യുഎഇയിൽ മഞ്ഞ് പെയ്തിറങ്ങുന്നു; വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണം
അബുദാബി∙ മഞ്ഞുകാലം തുടരുന്ന യുഎഇയിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസും, ഗതാഗത വകുപ്പും അറിയിച്ചു.....
അബുദാബി∙ മഞ്ഞുകാലം തുടരുന്ന യുഎഇയിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസും, ഗതാഗത വകുപ്പും അറിയിച്ചു.....
അബുദാബി∙ മഞ്ഞുകാലം തുടരുന്ന യുഎഇയിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസും, ഗതാഗത വകുപ്പും അറിയിച്ചു.....
അബുദാബി∙ മഞ്ഞുകാലം തുടരുന്ന യുഎഇയിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസും, ഗതാഗത വകുപ്പും അറിയിച്ചു. വരും ദിവസങ്ങളിൽ മഞ്ഞിനും മഴയ്ക്കും സാധ്യതയുണ്ടെന്നു നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജിയും (എൻസിഎംഎം) അറിയിച്ചു.
കാലാവസ്ഥാ വ്യതിയാനം മൂലം ദൂരക്കാഴ്ച കുറയുമ്പോൾ ശ്രദ്ധയോടെയും വേഗം കുറച്ചും വാഹനമോടിക്കുക, വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുക, പെട്ടെന്ന് ലെയ്ൻ മാറാതിരിക്കുക, ഓവർടേക്കിങ് ഒഴിവാക്കുക, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ അറിയിപ്പുകൾ മാത്രം പിന്തുടരുക, അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഹസാർഡ് ലൈറ്റ് ഉപയോഗിക്കരുത്, മുന്നിലുള്ള വാഹനം കാണാത്ത വിധം ദൂരക്കാഴ്ച കുറഞ്ഞാൽ സുരക്ഷിത അകലത്തിൽ വാഹനം പാർക്ക് ചെയ്ത ശേഷം ഹസാർഡ് ലൈറ്റ് പ്രവർത്തിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്നു അറിയിപ്പുണ്ട്.
ഡിസംബർ വരെ ഇനി മഞ്ഞുണ്ടാകാൻ സാധ്യതയുണ്ട്. പുലർച്ചെ 4 മുതൽ 8 വരെയുള്ള സമയത്താണ് മൂടൽമഞ്ഞ് കൂടുതലായി അനുഭവപ്പെടുക. മഞ്ഞുള്ള സമയങ്ങളിൽ അന്തരീക്ഷ ഈർപ്പം കൂടുന്നതിനാൽ ഉച്ച നേരങ്ങളിൽ ചൂട് കൂടാൻ സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും ശരാശരി താപനില 20-30 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ഈർപ്പം 85% വരെ.
ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്നും നാളെയും ആകാശം മേഘാവൃതമായിരിക്കും. വടക്കൻ, കിഴക്കൻ മേഖലകളിൽ ചിലയിടങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. യുഎഇയിൽ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് യഥാസമയം ജനങ്ങൾക്കു മുന്നറിയിപ്പ് നൽകുന്ന സംവിധാനം നിലവിലുണ്ട്. റോഡിൽ സ്ഥാപിച്ച ഡിജിറ്റൽ ബോർഡിലൂടെയും സമൂഹമാധ്യമങ്ങളിലും റേഡിയോയിലൂടെയും വിവരം കൈമാറും.
നൂതന സംവിധാനമുള്ള സ്മാർട് ടവറുമായി റോഡിലെ ക്യാമറ, വേഗനിയന്ത്രണ ഉപകരണം, ക്ലോസ്ഡ് സർക്യൂട്ട് ടിവി എന്നിവ ബന്ധപ്പെടുത്തിയാണ് മുന്നറിയിപ്പ് സംവിധാനം പ്രവർത്തിക്കുന്നത്. സ്മാർട് ടവറിലെ സെൻസർ കാലാവസ്ഥാ വ്യതിയാനം നിരീക്ഷിച്ചു കൺട്രോൾ സ്റ്റേഷനിലേക്ക് മുന്നറിയിപ്പു സന്ദേശം കൈമാറും. തുടർന്ന് പൊലീസ് സന്ദേശം ജനങ്ങളിലെത്തിക്കുന്നു. കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുമ്പോൾ ഇത്തരം നിർദേശങ്ങൾ പാലിക്കണമെന്നും ഗതാഗതവകുപ്പ് നിർദേശിച്ചു.
വേഗപരിധി 80 കി.മീ
മൂടൽമഞ്ഞ്, മണൽക്കാറ്റ്, മഴ, പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷം തുടങ്ങി അസ്ഥിര കാലാവസ്ഥകളിൽ വേഗപരിധി 80 കി.മീ ആയി കുറയ്ക്കണമെന്നാണ് നിയമം. നിയമം ലംഘിക്കുന്നവർക്ക് 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ. മഞ്ഞുള്ള സമയത്ത് ഗതാഗത നിയമം പാലിക്കാതെ വാഹനമോടിക്കുന്ന ട്രക്ക്, തൊഴിലാളി ബസ് ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ശിക്ഷയുണ്ട്.
ഇവ ശ്രദ്ധിക്കാം
∙ മഞ്ഞു വീഴ്ചയുള്ളപ്പോൾ വേഗം കുറച്ച് വാഹനം ഓടിക്കുക.
∙ മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുക.
∙ ലോ ബീം ലൈറ്റ് മാത്രം ഉപയോഗിക്കുക.
∙ ഓവർടേക്കിങോ ലെയ്ൻ മാറ്റമോ അരുത്.
∙ സഡൻ ബ്രേക്ക് ഒഴിവാക്കുക.
∙ വാഹനങ്ങളുടെ ഗ്ലാസ് തുടച്ചു വൃത്തിയാക്കുക.
∙ പരസ്പരം കാണാത്തവിധം ദൂരക്കാഴ്ച കുറഞ്ഞാൽ വാഹനം റോഡിൽനിന്നും സുരക്ഷിത അകലത്തേക്കു മാറ്റി നിർത്തിയിട്ട ശേഷം ഹസാർഡ് ലൈറ്റ് ഇടുക.