം അതേപടി കാണാനാകും. 5000 ദിർഹം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ ഫെയ്സ് ബുക്കിൽ ഇടുമെന്നാണ് ഭീഷണി. ദുബായിൽ ബിസിനസ്സ് ബേയിലുള്ള നിർമാണ കമ്പനിയിലെ രണ്ടു ജീവനക്കാർക്ക് ഇത്തരത്തിൽ ഭീഷണി സന്ദേശം എത്തിയെങ്കിലും അവർ സ്ഥാപനത്തിലെ ഐടി വിഭാഗത്തെ സമീപിച്ച് അക്കൗണ്ട് ഡിലീറ്റ് ചെയ്തു.
ഒറിജിനൽ അക്കൗണ്ടിനെ വെല്ലുന്ന രീതിയിലാണ് വ്യാജപ്പതിപ്പെന്ന് ഐടി മേഖലയിലുള്ളവരും പറയുന്നു. ഫെയ്സ് ബുക്കിലെ ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് നിർമിച്ച് ഫ്രണ്ട് ലിസ്റ്റിലെ ആളുകൾക്ക് സഹായ അഭ്യർഥന അയച്ചു തട്ടിപ്പ് നടത്തുന്ന രീതിയും വ്യാപകമായിട്ടുണ്ട്. കേരളത്തിൽ പ്രചരിച്ചിരുന്ന ഈ രീതി ഇപ്പോൾ പ്രവാസലോകത്തേക്കും എത്തി. കഴിഞ്ഞദിവസങ്ങളിൽ ഒട്ടേറെ പ്രവാസികളെ കബളിപ്പിക്കാൻ ശ്രമമുണ്ടായി.
ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗം ജാഗ്രതയോടെ
∙പ്രൊഫൈലിൽ ഒട്ടേറെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നവർ സൂക്ഷിക്കണമെന്ന് ഐടി വിദഗ്ധർ.
∙ ഹൈ റെസല്യൂഷൻ ചിത്രങ്ങൾ ഒഴിവാക്കണം.
∙പാസ് വേഡ് ഇടയ്ക്കിടെ മാറ്റുക
∙സുഹൃത്തുക്കളിൽ ആർക്കെങ്കിലും തട്ടിപ്പു സന്ദേശങ്ങൾ ലഭിച്ചാൽ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ളവരെല്ലാം കരുതിയിരിക്കണം. സന്ദേശം ലഭിച്ചാൽ വിവരം എത്രയും വേഗം സുഹൃത്തുക്കളെ അറിയിക്കണം.
∙അടുത്ത പരിചയവും അടുപ്പവും ഉള്ളവരെ മാത്രം സുഹൃത്തുക്കളാക്കുക.
പ്രമുഖ ബാങ്കുകളുടെയും വൻകിട കമ്പനികളുടെയും പേരിൽ തട്ടിപ്പ്
നറുക്കെടുപ്പിൽ വിജയിച്ചതായി അറിയിച്ച് പ്രമുഖ ബാങ്കുകളുടെ സീലും ലോഗോ ഉൾപ്പടെയുള്ള ആധികാരിക വിവരങ്ങളും ഉൾപ്പെടുത്തി സന്ദേശം അയച്ചു നടത്തുന്ന തട്ടിപ്പും വ്യാപകം. 30,000 മുതൽ മൂന്നു ലക്ഷം ദിർഹം വരെ സമ്മാനമടിച്ചതായി സന്ദേശം എത്തിയിട്ടുണ്ട്. പ്രോസസിങ് ഫീയായി കുറച്ചു തുക നൽകണമെന്നും സന്ദേശത്തിലുണ്ടാകും. തുക അടയ്ക്കാമെന്ന് അറിയിച്ചാൽ ഉടനെ പണം അയയ്ക്കേണ്ട അക്കൗണ്ട് വിവരങ്ങൾ എത്തും. വമ്പൻ കമ്പനികളുടെ പേരിലും തട്ടിപ്പ് അരങ്ങേറുന്നുണ്ട്. ഇടപാടുകളുള്ള മറ്റ് കമ്പനികളിലേക്ക് വിവരങ്ങൾ ഉടൻ അയയ്ക്കണം എന്നറിയിച്ചാണു സന്ദേശം അയയ്ക്കുന്നത്.
പുതിയ പ്രോജക്ടുകൾ ഉണ്ടാകുമ്പോൾ സാധാരണയായി കമ്പനികൾ ഇടപാടുകളുള്ള ഇതര കമ്പനികളോട് അവരുടെ വിവരങ്ങൾ ചോദിക്കുന്നതിന്റെ മറവിലാണ് വ്യാജന്മാർ ഇത്തരം തട്ടിപ്പ് നടത്തി മുഴുവൻ കമ്പനി വിവരങ്ങളും ചോർത്തുന്നത്. കമ്പനി സർവറുകൾ ഹാക്കു ചെയ്തുള്ള തട്ടിപ്പും വ്യാപകമാണ്. രാവിലെ കമ്പനിയിലെത്തുമ്പോൾ സിസ്റ്റം ഹാക്കായ വിവരമാവും സ്ക്രീനിൽ തെളിയുക. കമ്പനി ഡേറ്റ തിരികെ ലഭിക്കാൻ പത്തുലക്ഷം രൂപ നൽകണമെന്നും സന്ദേശം തെളിയും. ഡേറ്റ നഷ്ടപ്പെട്ട കമ്പനികൾ ഇത്തരത്തിൽ പണം നൽകാനും നിർബന്ധിതരാകും.
ഒറ്റ ക്ലിക്കിൽ തീരും സമ്പാദ്യം, ചോരും, വ്യക്തിവിവരങ്ങൾ
അബൂദാബി∙ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായതോടെ മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയവും. വ്യക്തിവിവരങ്ങൾ ചോരാതിരിക്കാൻ സാങ്കേതിക പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് അബൂദാബി ഡിജിറ്റൽ അതോറിറ്റിയും അറിയിച്ചു. ഒറ്റ ക്ലിക്കിൽ വ്യക്തിവിവരങ്ങൾ മാത്രമല്ല സമ്പാദ്യമെല്ലാം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മൊബൈൽ ഫോൺ, ഇ-മെയിൽ, വെബ് സൈറ്റ്, ചാറ്റിങ് ആപ്പുകൾ, സമൂഹമാധ്യമങ്ങൾ വഴി വരുന്ന വ്യാജവും ദുരൂഹവുമായ സന്ദേശങ്ങളോട് പ്രതികരിക്കരുത്. വ്യക്തിഗതമോ ധനവിനിമയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതോ ആയ ഒരു വിവരവും പരസ്യപ്പെടുത്തരുത്. പാസ് വേർഡുകളും രഹസ്യമാക്കുക.
ഓൺലൈൻ ബാങ്ക് ഇടപാടുകൾ നടത്തിയാൽ പൂർണമായും അക്കൗണ്ടിൽ നിന്ന് സൈൻ ഔട്ട് ചെയ്യണം. ഏതെങ്കിലും സാഹചര്യത്തിൽ വ്യക്തി, ബാങ്ക് വിവരങ്ങൾ നൽകേണ്ടി വന്നാൽ കൃത്യതയും വ്യക്തതയും ഉറപ്പാക്കണം. തട്ടിപ്പിനിരയായെന്നു ബോധ്യപ്പെട്ടാൽ ഉടനടി അധികൃതർക്ക് പരാതി നൽകണം. സ്വകാര്യ കംപ്യൂട്ടറുകളും ഇ-ഡിവൈസുകളും വൈറസുകളിൽ നിന്നു സുരക്ഷിതമാക്കാൻ ആന്റി വൈറസ് സോഫ്റ്റയർ നവീകരിച്ചുകൊണ്ടിരിക്കണം.
കുട്ടികളും കരുതണം
ഓൺലൈൻ ഗെയിമുകൾ ഓൺ ലൈൻ വഴി വാങ്ങുന്നവരും ശ്രദ്ധിക്കണം. രക്ഷിതാക്കളുടെ മേൽനോട്ടം ഈ രംഗത്ത് ആവശ്യമാണ്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ പരസ്യപ്പെടുത്തരുത്. കുട്ടികൾ ഇടപാടുകൾ നടത്തുന്ന വെബ് സൈറ്റുകളുടെ സത്യസന്ധതയും കാര്യക്ഷമതയും ഉറപ്പാക്കണം. പൊതുമര്യാദകൾക്ക് നിരക്കാത്തചിത്രങ്ങളും ദൃശ്യങ്ങളും ഓൺലൈൻ വഴി കുട്ടികൾ കൈമാറ്റം ചെയ്യരുത്.
പരാതിപ്പെടാൻ വഴിയുണ്ട്..
ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായാൽ തലസ്ഥാന പൊലീസിന്റെ 24 മണിക്കൂറും സേവനം ലഭിക്കുന്ന 'അമാനി 'ൽ വിവരങ്ങൾ അറിയിക്കണം. വ്യക്തികളുടെ വിവരങ്ങൾ രഹസ്യമാക്കിയാണ് അമാൻ അധികൃതർ അന്വേഷണം നടത്തുക. ഫോൺ.8002626. കൂടാതെ 28 28 ലേക്ക് എസ്എംഎസും അയയ്ക്കാം.ഇ-മെയിൽaman@adpolice.gov.ae. ഇതിനു പുറമേ തലസ്ഥാന പൊലീസ് ആപ്പ് വഴിയും സഹായം തേടാം.
English Summary: UAE residents targeted by new facebook scam