ഓടിത്തളരേണ്ട, യാത്ര മുടക്കേണ്ട; 6 മാസം മുൻപെങ്കിലും പാസ്‌പോർട്ട് പുതുക്കണം
ദോഹ∙ പാസ്‌പോർട്ടിന് കുറഞ്ഞത് 6 മാസത്തെ കാലാവധി വേണമെന്നാണ് ചട്ടം. പക്ഷേ പ്രവാസികളിൽ പലരും യാത്രയ്ക്ക് തയാറെടുക്കുമ്പോഴാണ് പാസ്‌പോർട്ട് പുതുക്കുന്ന കാര്യം തന്നെ ഓർമിക്കുന്നത്......
ദോഹ∙ പാസ്‌പോർട്ടിന് കുറഞ്ഞത് 6 മാസത്തെ കാലാവധി വേണമെന്നാണ് ചട്ടം. പക്ഷേ പ്രവാസികളിൽ പലരും യാത്രയ്ക്ക് തയാറെടുക്കുമ്പോഴാണ് പാസ്‌പോർട്ട് പുതുക്കുന്ന കാര്യം തന്നെ ഓർമിക്കുന്നത്......
ദോഹ∙ പാസ്‌പോർട്ടിന് കുറഞ്ഞത് 6 മാസത്തെ കാലാവധി വേണമെന്നാണ് ചട്ടം. പക്ഷേ പ്രവാസികളിൽ പലരും യാത്രയ്ക്ക് തയാറെടുക്കുമ്പോഴാണ് പാസ്‌പോർട്ട് പുതുക്കുന്ന കാര്യം തന്നെ ഓർമിക്കുന്നത്......
ദോഹ∙ പാസ്‌പോർട്ടിന് കുറഞ്ഞത് 6 മാസത്തെ കാലാവധി വേണമെന്നാണ് ചട്ടം. പക്ഷേ പ്രവാസികളിൽ പലരും യാത്രയ്ക്ക് തയാറെടുക്കുമ്പോഴാണ് പാസ്‌പോർട്ട് പുതുക്കുന്ന കാര്യം തന്നെ ഓർമിക്കുന്നത്. ചില രാജ്യങ്ങളിൽ പ്രവേശനത്തിന് പാസ്‌പോർട്ടിന് കുറഞ്ഞത് 6 മാസത്തെ കാലാവധി നിർബന്ധമാണ്. അടിയന്തര യാത്രകൾക്ക് കൂടുതൽ തുക അടച്ച് തത്ക്കാൽ സംവിധാനത്തിലൂടെ പാസ്‌പോർട്ട് എടുക്കുന്നവരും കുറവല്ല.
Also read: യുഎഇ താമസവീസ: 6 മാസത്തിൽ കൂടുതൽ പുറത്ത് കഴിഞ്ഞാൽ മാസം 100 ദിർഹം പിഴ
അവസാന നിമിഷം പാസ്‌പോർട്ട് പുതുക്കാൻ നെട്ടോട്ടം ഓടുന്നതിനേക്കാൾ നല്ലത് കാലാവധി തീരുന്നതിന് കുറഞ്ഞത് 6 അല്ലെങ്കിൽ 3 മാസത്തിന് മുൻപെങ്കിലും പുതുക്കുന്നതാണ്. പ്രവാസികൾക്ക് പാസ്‌പോർട്ട് പുതുക്കാൻ ആവശ്യമായ രേഖകൾ, നടപടിക്രമങ്ങൾ, എവിടെ അപേക്ഷ നൽകണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചറിയാം. പുതിയ പാസ്‌പോർട്ട് എടുക്കാനും ഇതേ നടപടിക്രമങ്ങൾ തന്നെയാണ്.
1.അപേക്ഷ നൽകേണ്ടത് ?
∙ഇന്ത്യൻ എംബസിക്ക് പുറമേ ഇന്ത്യൻ കൾചറൽ സെന്റർ (ഐസിസി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) എന്നിവിടങ്ങളിലും പാസ്‌പോർട്ട് പുതുക്കൽ, പുതിയത് എടുക്കൽ എന്നിവയ്ക്കും 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും നവജാത ശിശുക്കൾക്കുമുള്ള പാസ്‌പോർട്ടിനും അപേക്ഷകളും നൽകാം.
2.പാസ്‌പോർട്ട് പുതുക്കൽ/പുതിയവയ്ക്ക് ആവശ്യമായ രേഖകൾ
മുതിർന്നവർക്ക്
ഒറിജിനൽ പാസ്‌പോർട്ട്, ഒറിജിനൽ ഖത്തർ ഐഡി, പാസ്‌പോർട്ടിന്റെയും ഖത്തർ ഐഡിയുടേയും കോപ്പി.
∙വൈറ്റ് ബാക്ക്ഗ്രൗണ്ടിൽ 2x2 സൈസിലുള്ള 2 ഫോട്ടോ.
∙കേന്ദ്രസർക്കാരിന്റെ പാസ്‌പോർട്ട് സേവാ പോർട്ടലിൽ ഓൺലൈനായി പൂരിപ്പിച്ച അപേക്ഷാ ഫോറത്തിന്റെ പ്രിന്റ്.
നവജാത ശിശുക്കൾ, കുട്ടികൾ (പതിനെട്ടിൽ താഴെ) എന്നിവർക്ക്
ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ചത്, ജനന സർട്ടിഫിക്കറ്റിന്റെ ഒറിജിനലും കോപ്പിയും. കുട്ടികൾക്ക് വൈറ്റ് ബാക്ക്ഗ്രൗണ്ടുള്ള 2x2 ഇഞ്ച് സൈസ് 2 ഫോട്ടോ, നവജാതശിശുക്കൾക്ക് 4 ഫോട്ടോ, രക്ഷിതാക്കളുടെ പാസ്‌പോർട്ട്, ഖത്തർ ഐഡി കോപ്പികൾ (അപേക്ഷ നൽകുമ്പോൾ ഒറിജിനൽ കാണിക്കണം), രക്ഷിതാക്കളുടെ വിവാഹ സർട്ടിഫിക്കറ്റ്.
3.ഓൺലൈൻ അപേക്ഷഫോം പൂരിപ്പിക്കാൻ
പാസ്‌പോർട്ട് പുതുക്കൽ, പുതിയത് എടുക്കൽ, നഷ്ടപ്പെടുകയോ അല്ലെങ്കിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നോ പുതിയത് എടുക്കൽ, നവജാതശിശുക്കൾ, കുട്ടികൾ എന്നിവർക്കുള്ള പാസ്‌പോർട്ട് എന്നിവക്കെല്ലാം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പോർട്ടലിൽ പ്രവേശിച്ച് ഓൺലൈനിൽ അപേക്ഷാ ഫോം പൂരിപ്പിക്കണം.
∙കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ https://portal5.passportindia.gov.in/Online/index.html എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം.
∙ശേഷം അക്കൗണ്ടിൽ ലോഗിൻ ചെയ്യുമ്പോൾ ഹോം പേജിൽ പാസ്‌പോർട്ട് പുതുക്കൽ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇവിടെ അപേക്ഷാ ഫോം കാണാം.
അപേക്ഷാ ഫോമിലെ എല്ലാ പേജുകളും പൂരിപ്പിക്കണം. പേരും വിലാസവും ഉൾപ്പെടെ എല്ലാ കാര്യങ്ങളും കൃത്യമായിരിക്കണം. ഇംഗ്ലിഷ് അക്ഷരങ്ങൾ പോലും തെറ്റില്ലാതെ വേണം പൂരിപ്പിക്കാൻ. പുതിയ പാസ്‌പോർട്ടിൽ പേരിലോ വിലാസത്തിലോ മാറ്റം വരുത്തണമെങ്കിൽ അതനുസരിച്ച് വേണം പൂരിപ്പിക്കാൻ. അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ആണ് പാസ്‌പോർട്ടിൽ രേഖപ്പെടുത്തുക.
∙അപേക്ഷാ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്ത ശേഷം പ്രിന്റെടുക്കണം.
∙ഓൺലൈനിൽ അപേക്ഷാഫോം പൂരിപ്പിക്കാൻ കഴിയാത്തവർക്ക് ഐസിസിയിലും ഐസിബിഎഫിലും ഇതിനുള്ള സൗകര്യമുണ്ട്. ഇതിനായി നിശ്ചിത തുക അധികം നൽകേണ്ടി വരുമെന്നു മാത്രം.
4. അപേക്ഷ സമർപ്പിക്കാൻ
ഓൺലൈനിൽ പൂരിപ്പിച്ച അപേക്ഷാ ഫോം, ഒറിജിനൽ പാസ്‌പോർട്ട്, ഖത്തർ ഐഡി എന്നിവയുടെ പകർപ്പ്, ഫോട്ടോ (നവജാത ശിശുക്കൾ, കുട്ടികൾ എന്നിവർക്കാണെങ്കിൽ മറ്റ് രേഖകൾ) എന്നിവ സഹിതം എംബസിയിലോ ഐസിസിയിലോ ഐസിബിഎഫിലോ നേരിട്ടെത്തി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുമ്പോൾ ഒറിജിനൽ പാസ്‌പോർട്ടും ഖത്തർ ഐഡിയും കാണിച്ചിരിക്കണം. അപേക്ഷയ്‌ക്കൊപ്പം പാസ്‌പോർട്ട്, ഖത്തർ ഐഡി കോപ്പികൾ നിർബന്ധമാണ്. അപേക്ഷ സമർപ്പിച്ച് ഏകദേശം രണ്ടാഴ്ചക്കുള്ളിൽ പുതിയ പാസ്‌പോർട്ട് ലഭിക്കും. അപേക്ഷ നൽകിയപ്പോൾ പണം അടച്ച രസീത് പാസ്‌പോർട്ട് വാങ്ങാൻ ചെല്ലുമ്പോൾ കൗണ്ടറിൽ കാണിക്കണം.
5.തത്ക്കാൽ പാസ്‌പോർട്ട് എടുക്കാൻ
അടിയന്തര സാഹചര്യങ്ങളിലാണ് തൽക്കാൽ സ്‌കീമിലൂടെ പാസ്‌പോർട്ട് ലഭിക്കുക. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ പോർട്ടലിൽ അപേക്ഷ പൂരിപ്പിച്ച ശേഷം പ്രിന്റെടുത്ത് ഒറിജിനൽ പാസ്‌പോർട്ട്, ഖത്തർ ഐഡി, 2 ഫോട്ടോ എന്നിവ സഹിതം ഇന്ത്യൻ എംബസി കോൺസുലർ സർവീസ് വിഭാഗത്തിലെത്തി അപേക്ഷ നൽകണം. അപേക്ഷ നൽകി പിറ്റേദിവസം തന്നെ പുതിയ പാസ്‌പോർട്ട് ലഭിക്കും.
6.ഫീസ് നിരക്ക്
പുതുക്കാനും പുതിയത് എടുക്കാനും 282 റിയാൽ. ഐസിസി, ഐസിബിഎഫ് എന്നിവിടങ്ങളിൽ 10 റിയാൽ സർവീസ് ഫീസും നൽകണം.
∙ 15 വയസിൽ താഴെയുള്ള കുട്ടികൾക്ക് 191 റിയാൽ.
∙ നവജാത ശിശുക്കൾക്ക് 356 റിയാൽ.
∙ കേടായതോ നഷ്ടമായതോ മാറ്റാൻ 555 റിയാൽ
∙ തത്ക്കാൽ പാസ്‌പോർട്ട് എടുക്കാൻ 828 റിയാൽ ( 282 റിയാലിന് പുറമെ അധികമായി 550 റിയാൽ കൂടി നൽകണം).
അപേക്ഷിക്കാൻ
ഇന്ത്യൻ എംബസിയിൽ വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിൽ അപേക്ഷ നൽകാം. ഐസിസിയുടെ കോൺസുലർ സർവീസ് പ്രവർത്തന സമയം ഞായർ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 4.30 മുതൽ രാത്രി 9.00 വരെയുമാണ്. അന്വേഷണങ്ങൾക്ക്: 44686607. ഐസിബിഎഫിൽ ശനി മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 7വരെ അപേക്ഷ സമർപ്പിക്കാം.
പാസ്‌പോർട്ട് വിവരങ്ങളുടെ പ്രധാന ലിങ്കുകൾ
∙ പാസ്‌പോർട്ട് സംബന്ധിച്ച വിവരങ്ങൾക്ക്: https://www.indianembassyqatar.gov.in/
∙ ഐസിസി ലിങ്ക് : https://www.iccqatar.com/consularservices
∙ ഐസിബിഎഫ് ലിങ്ക്: https://www.icbfqatar.org/
English Summary : All we need to know about passport renewal