ആയുഷ് പ്രദർശനവും രാജ്യാന്തര സമ്മേളനവും ജനുവരി 13 മുതൽ
Mail This Article
ദുബായ്∙ രണ്ടാമത് രാജ്യാന്തര ആയുഷ് സമ്മേളനവും പ്രദർശനവും ജനുവരി 13 മുതൽ 15 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കും. ആയുഷ് മന്ത്രാലയം, ദുബായ് ഇന്ത്യൻ കോൺസുലേറ്റ് എന്നിവയുടെ സഹകരണത്തോടെ സയൻസ് ഇന്ത്യ ഫോറം ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
വിട്ടുമാറാത്ത രോഗങ്ങൾക്ക് ആയുഷിലൂടെ പ്രതിരോധം എന്നതാണ് ഇത്തവണത്തെ പ്രമേയം. 35 രാജ്യങ്ങളിൽ നിന്നുള്ള 1200ലേറെ പ്രതിനിധികൾ പങ്കെടുക്കും. ആയുർവേദം, യുനാനി, ഹോമിയോപ്പതി, പ്രകൃതിചികിത്സ തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ 74 പ്രത്യേക പ്രഭാഷണങ്ങൾ ഉണ്ടാകുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. ഇന്ത്യ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരും പങ്കെടുക്കും.
ആരോഗ്യ ടൂറിസം മേഖലകളിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ശക്തമാക്കാനും ഗവേഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലുള്ള സഹകരണത്തിനും സമ്മേളനം കാരണമാകുമെന്നാണ് പ്രതീക്ഷ. പ്രവേശനം സൗജന്യം. വേൾഡ് ആയുർവേദ ഫൗണ്ടേഷൻ, ഗ്ലോബൽ ഹോമിയോപ്പതിക് ഫൗണ്ടേഷൻ, എമിറേറ്റ്‌സ് ആയുർവേദ ഗ്രാജ്വേറ്റ്സ് അസോസിയേഷൻ എന്നിവ കൂടാതെ യുഎസ്, ഓസ്‌ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഒട്ടേറെ ആയുഷ് സംഘടനകളും സയൻസ് ഇന്ത്യ ഫോറവുമായി സഹകരിക്കുന്നുണ്ട്.
ഫോറം രക്ഷാധികാരിയും വ്യവസായിയുമായ സിദ്ധാർഥ് ബാലചന്ദ്രൻ, ദുബായ് യൂണിവേഴ്‌സിറ്റി പ്രസിഡന്റും സിഇഒയുമായ ഡോ. ഈസ ബസ്തകി, വിജ്ഞാൻ ഭാരതി ദേശീയ സെക്രട്ടറി പ്രവീൺ രാംദാസ്, സയൻസ് ഇന്ത്യ ഫോറം പ്രസിഡന്റ് ഡോ. സതീഷ് കൃഷ്ണൻ, ആയുഷ് സംഘാടക സമിതി ഉപാധ്യക്ഷ ഡോ. ശ്രീലേഖ വിനോദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.