പ്രവാസിയുടെ സ്നേഹ നൂലില്‍ വിരിഞ്ഞ ദുബായ് കിരീടാവകാശി
Mail This Article
പ്രവാസത്തിന്റെ ക്യാന്‍വാസില്‍ സ്‌നേഹം കൊണ്ട് മലയാളിയായ ഷെറിന്‍ ഹുസൈന്‍ തുന്നിചേര്‍ത്തത് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അൽ മക്തൂമിന്‍റെ മനോഹര രൂപം. ത്രെഡ് ആര്‍ട്ടില്‍ സര്‍ഗാത്മകതയുടെ ആകാശം തൊട്ട ഈ കലാസൃഷ്ടി ദുബായ് കിരീടാവകാശിക്ക് സമ്മാനിക്കാനാണ് ഷെറിന്‍ ആഗ്രഹിക്കുന്നത്. മൂന്ന് ദിവസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഷെറിന്‍ ഈ കലാസൃഷ്ടി രൂപപ്പെടുത്തിയത്.
Read also: 'റിഷാനെ നീ പൊളിച്ചെടാ'; പ്രവാസികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച റാപ്പാക്കി, മലയാളി പയ്യൻസ് വൈറൽ...
തിരുവനന്തപുരം കവടിയാര്‍ സ്വദേശിനിയാണ് ഷെറിന്‍. ഇപ്പോള്‍ അഞ്ച് വര്‍ഷമായി ദുബായിലാണ് താമസിക്കുന്നത്. മനോഹരമായി ചിത്രം വരയ്ക്കുന്ന ഷെറിന് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് ഷെയ്ഖ് ഹംദാന്‍. ദുബായിയുടെ വികസനത്തിനായി ദുബായ് കിരീടാവകാശി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഷെയ്ഖ് ഹംദാനെ ഷെറിന് പ്രിയങ്കരനാക്കിയത്.
വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുള്ള ത്രെഡ് ആര്‍ട്ടിന്റെ സാധ്യത ഷെറിന്‍ മനസിലാക്കുന്നത് ഓണ്‍ലൈനിലൂടെയാണ്. ഇതോടെ ത്രെഡ് ആര്‍ട്ടിലും സര്‍ഗാത്മകതയുടെ സാധ്യതകളുണ്ടെന്ന തോന്നല്‍ ഷെറിനിലെ ചിത്രക്കാരിക്ക് ഊര്‍ജജം പകര്‍ന്നു. ഓണ്‍ലൈനിലൂടെ കണ്ട് മനസിലാക്കിയ ത്രെഡ് ആര്‍ട്ടില്‍ സ്വയം പരീക്ഷണങ്ങള്‍ക്ക് ഷെറിന്‍ മുതിര്‍ന്നു. പത്തുവര്‍ഷമായി ദുബായിലുള്ള എന്‍ജിനീയറായ ഭര്‍ത്താവ് ഫിറോസ് ഖാന്‍ പിന്തുണയുമായി കൂടെ നിന്നതോടെ ഷെറിന്‍ ത്രെഡ് ആര്‍ട്ടില്‍ ഇഷ്ടപ്പെട്ട രൂപങ്ങള്‍ പലതും സൃഷ്ടിച്ചു.
അതില്‍ ഏറെ ഇഷ്ടപ്പെടുന്ന ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദിന്റെ ചിത്രം അദ്ദേഹത്തെ നേരില്‍ കണ്ട് കൈമാറുന്നതിനാണ് ഷെറിന്റെയും ഭര്‍ത്താവ് ഫിറോസിന്റെയും ആഗ്രഹം. ഇനിയും ത്രെഡ് ആര്‍ട്ടും ചിത്രകലയും തുടരാനാണ് ഷെറിന്റെ തീരുമാനമെന്ന് ഫിറോസ് മനോരമ ഓൺലൈനോട് പറഞ്ഞു. ഷെറിന്‍ - ഫിറോസ് ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. സഹ്‌റ.
English Summary: Sherin does a thread art of dubai crown prince