കലയും കളിക്കും വേദി; അൽ ജനൂബ് സ്റ്റേഡിയം
Mail This Article
ദോഹ∙ ലോകകപ്പ് സ്റ്റേഡിയങ്ങളിലെ അമൂല്യ കലാസൃഷ്ടികളിലൊന്നാണ് അൽവക്രയിലെ അൽ ജനൂബ് സ്റ്റേഡിയം. ഉദ്ഘാടനത്തിനുശേഷം അമീർ കപ്പ്, ഖത്തർ സ്റ്റാർസ് ലീഗ് തുടങ്ങിയ പ്രാദേശിക ടൂർണമെന്റുകൾക്കും എഎഫ്‌സി ചാംപ്യൻസ് ലീഗ്, ഫിഫ അറബ് കപ്പ് ഉൾപ്പെടെയുള്ള രാജ്യാന്തര ടൂർണമെന്റുകൾക്കും വേദിയൊരുക്കിയതിന്റെ അനുഭവ സമ്പത്തുമായാണ് ലോകകപ്പിനും വേദിയാകുന്നത്.
40,000 സീറ്റുകളുള്ള സ്റ്റേഡിയം 2019 മേയ് 16നാണ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തിന് സമർപ്പിച്ചത്. നവംബർ 22ന് ഫ്രാൻസും ഓസ്‌ട്രേലിയയും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തോടെയാണ് ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ 6 മത്സരങ്ങൾക്കും റൗണ്ട്-16 ലേതും ഉൾപ്പെടെ 7 മത്സരങ്ങൾക്കാണ് വേദിയാകുന്നത്.
സാഹ ഹദീദിന്റെ അപൂർവ ഡിസൈൻ
അന്തരിച്ച വിഖ്യാത ബ്രിട്ടീഷ്-ഇറാഖി വാസ്തുശിൽപി സാഹ ഹദീദിന്റെ അപൂർവ രൂപകൽപനകളിലൊന്നാണ് സ്റ്റേഡിയത്തിന്റേത്. നിർമാണം പൂർത്തിയാകും മുൻപേ ഡിസൈൻ സവിശേഷതകളാൽ ലോകശ്രദ്ധ നേടിയ സ്റ്റേഡിയമാണിത്. മീൻപിടിത്തത്തിനും മുത്തുവാരലിനുമായി ഉപയോഗിച്ചിരുന്ന പരമ്പരാഗത ഖത്തരി പായ്ക്കപ്പലിന്റെ മാതൃകയിലുള്ള സ്റ്റേഡിയം മധ്യപൂർവ ദേശത്തിന്റെയും ഖത്തറിന്റെ കലാപൈതൃകവും സാംസ്‌കാരികതയും പ്രതിഫലിപ്പിക്കുന്നതുമാണ്.
വാസ്തുവിദ്യാ രംഗത്തെ സുപ്രധാനമായ പ്രിറ്റ്‌സ്‌കർ പുരസ്‌കാരം നേടിയ ആദ്യ വനിത കൂടിയായ സാഹ ഹൃദയാഘാതത്തെ തുടർന്ന് 2016 മാർച്ചിലാണ് മരണമടഞ്ഞത്. പരിസ്ഥിതി സൗഹൃദമാണ് നിർമാണവും. തദ്ദേശീയമായി വികസിപ്പിച്ച ശീതീകരണ സാങ്കേതിക വിദ്യ, സ്റ്റേഡിയത്തിന് ചുറ്റുമായി പച്ചപ്പ് നിറഞ്ഞ പാർക്കുകൾ. തണലേകാൻ മരങ്ങളും ധാരാളം. അകത്ത് കളിക്കാർക്കായി ലോകോത്തര നിലവാരത്തിലുള്ള വസ്ത്രം മാറാനുള്ള മുറികളും എല്ലാം ഒന്നിനൊന്ന് മികച്ചതാണ്. വിശാലമായ പാർക്കിങ് സൗകര്യവുമുണ്ട്.
യാത്ര എളുപ്പം
മുത്തുവാരലിനും മീൻപിടിത്തത്തിനും പേരു കേട്ട ഖത്തറിന്റെ തുറമുഖ നഗരമായ അൽ വക്രയിലാണ് സ്റ്റേഡിയം.
അൽ വക്ര നഗരത്തിന് പുറത്തായാണു സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. സെൻട്രൽ ദോഹയുടെ തെക്ക് നിന്ന് ഏകദേശം 20 കിലോമീറ്ററിനപ്പുറമാണിത്. അൽവക്ര വരെ ദോഹ മെട്രോയുടെ റെഡ് ലൈനിൽ എത്താം. അവിടെ നിന്ന് സ്റ്റേഡിയത്തിലേക്ക് ഷട്ടിൽ ബസുകളുണ്ട്. ടാക്‌സികളും സുലഭം.
ലോകകപ്പിന് ശേഷം
ലോകകപ്പിന് ശേഷം സ്റ്റേഡിയത്തിന്റെ ശേഷി 20,000 സീറ്റുകളാക്കി കുറയ്ക്കും. അവശേഷിക്കുന്ന 20,000 സീറ്റുകൾ കായിക അടിസ്ഥാന സൗകര്യ വികസനങ്ങൾ അനിവാര്യമായിട്ടുള്ള വിദേശ രാജ്യങ്ങൾക്കു നൽകാനാണ് പദ്ധതി. സ്റ്റേഡിയത്തിനുള്ളിൽ കായിക, വിനോദ സൗകര്യങ്ങൾ സജ്ജമാക്കും. അൽവക്രയിലെ കമ്യൂണിറ്റികൾക്കു മികച്ച വിനോദ, കായിക കേന്ദ്രമായി സ്റ്റേഡിയം മാറും.