വന്നല്ലോ പൊന്നോണം; പ്രവാസികൾക്ക് പ്രതീക്ഷകളുടെ സമൃദ്ധി
ദുബായ്∙ ഓലക്കുട ചൂടിയെത്തിയ ഓർമകളുടെ പുണ്യം പകർന്ന് പൊന്നോണം. വായ്ക്കുരവയും താളമേളങ്ങളുമില്ലെങ്കിലും പ്രവാസികൾക്ക് പ്രതീക്ഷകളുടെ സമൃദ്ധി.....
ദുബായ്∙ ഓലക്കുട ചൂടിയെത്തിയ ഓർമകളുടെ പുണ്യം പകർന്ന് പൊന്നോണം. വായ്ക്കുരവയും താളമേളങ്ങളുമില്ലെങ്കിലും പ്രവാസികൾക്ക് പ്രതീക്ഷകളുടെ സമൃദ്ധി.....
ദുബായ്∙ ഓലക്കുട ചൂടിയെത്തിയ ഓർമകളുടെ പുണ്യം പകർന്ന് പൊന്നോണം. വായ്ക്കുരവയും താളമേളങ്ങളുമില്ലെങ്കിലും പ്രവാസികൾക്ക് പ്രതീക്ഷകളുടെ സമൃദ്ധി.....
ദുബായ്∙ ഓലക്കുട ചൂടിയെത്തിയ ഓർമകളുടെ പുണ്യം പകർന്ന് പൊന്നോണം. വായ്ക്കുരവയും താളമേളങ്ങളുമില്ലെങ്കിലും പ്രവാസികൾക്ക് പ്രതീക്ഷകളുടെ സമൃദ്ധി. മലയാളക്കരയുടെ മനസ്സറിയുന്ന മരുഭൂമിയുടെ നന്മകളും നിറങ്ങളും കണ്ടു മനം നിറഞ്ഞ് മാവേലിത്തമ്പുരാൻ... ക്രിസ്മസ് വരെ നീളുന്ന ആഘോഷത്തിന് തുടക്കം.
പുതുവത്സരം വരെ ആഘോഷ വേദികളിൽ നിറഞ്ഞുനിന്നശേഷം യാത്രപറയുന്നതാണ് ഗൾഫിൽ ക്രിസ്മസ് അപ്പൂപ്പന്റെയും മാവേലിയും പതിവ്. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞവർഷം ആഘോഷങ്ങൾ ഇല്ലായിരുന്നെങ്കിലും ഇത്തവണ മാറ്റങ്ങളേറെ. പൊതുപരിപാടികൾ ഒഴിവാക്കി ഫ്ലാറ്റുകളിൽ ആശ്വാസത്തിന്റെ നിറവോടെയാണ് പൊന്നോണം.
കൂടെയുണ്ട്, 'കൂട്ടുകുടുംബം'
പ്രിയപ്പെട്ടവർ അടുത്തില്ലെന്ന പതിവുപല്ലവി പഴങ്കഥയായി. സ്മാർട് ഫോണുള്ളപ്പോൾ എല്ലാവരും തൊട്ടരികിൽ. വീട്ടുകാരെയും നാട്ടിലെ കൂട്ടുകാരെയും ഞെട്ടിക്കുന്ന പാചകവിദഗ്ധരായും ഗൾഫുകാർ മാറി. കോവിഡ് കാലവും ലോക്ഡൗണുമെല്ലാം ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചു. രുചികരമായ സദ്യ കുറഞ്ഞ ചെലവിൽ എങ്ങനെയൊരുക്കാമെന്നും അറിയാം. ഇതെല്ലാം 'ലൈവ്' ആയി കാണുന്ന വീട്ടുകാർക്കും സന്തോഷം.
പരിമിതികളിലും ബാച്ച്ലേഴ്സ് ഫ്ലാറ്റുകളിൽ ഉത്രാടരാത്രി പൊടിപൂരമായി. വീടുകളിലും ഫ്ലാറ്റുകളുടെ വരാന്തകളിലും പൂക്കളമൊരുക്കാൻ വനിതകൾ മത്സരിച്ചു. അവധി ദിവസമായ ഇന്നലെ രാവിലെ മുതൽ റോഡുകളിലും സൂപ്പർമാർക്കറ്റുകളിലും സെറ്റും സാരിയും ധരിച്ച മലയാളി മങ്കമാരും പട്ടുപാവാടയിട്ട പെൺകുട്ടികളും ഒഴുകി. പുരുഷന്മാർ ജൂബായും മുണ്ടും കുർത്തയുമിട്ടായിരുന്നു കറക്കം.
കരാമയിലും ബർദുബായിലും മുണ്ടു മടക്കിക്കുത്തി നടക്കുന്നവരെയും കാണാമായിരുന്നു. ഓണാഘോഷത്തെക്കുറിച്ച് സ്വദേശികൾക്കും അറിയാവുന്നതിനാൽ ദുബായിൽ നാട്ടുതനിമകൾക്കു വിലക്കുകളില്ല. ഇന്നലെ ഉച്ചയോടെ ഹൈപ്പർ മാർക്കറ്റുകളിലെ പായസ കൗണ്ടറുകൾക്കു മുന്നിൽ നീളൻ നിര രൂപപ്പെട്ടു. ഇന്നും നാളെയുമെല്ലാം പായസമേളയുണ്ട്.
വേണാട് മുതൽ മലബാർ വരെ
വൈകിട്ടോടെ ബാച്ചിലേഴ്സ് ഫ്ലാറ്റുകളിൽ ആഘോഷമേളം മുറുകി. പുറമേയുള്ള ആഘോഷങ്ങളില്ലാത്തതിനാൽ വടക്കൻ എമിറേറ്റുകളിൽ നിന്നുള്ളവരും ദുബായിലെ കൂട്ടുകാരുടെ മുറികളിലേക്കൊഴുകി. ഒരുവർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ആഘോഷത്തിൽ മാറ്റങ്ങൾ പ്രകടം.
ഓണവിഭവങ്ങളുടെ ആദ്യഘട്ടം ഇന്നലെ രാത്രി പൂർത്തിയായി. സാമ്പാർ, കാളൻ, കിച്ചടി, പച്ചടി, അച്ചാർ എന്നിവയാണ് തയാറാക്കിയത്. പരിപ്പ്, അവിയൽ, തോരൻ, പായസം തുടങ്ങിയവ ഇന്നത്തേക്കു മാറ്റി. ഉപ്പേരി, കൊണ്ടാട്ടം, ഇഞ്ചിക്കറി, ഉണ്ണിയപ്പം, എള്ളുണ്ട തുടങ്ങിയവ കടകളിൽ നിന്നു വാങ്ങി.
ഇത്രയും വിഭവങ്ങൾ നാട്ടിലെ സദ്യകളിൽ പോലും ഉണ്ടാകാറില്ല. വേണാടും വയനാടും മലബാറുമെല്ലാം തനിമകളോടെ ഒരുമിക്കുന്ന ഓണത്തിന് കോഴിയെ മാറ്റിനിർത്താത്തവരുമുണ്ട്. വൈകിട്ടത്തെ സദ്യയ്ക്ക് ഇലയുടെ കോണിൽ കോഴിയുണ്ടാകണമെന്നു നിർബന്ധമുള്ളവരുണ്ട്. ചില സൂപ്പർമാർക്കറ്റുകളിൽ നാടൻ കോഴിയിറച്ചി വാങ്ങാം.
രാജകീയം, ജനകീയ സദ്യ
കീശയ്ക്കൊതുങ്ങുന്ന പച്ചക്കറികൾ വാങ്ങി രുചികരമായി ഏതു വിഭവും തയാറാക്കാമെന്നു ഗൾഫൻമാർ പഠിച്ചുകഴിഞ്ഞു. സുലഭവും വിലക്കുറവുമുള്ള ചീര വിഭവങ്ങൾ ഒട്ടും പിന്നിലല്ല. അവിയലിലും സാമ്പാറിലും വരെ ചീര കയറിപ്പറ്റി.
ചീരയില, നീളത്തിലരിഞ്ഞ ചീരത്തണ്ട്, വെള്ളരിക്ക, മാങ്ങ, ചക്കക്കുരു, മുരിങ്ങക്കായ തുടങ്ങിയവ ചേർന്ന 'ജനകീയ അവിയൽ' ഹിറ്റ് ആയിക്കഴിഞ്ഞു. മുളക്, പാവയ്ക്ക കൊണ്ടാട്ടവും ബാച് ലേഴ്സ് തയാറാക്കുന്നു. പച്ചമുളക്, ബജിമുളക്, തായ് ലൻഡ് കാന്താരി എന്നിവ ഉപ്പുചേർത്ത കട്ടത്തൈരിൽ മുളക് മുക്കി ഉണക്കുന്നു.
ഇതു പല തവണ ആവർത്തിക്കുമ്പോൾ എരിവും പുളിയും ഉപ്പുമെല്ലാം സമാസമം. ചൂടുകാലമായതിനാൽ ബാൽക്കണിയിൽ വച്ചാൽ പെട്ടെന്ന് ഉണങ്ങിക്കിട്ടുകയും ചെയ്യും. അച്ചാറുണ്ടാക്കുന്നവരുടെ എണ്ണവും കൂടി.
വേറിട്ട ആഘോഷം
കഴിഞ്ഞ ഓണത്തിനുണ്ടായിരുന്ന പ്രിയപ്പെട്ടവരിൽ പലരുമില്ലെന്നതാണ് ഈ ഓണക്കാലത്തെ ഏറ്റവും വലിയ ദുഃഖം. കോവിഡ് തരംഗത്തിൽ പല മുഖങ്ങളും ഓർമകളായി. അതുകൊണ്ടു തന്നെ ആഘോഷം ഒഴിവാക്കി നാട്ടിലെ അർഹരായവർക്ക് സഹായമെത്തിക്കാൻ തീരുമാനിച്ചവരുമേറെ. വ്യക്തികളും സംഘടനകളും ഇക്കാര്യത്തിൽ മാതൃകയായി. കൊട്ടിഘോഷിക്കാതെയുള്ള ഇത്തരം വേറിട്ട ഓണാഘോഷത്തിനും നല്ല തുടക്കം.
English Summary: UAE's Malayali expats excited to celebrate Onam after Covid.