ഉജ്വല ബാല്യം പുരസ്കാരം പ്രവാസി മലയാളി വിദ്യാർഥിനി സുചേതയ്ക്ക്
Mail This Article
അബുദാബി∙ സംസ്ഥാന സർക്കാരിന്റെ ശിശുവികസന വകുപ്പ് കുട്ടികൾക്ക് നൽകുന്ന ഉജ്വല ബാല്യം പുരസ്കാരത്തിനു പ്രവാസി മലയാളി വിദ്യാർഥിനി സുചേത അർഹയായി. ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയും കണ്ണൂര്‍ എളയാവൂര്‍ സ്വദേശി ഡോ. ടി. സി. സതീഷിന്റെയും സുമിത ആയില്യത്തിന്റെയും മകളാണ്. അസാധാരണ കഴിവുകളുള്ള വ്യത്യസ്ത മേഖലകളിലെ കുട്ടികൾക്കു നൽകുന്ന പുരസ്കാരത്തിന് കണ്ണൂർ ജില്ലയിൽനിന്ന് അർഹരായ മൂന്നു വിദ്യാർഥികളിൽ ഒരാളാണ് സുചേത. 25,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ദുബായിലെ ഒരു വേദിയിൽ 120 ഭാഷകളിൽ പാടി സുചേത ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരുന്നു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും യുഎഇയുടെ സുവർണജൂബിലിയും പ്രമാണിച്ച് ഇരുരാജ്യങ്ങൾക്കും ആദരമർപ്പിച്ചായിരുന്നു 16കാരിയുടെ റെക്കോർഡ് പ്രകടനം. മലയാളമടക്കം 29 ഇന്ത്യൻ ഭാഷകൾക്കു പുറമെ 91 ലോക ഭാഷകളിലാണ് പാടിയത്. കൂടാതെ കോവിഡ് ബോധവൽക്കരണത്തിനായി 32 ഭാഷകളിലും കോവിഡ് വാക്സീൻ ബോധവൽക്കരണത്തിനായി നാലു ഭാഷകളിലും പാട്ട് പാടിയിട്ടുണ്ട് സുചേത.