യുഎഇയിൽ സ്കൂൾ വിദ്യാർഥികൾക്ക് 2025 മുതൽ സൗജന്യ ഭക്ഷണം; കർഷകർക്ക് വിപണി കണ്ടെത്താൻ പുതുവഴി
Mail This Article
അബുദാബി ∙ 2025ഓടെ സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യുമെന്ന് യുഎഇ പ്രഖ്യാപിച്ചു. പാരീസിൽ ഇന്നലെ നടന്ന സ്കൂൾ മീൽസ് കൂട്ടായ്മയുടെ പ്രഥമ ആഗോള ഉച്ചകോടിയിൽ യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽ മെഹൈരിയാണ് പ്രഖ്യാപിച്ചത്. വിദ്യാർഥികൾക്ക് നല്ല പോഷകാഹാരം ലഭിച്ചില്ലെങ്കിൽ നല്ല രീതിയിൽ വിജ്ഞാന സമ്പാദനത്തിനു സാധിക്കില്ലെന്നും മന്ത്രി സൂചിപ്പിച്ചു.
സൗജന്യ ഭക്ഷണത്തിനുള്ള 70% ഭക്ഷ്യവസ്തുക്കൾ പ്രാദേശികമായി കണ്ടെത്തും. 30% മാത്രമാണ് ഇറക്കുമതി ചെയ്യുക. പദ്ധതിയിലൂടെ നിരവധി ആളുകൾക്ക് ജോലിയും ലഭ്യമാക്കും. സ്കൂൾ പരിസരത്തുള്ള താഴ്ന്ന വരുമാനക്കാരെയാണ് ഇതിനായി റിക്രൂട്ട് ചെയ്യുക. കർഷകർക്കും പുതിയ വിപണി കണ്ടെത്താനും ഇതുവഴി സാധിക്കും.
യുഎഇ സ്കൂൾ മീൽസ് ഇനിഷ്യേറ്റീവ് പദ്ധതി 2 ഘട്ടമായി നടപ്പാക്കും. ആദ്യ ഘട്ടത്തിന് അടുത്ത അധ്യയന വർഷത്തിൽ തുടക്കം കുറിക്കും. 2024–2025ഓടെ രണ്ടാം ഘട്ടവും പൂർത്തിയാക്കും. ഒരു കുട്ടിയുടെ ജീവിതത്തിലെ ആദ്യത്തെ 1000 ദിവസങ്ങൾ നിർണായകമാണെന്നും ഈ സമയത്ത് ആവശ്യമായ പോഷകാഹാരങ്ങൾ നൽകിയാൽ ആരോഗ്യം ഉറപ്പാക്കാനാകുമെന്നും മന്ത്രി മറിയം പറഞ്ഞു.
ഈജിപ്ത്, ഇറാഖ്, ലക്സംബർഗ് തുടങ്ങിയ രാജ്യങ്ങളും വിദ്യാർഥികൾക്ക് സൗജന്യ ഭക്ഷണം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യുഎൻ ഫുഡ് സിസ്റ്റംസ് ഉച്ചകോടിയിൽ 2021ൽ ആരംഭിച്ച കൂട്ടായ്മയിൽ നിലവിൽ 70ലധികം രാജ്യങ്ങളും യുഎൻ ഏജൻസികൾ, സിവിൽ സൊസൈറ്റി, സ്വകാര്യ മേഖല തുടങ്ങിയവ അടക്കം 75 പങ്കാളികളും ഉൾപ്പെടുന്നു. പദ്ധതിയിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി ലോകത്ത് കുട്ടികൾക്ക് സ്കൂളിൽ ആരോഗ്യകരമായ ഭക്ഷണം ലഭിക്കുമെന്ന് ഉറപ്പാക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.