ഡിഎസ്എഫിന് തുടക്കമായി; വിലക്കിഴിവിന്റെ മേളം
Mail This Article
ദുബായ്∙ പൊടിപാറുന്ന കച്ചവടത്തിന്റെ വല്യങ്ങാടിയായി ദുബായ്. ആഘോഷവും ആരവവും പശ്ചാത്തലമൊരുക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ 90 ശതമാനം വരെ വിലക്കുറവാണ് കടകൾ പ്രഖ്യാപിച്ചത്. ജുമൈറ ബീച്ചിൽ പ്രത്യേകം ഒരുക്കിയ വ്യാപാര മേളയിൽ പ്രധാന ബ്രാൻഡുകളെല്ലാം ഔട്‌ലെറ്റുകൾ തുറന്നു. 46 നാൾ നീളുന്ന ഷോപ്പിങ് വിസ്മയത്തിനു തുടക്കം കുറിച്ച് ജുമൈറ ദ് ബീച്ചിൽ വൻ വെടിക്കെട്ട് നടന്നു.
ആകാശമാകെ പൂക്കളമൊരുക്കിയാണ് മിനിറ്റുകൾ നീണ്ട കരിമരുന്നു പ്രയോഗം. പിന്നീട് ഡ്രോൺ ഷോയുടെ വിസ്മയ പ്രകടനമായിരുന്നു. ദുബായുടെ പൈതൃക രൂപങ്ങളെല്ലാം ഡ്രോണുകൾ ആകാശത്തു വരച്ചു. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് ആവേശമേകാൻ വമ്പൻ കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.
ഇന്ന് വൈകിട്ട് ഈജിപ്ഷ്യൻ ഗായകൻ മുഹമ്മദ് ഹമകിയും അഹമ്മദ് സാദും നയിക്കുന്ന പരിപാടിയോടെ ഡിഎസ്എഫ് കലാപരിപാടികൾക്കു തുടക്കമാകും. കോക്കകോള അരീനയിലാണ് സംഗീത പരിപാടി.
ടെന്നിസ് ലോകത്തെ സൂപ്പർ താരങ്ങൾ ഇറങ്ങുന്ന വേൾഡ് ടെന്നിസ് ലീഗ് 19 മുതൽ 24വരെ കോക്കകോള അരീനയിൽ നടക്കും. നൊവാക് ജോക്കോവിച്ച്, ഇഗാ സ്യാംതെക്, അലക്സാണ്ടർ സ്വരേവ്, എലേന റിബക്കീന, സാനിയ മിർസ ഉൾപ്പെടെ വൻ നിരയാണ് ടെന്നിസ് ലീഗിൽ ഇറങ്ങുന്നത്.
ഗ്രാമി ജേതാവ് ഡിജെ ടീസ്റ്റോയുടെ സംഗീത പരിപാടി 19നും നൈജീരിയൻ സംഗീതജ്ഞൻ വിസ്കിഡിന്റെ പരിപാടി 20നും നടക്കും.
അമേരിക്കൻ ഗായകൻ നിയോ ആദ്യമായി ദുബായിൽ സംഗീത പരിപാടിയുമായി എത്തുന്നു. 21ന് ആണ് നിയോയുടെ പ്രകടനം. ഈജിപ്ഷ്യൻ ഗായകൻ മുഹമ്മദ് റമദാൻ 23നും ഡച്ച് കലാകാരൻ അർമിൻ വാൻ ബുറൻ 24നും പരിപാടികൾ അവതരിപ്പിക്കും. വേൾഡ് ടെന്നിസ് ലീഗ് മത്സരങ്ങൾക്കുള്ള പ്രവേശന ടിക്കറ്റ് 199 ദിർഹം മുതൽ ലഭ്യമാണ്.
നൃത്ത സംഗീത പരിപാടിയുമായി മാർട്ടിൻ ഗാരിക്സ് 30ന് വേദിയിലെത്തും. കലാപരിപാടികൾ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ www.mydsf.ae
ആദായ വിൽപനയുമായി ഷാർജ
ഷോപ്പിങ് പ്രമോഷൻസ് തുടങ്ങി
ഷാർജ∙ 75% വരെ ആദായ വിൽപനയുമായി ഒന്നര മാസം നീളുന്ന ഷാർജ ഷോപ്പിങ് പ്രമോഷൻസിന് തുടക്കമായി. മുന്തിയ ഇനം ഉൽപന്നങ്ങൾ നാലിലൊന്നു വിലയ്ക്കു ലഭിക്കുമെന്നതാണ് പ്രത്യേകത. ഷാർജയിലെ പ്രധാന ഷോപ്പിങ് മാളുകളും ആയിരക്കണക്കിനു കടകളും വ്യാപാരമേളയുടെ ഭാഗമാകുന്നുണ്ട്. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്‌സിസിഐ) സംഘടിപ്പിക്കുന്ന വ്യാപാരമേള ജനുവരി 29 വരെ നീളും.
പങ്കാളിത്ത സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങുന്നവരിൽനിന്ന് നറുക്കെടുത്ത് ഷോപ്പിങ് വൗച്ചർ ഉൾപ്പെടെ വിലപ്പെട്ട സമ്മാനങ്ങളും നൽകുന്നു. വസ്ത്രം, സുഗന്ധം, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ, ഗൃഹോപകരണങ്ങൾ, യാത്രയ്ക്ക് ആവശ്യമായ വസ്തുക്കൾ തുടങ്ങി ഒട്ടുമിക്ക സാധനങ്ങൾക്കും വിലക്കുറവുണ്ട്. സന്ദർശകർക്ക് ലോകോത്തര ഷോപ്പിങ് അനുഭവമാകുമെന്ന് എസ്‌സിസിഐ അറിയിച്ചു. ഇതോടനുബന്ധിച്ച് ടൂറിസം കേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളിലും കലാകായിക, വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.
English Summary: 28th edition of Dubai Shopping Festival began