ADVERTISEMENT

ദോഹ ∙ഖവാലി സംഗീതത്തിന്റെ കുളിർമഴ പെയ്യിച്ച് ഇന്ത്യൻ കൾചറൽ സെന്ററിന്റെ (ഐസിസി) ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങൾക്ക് സമാപനം. കഴിഞ്ഞ ഒരുവർഷമായി ഖത്തറിൽ നടന്നു വരുന്ന ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷ പരിപാടികൾക്കാണ് സമാപനമായത്.

 

icc
അൽ അറബി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഖവാലി സംഗീതം അവതരിപ്പിക്കുന്നു.

ഐസിസിയുടെ അനുബന്ധ സംഘടനകൾ, ദോഹയിലെ വിവിധ ഇന്ത്യൻ സ്‌കൂളുകൾ എന്നിവരാണ് കലാ, സാംസ്‌കാരിക പരിപാടികൾ അവതരിപ്പിച്ചത്. ഇന്ത്യയിൽ നിന്നെത്തിയ ഖവാലി ഗ്രൂപ്പ് ഡാനിഷ് ഹുസൈൻ ബദായുനി അവതരിപ്പിച്ച ഖവാലി സംഗീതമായിരുന്നു പ്രധാന ആകർഷണം. ചെണ്ടമേളവും താലപ്പൊലിയുമായാണ് മുഖ്യാതിഥി ഡോ.ദീപക് മിത്തൽ ഉൾപ്പെടെയുള്ളവരെ വേദിയിലേക്ക് ആനയിച്ചത്.

 

വിവിധ സംസ്ഥാനങ്ങളുടെ തനത് നൃത്ത രൂപങ്ങളും അരങ്ങിലെത്തി. ചെണ്ടമേളം, മലബാറിന്റെ കോൽകളി, മാജിക് ഷോ, നൃത്തനൃത്യങ്ങൾ, തൽസമയ സംഗീത പരിപാടികൾ തുടങ്ങിയവ അരങ്ങേറിയ ആഘോഷങ്ങളിലേക്ക് കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ നൂറു കണക്കിന് ആളുകളെത്തി. ആഘോഷങ്ങൾക്ക് മാറ്റേകാൻ ഭക്ഷണ-പാനീയങ്ങൾ, തുണിത്തരങ്ങൾ, കരകൗശല ഉൽപന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും സജീവമായിരുന്നു.

 

ഗ്രാൻഡ് ഫിനാലേയ്ക്ക് ശേഷം ഖവാലി സംഗീതത്തിന് മാത്രമായി ഇന്നലെ ഐസിസിയിലെ അശോക ഹാളിൽ വേദിയൊരുക്കിയത് ദോഹയിലെ സംഗീത പ്രേമികൾക്ക് കൂടുതൽ ആസ്വാദ്യകരമായി. ഒരു വർഷം നീണ്ട ആസാദി കാ അമൃത് മഹോത്സവിന്റെ കീഴിൽ കലാ, സാംസ്‌കാരിക പരിപാടികൾക്ക് പുറമെ രക്തദാന ക്യാംപുകൾ, മെഡിക്കൽ ക്യാംപുകൾ എന്നിവയും സജീവമായിരുന്നു. 150ൽ അധികം പരിപാടികളാണ് ഒരു വർഷത്തിനിടെ നടന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com